മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച ജോജു ഇന്ന് സ്വപ്രയത്നത്തിലൂടെ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തിരക്കേറിയ താരമാണ്.
ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോര്‍ജ് തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.
തന്റെ സിനിമയെതനിക്ക് നന്നായിട്ടറിയാമെന്നും എന്നാല്‍ ജനങ്ങളിലേക്ക് ആ ചിത്രം എങ്ങനെ റിഫ്ളക്റ്റ് ചെയ്യുമെന്നറിയില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രം കണ്ട് പ്രേക്ഷകര്‍ മോശമാണെന്ന് പറഞ്ഞാലും നല്ലതാണെന്ന് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ആളുകള്‍ അതിനെ എങ്ങനെ കാണുമെന്നുള്ള ഭയം ഉണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രസ് മീറ്റില്‍ പ്രതികരിക്കുകയാണ് ജോജു ജോര്‍ജ്.
‘ഞാന്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കളര്‍ ഓഷ്യന്‍ ഗ്രീന്‍ അല്ലേ. എനിക്കും അത് ആ കളര്‍ ആയിട്ട് തന്നെയാണ് തോന്നുന്നത്. വേറൊരാള്‍ വന്നിട്ട് ഇത് ആ കളറിലുള്ള ഷര്‍ട്ടല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതില്ല. എനിക്കറിയാം ഇത് ഏത് കളര്‍ ആണെന്ന് പിന്നെ അവര്‍ പറയുകയാണെങ്കില്‍ പറഞ്ഞോട്ടെ എന്നുള്ളതാണ്.
ഇതിന്റെ മറ്റൊരു അര്‍ഥം എന്താണെന്ന് വെച്ചാല്‍ ഈ സിനിമ എന്താണെന്നത് എനിക്കറിയാം. എനിക്കറിയാം ഈ സിനിമ എന്താണ് എങ്ങനെയൊക്കെയാണ് എന്നൊക്കെ. പക്ഷെ ഇതിന്റെ ഏത് റിഫ്‌ലക്ഷനിലാണ് ജനങ്ങള്‍ എടുക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. ഇനി അവര്‍ അതിനെ മോശമാണെന്ന് പറഞ്ഞാലും നല്ലതാണെന്ന് പറഞ്ഞാലും എന്നെ പൊക്കി പറഞ്ഞാലും എന്നെ തളര്‍ത്തി പറഞ്ഞാലും എന്നെ ബാധിക്കില്ല,’ ജോജു ജോര്‍ജ് പറയുന്നു.