| Saturday, 28th January 2023, 4:05 pm

ഇരട്ട വേഷത്തില്‍ അഭിനയിച്ച് ഞെട്ടിക്കാന്‍ ജോജു; ഇരട്ട റിലീസ് തീയതി പ്രഖ്യാപിച്ചു

അന്ന കീർത്തി ജോർജ്

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ‘ഇരട്ട’യുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 3ന് തിയ്യേറ്ററുകളില്‍ എത്തും. നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ട നിര്‍മിക്കുന്നത്. നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍.

ജോജു ജോര്‍ജ്, ബെനഡിക് ഷൈന്‍ എന്നിവര്‍ ആലപിച്ച ‘എന്തിനാടി പൂങ്കൊടിയെ’ എന്ന ഇരട്ടയുടെ പ്രൊമോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മണികണ്ഠന്‍ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ജേക്ക്സ് ബിജോയാണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്.
ഈ പാട്ടിനും നേരത്തെയിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോര്‍ജ് ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകളും ട്വിസ്റ്റുകളും ചേര്‍ന്ന പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങള്‍. തെന്നിന്ത്യന്‍ താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്, സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, പി.ആ.ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Joju George starring Iratta will be released on Feb 3

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more