|

ക്ലാസിലെ എല്ലാവര്‍ക്കും കമ്പനിയാകാന്‍ തോന്നുന്ന സ്റ്റുഡന്റിനെപ്പോലെയാണ് ആ നടന്‍: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു. ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ജോജുവിന് സാധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും കൈകോര്‍ക്കുന്ന തഗ് ലൈഫിലും സൂര്യ- കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ സൂര്യ 44ലും ജോജു ഭാഗമാണ്. സൂര്യ 44ല്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജോജു. കാര്‍ത്തിക് സുബ്ബരാജിനൊപ്പം രണ്ടാമത്തെ തവണയാണ് വര്‍ക്ക് ചെയ്യുന്നതെന്നും സൂര്യയോടൊപ്പമുള്ള ഷൂട്ട് രസകരമായിരുന്നെന്നും ജോജു പറഞ്ഞു.

ക്ലാസില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള, നന്നായി പഠിക്കുന്ന, എല്ലാവരോടും കമ്പനിയുള്ള പയ്യനെപ്പോലെയാണ് സൂര്യ എന്നാണ് തനിക്ക് തോന്നിയതെന്നും പരിചയപ്പെട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടം തോന്നിയ ചുരുക്കം നടന്മാരില്‍ ഒരാളാണ് സൂര്യയെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ താന്‍ സൂര്യയോടൊപ്പം കട്ടക്ക് നിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയില്ലെന്നും ജോജു പറഞ്ഞു. പുതിയ ചിത്രമായ പണിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ജോജു ഇക്കാര്യം പറഞ്ഞത്.

‘സൂര്യ 44ന്റെ ഷൂട്ട് കഴിഞ്ഞു. കാര്‍ത്തിക്കിന്റെ കൂടെ രണ്ടാമത്തെ തവണയാണ് വര്‍ക്ക് ചെയ്യുന്നത്. സൂര്യയോടൊപ്പം ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. പരിചയപ്പെട്ടപ്പോള്‍ തന്നെ വല്ലാതെ ഇഷ്ടം തോന്നിയ നടന്മാരില്‍ ഒരാളാണ് സൂര്യ. അയാളെപ്പറ്റി പറയുകയാണെങ്കില്‍ നമ്മുടെയൊക്കെ ക്ലാസില്‍ നന്നായി പഠിക്കുന്ന, സുന്ദരനായ, കണ്ടാല്‍ തന്നെ കമ്പനിയായാല്‍ കൊള്ളാമെന്ന് തോന്നുന്ന സ്റ്റുഡന്റുണ്ടാകുമല്ലോ. എല്ലാവര്‍ക്കും അങ്ങനെയുള്ള ഒരാളോട് ഇഷ്ടമുണ്ടാകും.

അതുപോലൊരു മച്ചാനാണ് സൂര്യ. നല്ല രസമാണ് പുള്ളിയോട് കമ്പനിയാവാന്‍. ആ പടത്തില്‍ സൂര്യയുടെ കൂടെ കട്ടക്ക് നിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ അത് സ്‌പോയിലറാകും. നല്ല രസമുള്ള ഷൂട്ടായിരുന്നു ആ പടത്തിന്റേത്. അടുത്ത വര്‍ഷം റിലീസുണ്ടാകുമെന്ന് തന്നെയാണ് വിചാരിക്കുന്നത്,’ ജോജു ജോര്‍ജ് പറഞ്ഞു.

Content Highlight: Joju George shares the shooting experience with Suriya in Karthik Subbaraj’s movie