കൊച്ചി: പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയില്ലെങ്കില്‍ നമ്മള്‍ വിവരമറിയുമെന്ന് നടന്‍ ജോജു ജോര്‍ജ്. പ്രകൃതിയെ നശിപ്പിക്കുന്ന ഒന്നും താനിനി ചെയ്യില്ല. ഇക്കാര്യം മറ്റുള്ളവരോട് പറയണമെങ്കില്‍ താനാദ്യം പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിലമ്പൂരില്‍ ഉരുള്‍പൊട്ടലുണ്ടായ പോത്തുകല്ല് സന്ദര്‍ശിച്ചതിന് ശേഷം മാറ്റമുണ്ടാവണമെന്ന് തീരുമാനിച്ചുവെന്നും ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് ഫേസ്ബുക്കിലിട്ടപ്പോള്‍ ഇരുനൂറോളം പേര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ഇടുകയും അതിന്റെ രേഖ തനിക്ക് അയച്ച് തന്നെന്നും ജോജു ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ തവണ പ്രളയ കാലത്ത് ജോജു ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ബംഗളൂരുവില്‍ കുടുങ്ങിപ്പോയ ജോജു കേരളത്തിലെത്തിയ ഉടന്‍ തന്നെ ടൊവീനോയ്‌ക്കൊപ്പം നിലമ്പൂരിലേക്ക് സഹായങ്ങളുമായി എത്തിയിരുന്നു.