| Friday, 15th November 2024, 10:18 pm

ഗുരുസ്ഥാനത്ത് കാണുന്നയാള്‍; അദ്ദേഹമാണ് എന്നെ സംവിധായകനാക്കിയത്: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് താനൊരു മികച്ച നടന്‍ ആണെന്ന് തെളിയിച്ച താരമാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന ജോജു തന്റെ കഠിനപ്രയത്നത്തിലൂടെ ഇന്ന് അന്യഭാഷയില്‍ അടക്കം തിരക്കുള്ള നടനായി മാറിയിട്ടുണ്ട്.

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘പണി’. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

താന്‍ സംവിധായകനാകാന്‍ കാരണം ഛായാഗ്രാഹകന്‍ വേണു ആണെന്ന് പറയുകയാണ് ജോജു ജോര്‍ജ്. പണി സിനിമയുടെ ഐഡിയ തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് വേണുവിനോടാണെന്നും അദ്ദേഹമാണ് അടുത്ത സൗഹൃദമാണുള്ളതെന്നും ജോജു പറയുന്നു. വേണുവുമായിട്ടുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ അദ്ദേഹമാണ് ഈ ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

വേണു പറഞ്ഞ വാക്കിന്റെ പുറത്താണ് പണി സിനിമ ഉണ്ടായതെന്നും താന്‍ ഗുരുസ്ഥാനത്ത് കാണുന്നയാളാണ് വേണുവെന്നും ജോജു പറഞ്ഞു. നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘പണി എന്ന സിനിമയുടെ ഐഡിയ എനിക്ക് ഒറ്റക്ക് തോന്നിയതാണ്. ഒരു കൊമേര്‍ഷ്യല്‍ സിനിമ ചെയ്യണം എന്ന ലൈനില്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇതിന്റെ കഥ വന്നപ്പോള്‍ ഞാന്‍ ആദ്യം പറയുന്നത് ക്യാമറമാന്‍ വേണു സാറിന്റെ അടുത്താണ്. എനിക്ക് നല്ല സൗഹൃദമാണ് വേണു സാറുമായിട്ടുള്ളത്.

സാറിന്റെ അടുത്ത് ഞാന്‍ കഥ പറഞ്ഞു. സാര്‍ ഇങ്ങനെ ഒരു സംഭവമുണ്ട്, നമ്മുക്കിത് ചെയ്താലോ, ഇത് രസമുണ്ടെന്ന് തോന്നുന്നു എന്ന്. ഞാന്‍ എന്റെ കഥയെത്തന്നെ കണ്ടിട്ടുള്ളത് പുറത്തുനിന്നിട്ടുള്ള ആളായിട്ടാണ്. പക്ഷെ വേണു സാറുമായിട്ടുള്ള ചര്‍ച്ചകള്‍ കൂടി കൂടി വന്നപ്പോള്‍ സാര്‍ എന്റെയടുത്ത് പറഞ്ഞു ഇത് നിങ്ങള്‍ സംവിധാനം ചെയെന്ന്.

ഒരു പക്ഷെ സാര്‍ പറഞ്ഞ ആ ഒറ്റ വാക്കിന്റെ പുറത്താണ് ഈ സിനിമയുണ്ടായത് എന്ന് വേണമെങ്കില്‍ പറയാം. സാറാണ് എന്നെ സംവിധായകനാക്കിയത്. നൂറു ശതമാനവും എന്റെ ഗുരുസ്ഥാനത്ത് ഞാന്‍ കാണുന്നയാള്‍ അദ്ദേഹമാണ്,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George Says Cinematographer Venu Made Him As A Film Director

We use cookies to give you the best possible experience. Learn more