20 വര്‍ഷത്തോളമായി മലയാളസിനിമയിലുള്ള ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് പണി. ഒരു വര്‍ഷത്തോളം അഭിനയത്തില്‍ വിട്ടുനിന്നിട്ടാണ് ജോജു പണിയുടെ സംവിധാനം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി നിന്ന സമയം മുതല്‍ക്കേ സംവിധാനം എന്ന സ്വപ്‌നം തന്റെ ഉള്ളിലുണ്ടായിരുന്നെന്ന് പറയുകയാണ് ജോജു ജോര്‍ജ്.
ജോസഫിന് മുമ്പ് തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് താന്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ നായകനായ ശേഷം ആ ചിന്ത തത്കാലത്തേക്ക് മാറ്റിവെച്ചെന്നും ജോജു പറഞ്ഞു. പണിയുടെ കഥ മനസില്‍ വന്നപ്പോള്‍ അതൊരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലാക്കിയെന്നും ആദ്യം അത് കേള്‍പ്പിച്ചത് ക്യാമറാമാന്‍ വേണുവിനെയായിരുന്നെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അത് സംവിധാനം ചെയ്യണമെന്ന ചിന്തയൊന്നും ഇല്ലായിരുന്നെന്നും വേണുവാണ് തന്നോട് സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ജോജു പറഞ്ഞു.
അപ്പോള്‍ തനിക്ക് കുറച്ച് ആത്മവിശ്വാസം കിട്ടിയെന്നും സംവിധായകന്‍ ജോഷിയോട് ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹവും പ്രോത്സാഹിപ്പിച്ചെന്നും ജോജു കൂട്ടിച്ചേര്‍ത്തു. സംവിധാനം ചെയ്യുന്നതിന്റെ റിസ്‌ക് അറിയാവുന്നതുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നെന്നും ഈ സിനിമക്ക് വേണ്ടി എല്ലാം മാറ്റിവെച്ചെന്നും ജോജു പറഞ്ഞു. പണിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ജോജു ഇക്കാര്യം പറഞ്ഞത്.
‘അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമാജീവിതം തുടങ്ങിയത്. അന്നുതൊട്ടേ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അഭിനയത്തില്‍ അത്യാവശ്യം പച്ചപിടിച്ച് നിന്ന സമയത്ത് സംവിധാനം ചെയ്യാന്‍ ആലോചിച്ചതായിരുന്നു. അപ്പോഴാണ് ജോസഫ് എന്ന സിനിമയില്‍ നായകനാകാന്‍ വിളിക്കുന്നത്. അപ്പോള്‍ സംവിധാനം എന്ന മോഹം തത്കാലത്തേക്ക് മാറ്റിവെച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ഈ സിനിമയുടെ കഥ മനസില്‍ വരുന്നത്. അതിനെ ഒരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലാക്കിയിട്ട് ഞാന്‍ വേണു സാറിനെ കേള്‍പ്പിച്ചു. അപ്പോഴൊന്നും ആ കഥ സംവിധാനം ചെയ്യണമെന്നുള്ള ചിന്ത ഉണ്ടായിരുന്നില്ല. വേണു ചേട്ടനെക്കൊണ്ട് ഡയറക്ട് ചെയ്യിക്കാമെന്ന വിചാരമായിരുന്നു. അത് വായിച്ചതിന് ശേഷം പുള്ളിയാണ് പറഞ്ഞത് ‘ഇത് നീ ചെയ്താലേ നന്നാകുള്ളൂ എന്ന്’ അപ്പോള്‍ ചെറിയൊരു കോണ്‍ഫിഡന്‍സ് കിട്ടി.
ഫുള്‍ സ്‌ക്രിപ്റ്റ് റെഡിയായ ശേഷം ജോഷി സാറിനെയും കേള്‍പ്പിച്ചു. അദ്ദേഹത്തിനും ഇഷ്ടമായെന്ന് അറിഞ്ഞപ്പോള്‍ സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിട്ടാണ് ഈ പടം കംപ്ലീറ്റ് ചെയ്തത്. വേറൊരു പ്രൊജക്ടും ഇതിനിടയില്‍ ഞാന്‍ ചെയ്തില്ല. പണി കംപ്ലീറ്റായതിന് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് ഇറങ്ങിയത്,’ ജോജു പറഞ്ഞു.
Content Highlight: Joju George says cinematographer Venu gave him confidence for Pani movie direction