| Monday, 28th October 2024, 1:39 pm

ആ നടിയൊരു അത്ഭുതം തന്നെയാണ്; എല്ലാവര്‍ക്കും അവര്‍ വലിയൊരു പ്രചോദനം: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച സിനിമയാണ് ‘പണി’. ചിത്രത്തില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയാണ്. പണിയില്‍ നായികയായി എത്തിയത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയായിരുന്നു.

പണിയിലെ ഗൗരിയെന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് നടി അഭിനയിച്ച് ഫലിപ്പിച്ചത്. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. കുട്രം 23, മാര്‍ക്ക് ആന്റണി, എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് നടി ശ്രദ്ധേയയായത്.

പണിയിലേക്ക് അഭിനയയെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് ജോജു ജോര്‍ജ്. നായികയാകാന്‍ താന്‍ പലരെയും സമീപിച്ചിരുന്നെന്നും അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്ന് മനസിലാക്കിയാണ് അവരെ സമീപിച്ചതെന്നും നടന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘പണിയിലെ നായികയാകാന്‍ പലരെയും ഞങ്ങള്‍ സമീപിച്ചിരുന്നു. അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസിലാക്കിയാണ് അവരെ ഞങ്ങള്‍ സമീപിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിയുമില്ലാത്ത ആളാണ് അവര്‍.

ക്യാമറയ്ക്ക് മുന്നില്‍ അഭിനയ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ശരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊര് പ്രചോദനം തന്നെയാണ്. ഞങ്ങളുടെ ടീം നല്‍കുന്ന സിഗ്നല്‍ പിടിച്ചെടുത്താണ് അവര്‍ അഭിനയിച്ചത്,’ ജോജു ജോര്‍ജ് പറയുന്നു.

ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായാണ് പണി തിയേറ്ററില്‍ എത്തിയത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറയുന്നത്. പണിയില്‍ സാഗര്‍ സൂര്യയും ജുനൈസ് വി.പിയുമാണ് നായകന് പണി കൊടുക്കുന്ന വില്ലന്മാരായി എത്തിയത്.

Content Highlight: Joju George Says Abhinaya Is A Great Inspiration To All

Latest Stories

We use cookies to give you the best possible experience. Learn more