| Friday, 1st November 2024, 7:30 pm

എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്; എനിക്ക് ഒരെണ്ണം തന്നാലോയെന്ന് ചിന്തിക്കുന്നവരുണ്ട്: ജോജു ജോര്‍ജ് 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ ഇഷ്ടമില്ലാത്ത ഒരുപാട് ആളുകളുണ്ടെന്നും തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും പറയുകയാണ് നടന്‍ ജോജു ജോര്‍ജ്. ഒരു കാര്യവുമില്ലാതെ തന്നെ ഇഷ്ടപ്പെടാത്ത ആളുകളുണ്ടെന്നും ജോജു പറയുന്നു. ചിലര്‍ക്ക് തനിക്ക് ഒരെണ്ണം തന്നാലോയെന്ന് തോന്നുന്നുണ്ടെന്നും പിന്നെ പേടിച്ചിട്ടാണ് തന്റെയടുത്ത് വരാത്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പണി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്. ശത്രുതാ മനോഭാവത്തോടെ തന്നോട് പെരുമാറുന്നവരുണ്ടെന്ന് പറയുന്ന നടന്‍ തനിക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു.

‘എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് ആളുകളുണ്ട്. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. ഒരു കാര്യവും ഇല്ലാതെ എന്നെ ഇഷ്ടപ്പെടാത്ത ആളുകളുണ്ട്. ചിലപ്പോള്‍ ചില ആളുകളെ കാണുമ്പോള്‍ വെറുതെ അവന് ഒരൊറ്റ അടിയങ്ങ് കൊടുത്താലോയെന്ന് തോന്നില്ലേ.

അതുപോലെ ചിലര്‍ക്ക് എനിക്ക് ഒരെണ്ണം തന്നാലോയെന്ന് തോന്നുന്നുണ്ട്. പിന്നെ പേടിച്ചിട്ടാണ് വരാത്തത് (ചിരി). എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്. അത് എനിക്ക് അറിയുന്ന കാര്യമാണ്. ശത്രുതാ മനോഭാവത്തോടെ എന്നോട് പെരുമാറുന്ന ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരെ പോലെ തന്നെ എന്നെ ഇഷ്ടമുള്ള ആളുകളുമുണ്ട്. എനിക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.

ഞാന്‍ ഇങ്ങനെ പോയി കൊണ്ടിരിക്കുക എന്നല്ലാതെ ആര്‍ക്കും ഉപദ്രവം ചെയ്യാറില്ല. എന്റെ കാര്യം നോക്കി സിനിമയൊക്കെ എന്‍ജോയ് ചെയ്ത്, സുഹൃത്തുകളോടൊപ്പം കമ്പനിയടിച്ച് പോവുകയെന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒരു ഉദ്ദേശമൊന്നുമില്ല,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George Said That There Are Many People Who Do Not Like Him

We use cookies to give you the best possible experience. Learn more