Kerala News
വണ്ടി തല്ലിപ്പൊളിച്ചു, മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചു; മദ്യപിക്കുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല: ജോജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 01, 07:56 am
Monday, 1st November 2021, 1:26 pm

കൊച്ചി: തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത പരിപാടിയല്ലെന്ന് നടന്‍ ജോജു ജോര്‍ജ്. സഹികെട്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.

”എന്റെ വണ്ടിയുടെ അപ്പുറത്ത് ഉണ്ടായിരുന്നത് കീമോയ്ക്ക് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയായിരുന്നു. കേരളത്തില്‍ ഹൈക്കോടതി വിധി പ്രകാരം റോഡ് പൂര്‍ണമായും ഉപരോധിക്കാന്‍ പാടില്ല എന്നാണ് അങ്ങനെ ഒരു നിയമം നില്‍ക്കുന്ന നാടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടോ, കേരളത്തില്‍ മൊത്തമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അല്ല ഞാന്‍ പറഞ്ഞത്.ഇത് പോക്രിത്തരമാണെന്നാണ് പറഞ്ഞത്,” ജോജു പറഞ്ഞു.

തനിക്കെതിരെ മദ്യപിച്ചെന്നു പറഞ്ഞാണ് പരാതി കൊടുത്തതെന്നും താന്‍ മദ്യപിച്ചിരുന്ന ഒരാളാണെന്നും എന്നാല്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു.

തന്റെ വണ്ടി തല്ലിപ്പൊളിച്ചെന്നും മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ തന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് വേണമെങ്കില്‍ തന്നെ തെറിവിളിക്കുകയോ ഇടിക്കുകയോ ചെയ്യാമെന്നും എന്തിനാണ് തന്റെ അപ്പനേയും അമ്മയേയും തെറിവിളിക്കുന്നതെന്നും ജോജു ചോദിച്ചു.

അവര് ചെയ്തത് ശരിയല്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ സഹികെട്ടതുകൊണ്ടാണ് പോയിപ്പറഞ്ഞതെന്നും സിനിമാ നടനായതുകൊണ്ട് പറയാന്‍ പാടില്ലാ എന്നുണ്ടോയെന്നും ജോജു ചോദിച്ചു.

ഈ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരിക്കരുതെന്നും ഒരു ചാനലുകാരും തന്നെ വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കിത് ഒരു ഷോയല്ലെന്നും ഷോ കാണിക്കാനാണ് താന്‍ സിനിമാ നടനായതെന്നും അതിനപ്പുറം ഒരു ഷോയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയക്കാരോട് എതിര്‍പ്പ് കാണിക്കാനില്ലെന്നും തന്നെ സ്വസ്ഥമായി വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇത് റോഡ് ഉപരോധിച്ച് പ്രശ്‌നം ഉണ്ടാക്കിയവരോട് താന്‍ കാണിച്ച പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം അംഗീകരിക്കാത്തവര്‍ക്ക് അങ്ങനെ ചെയ്യാം കേസ് കൊടുക്കണമെങ്കില്‍ കൊടുക്കാം തനിക്ക് ഒരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടം വരെ എത്താമെങ്കില്‍ ജീവിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Joju George’s Response, Congress Strike