| Monday, 6th November 2023, 12:48 pm

തങ്കനേയും വിനോദിനേയും വിന്‍സെന്റിനേയും സൂക്ഷ്മതലത്തില്‍ തരംതിരിക്കുന്ന ജോജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വയനാട്ടിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന മലയോര ഗ്രാമത്തിലെ വിന്‍സെന്റ് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രമാണ് പുലിമട. എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജാണ് വിന്‍സെന്റ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാനസികാസ്വാസ്ഥ്യം നേരിടുന്ന അമ്മ വിന്‍സെന്റിന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. മലയോരത്ത് ഒറ്റപ്പെട്ട് വളരുന്ന വിന്‍സെന്റിന്റെ മനസിനേയും അമ്മയുടെ നഷ്ടവും ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളും ബാധിക്കുന്നുണ്ട്. 40 വയസായിട്ടും അയാള്‍ക്ക് വിവാഹതനാവാന്‍ സാധിക്കുന്നില്ല. ഒടുവില്‍ വിന്‍സെന്റിന് ഒരു കല്യാണം ഉറപ്പിക്കുന്നു. കല്യാണ ദിവസം അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പുലിമട സഞ്ചരിക്കുന്നത്.

ജോജു എന്ന പെര്‍ഫോമറാണ് പുലിമടയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആ പ്രകടനം സിനിമയെ ആകെ തന്നെ സ്വന്തം തോളിലേറ്റുന്നുണ്ട്. ഒറ്റപ്പെടലും ബന്ധുക്കള്‍ കൂടുമ്പോഴുള്ള സന്തോഷവുമെല്ലാം ജോജു പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിപുറങ്ങളിലുള്ള ഒരു ചെറുപ്പക്കാരനല്ലേ ഇത് എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാവാം. അത്രയും സ്വാഭാവികത ജോജുവിന്റെ പ്രകടനത്തില്‍ കാണാം.

കാലങ്ങളായ പാട്രിയാര്‍ക്കല്‍ ചിന്താഗതിയിലാണ് വിന്‍സെന്റ് ജീവിക്കുന്നത്. വീടിനെ പറ്റിയുള്ള അച്ഛന്റെ സങ്കല്‍പങ്ങളെ അതേപടി പിന്തുടരുന്ന, ആ സെന്റിമെന്റ്‌സില്‍ ഒറ്റപ്പെട്ടിട്ടും സ്വന്തം ഭൂമി വിട്ടുപോകാന്‍ മനസില്ലാത്ത, പെണ്ണുങ്ങള്‍ വീട്ടിലെ ജോലി ചെയ്ത് വീട്ടിലിരിക്കണം എന്ന ചിന്തിക്കുന്ന വ്യക്തിയാണ് അയാള്‍.

ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന ഘട്ടത്തില്‍ വരുന്ന പ്രതിസന്ധിയില്‍ വിന്‍സെന്റിന്റെ മനസ് താളം തെറ്റി പോകുന്നുണ്ട്. അവിടെ മുമ്പെങ്ങും കാണാത്ത രീതിയില്‍ വിന്‍സെന്റ് എന്ന കഥാപാത്രത്തിന്റെ രോഷാകുലമായ പ്രതികരണം ജോജു തന്റെ പ്രകടനത്തിലൂടെ പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ അത് ചുരുളിയിലെ തങ്കനില്‍ നിന്നും ഇരട്ടയിലെ വിനോദില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ്. കഥാപാത്രത്തിനനുസരിച്ച് സൂക്ഷ്മ ഭാവങ്ങളില്‍ പോലും വ്യത്യസ്തത വരുത്തുന്ന അതുല്യ നടനാണ് ജോജു.

പുലിമട എന്ന ചിത്രത്തെ ജോജുവിന്റെ പ്രകടനം മുന്നില്‍ നിന്നും നയിക്കുന്നുണ്ട്. തുടക്കത്തിലെ സന്തോഷത്തില്‍ നിന്നും പിന്നീട് നിരാശയിലേക്കും ഭയത്തിലേക്കും കുറ്റബോധത്തിലേക്കും സഞ്ചരിക്കുന്ന വിന്‍സെന്റ് ജോജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

Content Highlight: Joju George’s performance in pulimada movie

We use cookies to give you the best possible experience. Learn more