| Tuesday, 25th June 2024, 1:52 pm

പണിയൊരുങ്ങി; വരുന്നത് ഗൗരിയുടെ പ്രണയവും ഗിരിയുടെ മാസും; വൈറലായി ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘പണി’ സിനിമ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതല്‍ വരുന്ന അപ്‌ഡേഷനുകള്‍ സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടാറുണ്ട്. ഇപ്പോള്‍ ഇതാ ‘പണി’യിലെ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോര്‍ജിന്റെയും നായികയായ ഗൗരിയായി എത്തുന്ന അഭിനയയുടെയുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത്.

തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്ര പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അവ. ഇതിലൂടെ ഗിരിയും ഗൗരിയും തമ്മിലുള്ള ആഗാധ ബന്ധത്തിന്റെ ആഴവും ഇരുവരിലുമുള്ള പ്രണയവുമാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

ജോജു ജോര്‍ജിന്റെ ജോസഫിലെയും പൊറിഞ്ചു മറിയം ജോസിലേയും മധുരത്തിലേയുമൊക്കെ പ്രണയ കോമ്പോകള്‍ ആളുകള്‍ ഇന്നും മറക്കാതെ നെഞ്ചിലേറ്റുന്നവയാണ്. അക്കൂട്ടത്തിലേക്കാണ് ഗൗരിയും ഗിരിയുമെന്ന പണിയിലെ ഈ കോമ്പോയും വരുന്നത്. മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു. ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം.

Content Highlight: Joju George’s Pani Movie Stills Out

Latest Stories

We use cookies to give you the best possible experience. Learn more