| Thursday, 24th October 2024, 2:29 pm

Personal Opinion| ജോജുവിന് 'പണി'യറിയാം

വി. ജസ്‌ന

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച സിനിമയാണ് ‘പണി’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായാണ് പണി തിയേറ്ററില്‍ എത്തിയത്. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്. 28 വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ആയിരുന്നു ആദ്ദേഹം ആദ്യമായി സംവിധായകന്റെ വേഷം അണിഞ്ഞത്.

താന്‍ കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ കഥയാണ് ഇതെന്ന് ജോജു മുമ്പ് പറഞ്ഞിരുന്നു. നായകനായ ഗിരിയെയും അയാള്‍ക്ക് ചുറ്റുമുള്ള ആളുകളെയും കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ ആദ്യ ഭാഗം ഗിരിയുടെയും മറ്റുള്ളവരുടെയും ബന്ധത്തെയാണ് കാണിക്കുന്നത്.

പിന്നീട് അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് രണ്ട് ചെറുപ്പക്കാര്‍ കടന്നുവരുന്നതും അവര്‍ ഗിരിക്കും അയാളുടെ ചുറ്റുമുള്ള ആളുകള്‍ക്കും നല്‍കുന്ന പണിയുമാണ് സിനിമ പറയുന്നത്.

തുടര്‍ച്ചയായി ആ ചെറുപ്പക്കാര്‍ അയാളുടെ പ്രിയപ്പെട്ടവരെ മുറിവേല്‍പ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ അവരെ ഇല്ലാതാക്കാന്‍ ഇറങ്ങി തിരിക്കുകയാണ് ഗിരി. ഒടുവില്‍ എങ്ങനെയാണ് അയാള്‍ തനിക്ക് കിട്ടിയ പണികള്‍ തിരിച്ചു കൊടുക്കുന്നതെന്നാണ് സിനിമ പറയുന്നത്.

പണിയിലെ മികച്ച കാസ്റ്റിങ്:

സിനിമയില്‍ എടുത്തു പറയേണ്ടത് അതിലെ കാസ്റ്റിങ്ങ് തന്നെയായിരുന്നു. ഗിരി എന്ന നായകനായി ജോജു എത്തിയപ്പോള്‍ നായികയായി എത്തിയത് അഭിനയയാണ്. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത അവര്‍ ഗൗരിയെന്ന കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.

ഗിരിയുടെ ജീവിതത്തിലേക്ക് എത്തുന്ന ചെറുപ്പക്കാരുടെ വേഷം ചെയ്തിരിക്കുന്നത് മുന്‍ ബിഗ് ബോസ് താരങ്ങളായ ജുനൈസും സാഗര്‍ സൂര്യയുമായിരുന്നു. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തങ്ങളുടെ വേഷം ഏറ്റവും ശക്തമായി ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

ഡോണ്‍ സെബാസ്റ്റ്യനും സിജു കെ.ടിയുമായാണ് രണ്ടുപേരും പണിയില്‍ എത്തിയത്. പ്രേക്ഷകര്‍ക്ക് വെറുപ്പും ദേഷ്യവും തോന്നും വിധം ആ കഥാപാത്രങ്ങളെ ഇരുവരും ചെയ്തിട്ടുണ്ട്.

അവര്‍ക്ക് പുറമെ സീമ, ചാന്ദിനി ശ്രീധരന്‍, സുജിത് ശങ്കര്‍, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും അറുപതോളം പുതുമുഖങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. ഇതില്‍ ഓരോ കഥാപാത്രങ്ങളും വളരെ മികച്ചത് തന്നെയായിരുന്നു. സീമയും അഭയയും ചെയ്ത ശക്തമായ കഥാപാത്രങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയായിരുന്നു.

അണിയറയിലെ മികച്ച താരങ്ങള്‍:

തൃശൂരില്‍ തനിക്ക് പരിചിതമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് ജോജു പണിയുടെ കഥ പറഞ്ഞത്. മികച്ച ലോക്കേഷനുകള്‍ ഈ സിനിമയുടെ ഒരു പ്രത്യേകത തന്നെയായിരുന്നു. ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് വേണുവും ജിന്റോ ജോര്‍ജുമാണ്.

സിനിമയില്‍ മ്യൂസിക്കിനും ബി.ജി.എമ്മിനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. മികച്ച രീതിയില്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കാന്‍ വിഷ്ണു വിജയും സാം സി.എസും ശ്രമിച്ചിട്ടുണ്ട്. മുഹ്‌സിന്‍ പരാരിയുമായിരുന്നു പണിയിലെ എല്ലാ ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയത്.

അഞ്ച് ഭാഷകളിലായി റിലീസിന് എത്തിയ ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Joju George’s Pani Movie Personal Opinion

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more