| Wednesday, 8th February 2023, 6:10 pm

ആവര്‍ത്തിക്കപ്പെടാതെ, അതിശയിപ്പിക്കുന്ന ജോജുവിന്റെ പൊലീസുകാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജിന്റെ വിക്കിപീഡിയ പേജ് എടുത്തുനോക്കിയാല്‍ അവാര്‍ഡ്‌സ് ആന്റ് നോമിനേഷന്‍സ് എന്ന വിഭാഗത്തില്‍ ഏറ്റവും വലത്തേയറ്റത്തെ കോളം നിറയെ പച്ചനിറമാണ്. അതില്‍ എല്ലാം Won എന്ന വാക്കാണ്. നോമിനേറ്റ് ചെയ്യപ്പെട്ട 15 അവാര്‍ഡുകളില്‍ 11 എണ്ണവും ജയിച്ചവനാണ് ജോജു. ഇതില്‍ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുമെല്ലാം ഉണ്ട്.

1995-ല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങുകയും വര്‍ഷങ്ങളോളം ചെറിയ വേഷങ്ങള്‍ ചെയ്യുകയും ഒടുവില്‍ കഷ്ടിച്ച് ഒരു ദശകം മുമ്പ് മാത്രം മുന്‍നിര നായകനായി മാറുകയും ചെയ്ത ഒരാളുടെ അംഗീകാരപ്പട്ടികയാണ് ഇതെന്ന് ഓര്‍ക്കുക.

അഭിനേതാവ് എന്ന് നിലയില്‍ ജോജു നേടിയെടുത്ത ഈ ഉയരം അയാളിലെ പ്രതിഭയെയാണ് അടയാളപ്പെടുത്തുന്നത്. ഒരുപക്ഷെ, ജോജുവിന്റെ സമകാലികരില്‍ ആര്‍ക്കും അവകാശപ്പെടാനാകാത്ത ഒന്ന്. വാണിജ്യവിജയങ്ങളേക്കാള്‍ ജോജുവിലെ അഭിനേതാവ് അംഗീകരിക്കപ്പെടുന്നത് ഇത്തരം പുരസ്‌കാരങ്ങളിലൂടെയാണ്.

തന്റെ സിനിമകള്‍ തിയേറ്ററുകളില്‍ മികച്ച വിജയം കൊയ്യണം തീര്‍ച്ചയായും അയാളും ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അതിനുമപ്പുറം തന്നിലെ അഭിനേതാവ് സ്വന്തം കയ്യൊപ്പിടണം എന്നതായിരിക്കാം ജോജുവിന്റെ ആത്യന്തിക ലക്ഷ്യം. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്യുന്നു. ആ കയ്യൊപ്പിനായി അയാള്‍ നടത്തുന്ന ആത്മാര്‍പ്പണത്തിന്റെ ഫലം കൂടിയാണത്.

കഥാപാത്രത്തിനുവേണ്ടി പ്രാണനും ആത്മാവും പകുത്തു കൊടുക്കുമ്പോള്‍ ജോജു മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഇരട്ട അതിന്റെ പരകോടിയാണ്. ഒന്നല്ല, ഒരു പോലെയുള്ള, എന്നാല്‍ ഒന്നിനൊന്ന് വ്യത്യസ്തരായ രണ്ട് പേരായിട്ടാണ് ജോജുവിന്റെ പകര്‍ന്നാട്ടം.

ജോജുവിന്റെ ഫിലിമോഗ്രഫി നോക്കിയാല്‍ കൗതുകമുണര്‍ത്തുന്ന മറ്റൊന്നുകൂടിയുണ്ട്. പോലീസ് വേഷങ്ങളാണ് കരിയറില്‍ ജോജുവിനെ തേടിയെത്തിയവയിലധികവും. കമ്മീഷണറും ഡി.ജി.പിയുമൊന്നുമല്ല. നമുക്ക് പരിചിതരായ സാധാരണ പോലീസുകാര്‍. നാട്ടിലെ സ്റ്റേഷനുകളില്‍ നമുക്ക് പരിചിതരായവര്‍.

സുപരിചിതരെന്ന് തോന്നുമെങ്കിലും ജോജുവിന്റെ ഓരോ പോലീസ് വേഷവും വ്യത്യസ്തമാണ്. മിനിമോനെപ്പോലെയല്ല, ജോസഫ്. ജോസഫിനെപ്പോലെയല്ല, മണിയനും സോളമനും. ഇവര്‍ ആരെയും പോലെയല്ല ഇരട്ടയിലെ പ്രമോദ്. എന്തിന്, പ്രമോദിന്റെ ഇരട്ട സഹോദരനായ വിനോദ് പോലും അയാളെപ്പോലെയല്ല. ഓരോന്നും തീര്‍ത്തും വേറിട്ടത്.

ഓരോ പോലീസ് കഥാപാത്രത്തിനും ജോജു നല്‍കുന്ന ശരീരഭാഷ ഓരോന്നാണ്. ജോസഫിന്റെ കണ്ണുതാഴ്ത്തിയുള്ള നോട്ടമല്ല മിനിമോന്റെ ലോക്കപ്പിലേക്കുള്ള നോട്ടം. പ്രാണനും വാരിപ്പിടിച്ചോടുന്ന മണിയന്റെ മുഖത്തുള്ള വികാരങ്ങളല്ല ‘അരഗന്റ്’ എന്ന് തോന്നിപ്പിക്കുന്ന സോളമനുള്ളത്.

പോലീസുകാര്‍ എല്ലാവരും ഒരുപോലെയാണ് എന്നാണ് നമുക്കിടയില്‍ പൊതുവേയുള്ള ചൊല്ല്. പക്ഷെ ജോജുവിന്റെ പോലീസുകാര്‍ക്കെല്ലാം ഓരോ ഐഡന്റിറ്റിയാണ്. സാധാരണക്കാരില്‍ നിന്ന് വളര്‍ന്നുവന്നയാളായതുകൊണ്ടാകാം ജോജുവിന് ഇത്തരം പോലീസുകാരുടെ സാധാരണത്വം എളുപ്പം കൈവരിക്കാനാകുന്നത്.

ഡബിള്‍ റോളുകള്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും അഭിനേതാവിന് സാങ്കേതികതയുടെയും മേക്കപ്പിന്റെയും സഹായത്തോടെ കിട്ടുന്ന ചില ഇളവുകളുണ്ട്. ഇരട്ടയിലെ പ്രമോദും വിനോദും തമ്മിലുള്ള വ്യത്യാസം പ്രകടമായുള്ളത് പല്ലില്‍ മാത്രമാണ്. മറ്റെല്ലാം, മാനറിസങ്ങളിലും ശരീരഭാഷയിലും അങ്ങേയറ്റം വ്യത്യസ്ത പുലര്‍ത്തികൊണ്ടാണ് ജോജു ഇരട്ടയിലെ വേഷങ്ങള്‍ അത്ഭുതപ്പെടുത്തും വിധം അനശ്വരമാക്കിയിരിക്കുന്നത്. സൂക്ഷ്മാംശങ്ങളില്‍ പ്രമോദും വിനോദും എങ്ങനെ വ്യത്യസ്തരാകുന്നു എന്നറിയാന്‍ സിനിമ കാണുക തന്നെ വേണം.

സോളമന്‍റെ തേനീച്ചകളിലെ സോളമന്‍

അധികാരശ്രേണിയുടെ അങ്ങേയറ്റത്തൊന്നുമല്ലാത്ത സാധാരണക്കാരായ പോലീസുകാരുടെ വേഷം തന്നോളം ഭംഗിയായി ചെയ്യാന്‍ ആരുമില്ലെന്ന് ഇരട്ടയിലൂടെ വീണ്ടും ജോജു തെളിയിക്കുന്നു
മടുപ്പിക്കാത്തതുകൊണ്ടാകാം, അല്ലെങ്കില്‍ ആവര്‍ത്തനവിരസത സൃഷ്ടിക്കാത്തത് കൊണ്ടാകാം ജോജുവിനെ തേടി തുടരെ പോലീസ് വേഷങ്ങള്‍ എത്തുന്നത്.

അതിനേക്കാളെല്ലാമുപരി, കഥാപാത്രത്തിന് അയാള്‍ പകരുന്ന മിഴിവും വ്യത്യസ്തതയും മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്തത് തന്നെയായിരിക്കാം പ്രധാന കാരണം. നോട്ടം, നടപ്പിന്റെ രീതി, സംഭാഷണശൈലി, ഇവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ ആത്മാര്‍ഥമായ പരിശ്രമം ആണ് ജോജു നടത്തുന്നത്.

ഇരട്ടയിലെ വിനോദും പ്രമോദും

പൊലീസുകാരുടെ സ്വഭാവം ഏറ്റവും പെട്ടെന്ന് തിരിച്ചറിയാനാകുന്നത് അവരുടെ കണ്ണുകളിലാണ്.
ജോജുവിന്റെ പോലീസ് വേഷങ്ങളുടെ കണ്ണുകളോരോന്നും ഓരോ തരത്തിലാണ് ചലിക്കുന്നത്. അവയില്‍ തിരയടിക്കുന്നത് ആ കഥാപാത്രത്തിന്റെ ഉള്‍ക്കടലുകളാണ്.

ജോജുവിന്റെ അടുത്ത റിലീസ് പുലിമടയാണ്. അതിലും വിന്‍സെന്റ് എന്ന പോലീസ് വേഷമാണ് ജോജുവിന്. പക്ഷേ ഇരട്ടയിലെ ഇരട്ടകളായിരിക്കില്ല പുലിമടയിലെ വിന്‍സെന്റ്. അത് അങ്ങേയറ്റം വേറിട്ട ഒരാളായിരിക്കുമെന്ന് ഉറപ്പാണ്.

ഇരട്ടയിലെ ജോജുവിനെ തേടി പുരസ്‌കാരങ്ങള്‍ എത്തിയേക്കാം. പക്ഷെ അതിനൊപ്പം തിയേറ്ററിലെ കാഴ്ചക്കാരെയും ആ നടന്‍ അര്‍ഹിക്കുന്നുണ്ട്. ഇരട്ടയിലെ ജോജുവിനെ തിയേറ്ററില്‍ തന്നെ കണ്ടറിയുക. അയാള്‍ എങ്ങനെയാണ് വീണ്ടും ഒരു പോലീസുകാരനിലൂടെ നമ്മെ അമ്പരപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നതെന്ന് തിരിച്ചറിയുക.

Content Highlight: Joju George’s iconic performances as policemen in different movies

We use cookies to give you the best possible experience. Learn more