കൊച്ചി: മികച്ച നടനുള്ള സി.പി.സി അവാര്‍ഡ് സ്വീകരിച്ച് വികാരാധീനനായി നടന്‍ ജോജു ജോര്‍ജ്ജ്. 25 വര്‍ഷമായി സിനിമയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. തനിക്കീ പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ മുന്നിലിരിക്കുന്ന എല്ലാ സിനിമാ മോഹികള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന് ജോജു പറഞ്ഞു.
മികച്ച നടനുള്ള പുരസ്‌കാരം ജോസഫ് എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്ജും മികച്ച നടിക്കുള്ള പുരസ്‌കാരം വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും കരസ്ഥമാക്കി.
“വളരെ നല്ലൊരു സംസ്‌കാരമാണ് സിപിസി സിനിമയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ പുരസ്‌കാരം ഇതിന് മുമ്പ് വാങ്ങിയത് ഫഹദ് ഫാസിലും വിനായകനുമൊക്കെയാണ്. അത് ഇത്തവണ എന്റെ കൈയ്യില്‍ ഇരിക്കുന്നു. 25 വര്‍ഷമായി ഞാന്‍ സിനിമയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും പറഞ്ഞു വിട്ടിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് തന്നെ പറഞ്ഞു വിട്ടതാണ്,” തനിക്കീ പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ മുന്നിലിരിക്കുന്ന എല്ലാ സിനിമാ മോഹികള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന് ജോജു പറഞ്ഞു.
നടനും നിര്‍മ്മാതാവും സിനിമാ പാരഡീസോ ക്ലബ്ബിന്റെ സജീവ അംഗവുമായ വിജയ് ബാബുവാണ് ജോജു ജോര്‍ജ്ജിന് പുരസ്‌കാരം നല്‍കിയത്. സംസാരിക്കാനായി മൈക്കെടുത്ത ജോജുവിന് തുടക്കത്തില്‍ സംസാരിക്കാന്‍ സാധിച്ചില്ല.
കലൂരെ ഐ.എം.എ ഹാളില്‍ രാവിലെ പതിനൊന്നരയോടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു വിജയികള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങി പ്രേക്ഷകരോട് സംസാരിക്കാന്‍ മൈക്ക് വാങ്ങിയെങ്കിലും വികാര നിര്‍ഭരയായി ഐശ്വര്യയ്ക്ക് സംസാരിക്കാന്‍ സാധിച്ചില്ല. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ഐശ്വര്യയും സ്റ്റേജില്‍ നിന്നും തിരിച്ചിറങ്ങുകയായിരുന്നു