ആ ഫോണ്‍വിളി കാരണം എന്റെ ടീച്ചര്‍മാര്‍ വരെ വിളിച്ച് ഉപദേശിച്ചു, ആവശ്യമില്ലാത്ത പരിപാടിയായിരുന്നുവെന്ന് മനസിലായി: ജോജു ജോര്‍ജ്
Entertainment
ആ ഫോണ്‍വിളി കാരണം എന്റെ ടീച്ചര്‍മാര്‍ വരെ വിളിച്ച് ഉപദേശിച്ചു, ആവശ്യമില്ലാത്ത പരിപാടിയായിരുന്നുവെന്ന് മനസിലായി: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th November 2024, 1:19 pm

ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പണി. ചിത്രത്തിന്റെ പ്രസക്തഭാഗങ്ങളടക്കം വിശദീകരിച്ച് വിമര്‍ശിച്ചയാളെ ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിക്കുകയാണ് ജോജു. ആദ്യ ഷോ കഴിയുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് ചില ഫേക്ക് ഐഡികളില്‍ നിന്ന് നെഗറ്റീവ് റിവ്യൂ വന്നിരുന്നെന്ന് തന്റെ പി.ആര്‍ ടീം ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്ന് ജോജു പറഞ്ഞു.

പിന്നീട് രണ്ടാമത്തെ ദിവസവും ഇതുപോലെ നെഗറ്റീവ് വന്നെന്നും അതോടെ തനിക്ക് ടെന്‍ഷനായെന്നും ജോജു പറഞ്ഞു. പിന്നീടാണ് ഈ ഫോണ്‍കോള്‍ ഉണ്ടായതെന്നും അതിന്റെ പകുതി മുതല്‍ക്കുള്ള റെക്കോഡിങ്ങാണ് പ്രചരിച്ചതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് അതിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആവശ്യമില്ലാത്ത പരിപാടിയായി തോന്നിയെന്നും താന്‍ മാത്രമല്ല, തന്റെ കുടുംബമടക്കം ഈ വിഷയത്തില്‍ ബാധിക്കപ്പെട്ടെന്നും ജോജു പറഞ്ഞു.

താന്‍ അമ്മയെപ്പോലെ കാണുന്ന പല ടീച്ചര്‍മാരു ഈ വിഷയത്തിന് ശേഷം തന്നെ വിളിച്ച് ഉപദേശിച്ചെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ചാനലിലടക്കം രണ്ടുമൂന്നു ദിവസം അതായിരുന്നു ചര്‍ച്ചയെന്നും ജോജു പറഞ്ഞു. ആ പ്രശ്‌നത്തിന് മുമ്പ് താന്‍ സോഷ്യല്‍ മീഡിയയില്‍ വല്ലപ്പോഴും മാത്രമേ കേറുമായിരുന്നുള്ളൂവെന്നും അതിന് ശേഷം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നുവെന്നും ജോജു കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

Joju George threatened the researcher who criticized 'Pani' movie

Joju George threatened the researcher who criticized ‘Pani’ movie

‘ആ വിഷയത്തില്‍ അതുപോലെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. പക്ഷേ ആ പടം ഇറങ്ങിയപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളായിരുന്നു. ആദ്യത്തെ ഷോ രാവിലെ ഒമ്പത് മണിക്കായിരുന്നു തുടങ്ങിയത്. ഒമ്പതരയായപ്പോഴേക്ക് പടം പോരാ, പൈസ പോയി എന്നൊക്കെ കുറച്ച് ഫേക്ക് ഐ.ഡിയില്‍ നിന്ന് പോസ്റ്റ് വന്നത് പി.ആര്‍. ടീം എന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പിറ്റേദിവസവും ഇതുപോലെ നെഗറ്റീവ് റിവ്യ വന്നു. പടം ശരിക്കും കൈയീന്ന് പോയോ എന്ന് ടെന്‍ഷനായി. അതിന് ശേഷമാണ് ഈ ഫോണ്‍കോളിന്റെ പ്രശ്‌നം ഉണ്ടായത്. ഭീഷണിപ്പെടുത്താന്‍ വേണ്ടിയല്ല വിളിച്ചത്. ആ കോളിന്റെ തുടക്കമൊന്നും അങ്ങനെയല്ലായിരുന്നു. പകുതി തൊട്ടുള്ള ഭാഗമാണ് പ്രചരിച്ചത്. പിന്നീട് അതിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആവശ്യമില്ലാത്ത പരിപാടിയായി തോന്നി. ആ വിഷയം എന്നെ നന്നായി ബാധിച്ചു. അതിനെക്കാള്‍ മോശമായി എന്റെ ഫാമിലിയെ ബാധിച്ചു.

എന്നെ പഠിപ്പിച്ച ടീച്ചര്‍മാര്‍ വരെ എന്നെ വിളിച്ച് ഉപദേശിച്ചു. ഞാന്‍ അമ്മയെപ്പോലെ കാണുന്ന ടീച്ചേഴ്‌സായിരുന്നു അത്. ആ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഞാനത്ര ആക്ടീവല്ലായിരുന്നു. അതിന് ശേഷം ഞാന്‍ കംപ്ലീറ്റായി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നു,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George explains his side on phone call controversy about Pani movie