ഭീഷ്മ പര്‍വത്തിന്റെ ഭാഗമാവാത്തതില്‍ വിഷമമുണ്ട്: ജോജു ജോര്‍ജ്
Film News
ഭീഷ്മ പര്‍വത്തിന്റെ ഭാഗമാവാത്തതില്‍ വിഷമമുണ്ട്: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd March 2022, 4:53 pm

ഭീഷ്മ പര്‍വത്തിന്റെ ഭാഗമാവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്. ആള്‍ക്കാര്‍ കാണുന്ന പടങ്ങളില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്നും ഏറ്റവും പ്രതീക്ഷയോട് കൂടി ഇരിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വമെന്നും ജോജു പറഞ്ഞു.

പുതിയ ചിത്രമായ ഇരട്ടയുടെ പൂജക്കായി ഇടുക്കിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഭീഷ്മ പര്‍വത്തെ പറ്റി ജോജു പറഞ്ഞത്.

‘എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് എനിക്ക്. ഇത്രയും കാലത്തിന് ശേഷം ഇത്രയും വലിയ ഒരു സിനിമ വരികയാണ്. ആദ്യ ദിവസം തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ്. എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് അത്.

പൊളിയായിരിക്കും. ഇന്‍ഡസ്ട്രി പഴയ പോലെ ഉണരും. അങ്ങനെ ഒരു വലിയ സിനിമ തിയേറ്ററിലുണ്ടാക്കാന്‍ പോകുന്ന ഓളം, അത് ഇന്‍ഡസ്ട്രിക്ക് വലിയ ഗുണമാവും. ആദ്യ ദിവസം തന്നെ മുണ്ടക്കയത്ത് പോയി കാണും.

ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ നല്ല സങ്കടമുണ്ട്. ഇത്രയും അടിപൊളി ഒരു പടം വരുമ്പോള്‍ സങ്കടമുണ്ട്. ആള്‍ക്കാര് കാണുന്ന പടങ്ങളില്‍ അഭിനയിക്കണ്ടേ? ഏറ്റവും പ്രതീക്ഷയോട് കൂടി ഇരിക്കുന്ന സിനിമയാണ്,’ ജോജു പറഞ്ഞു.

മമ്മൂട്ടി തരംഗമുണ്ടാക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വര്‍ഷങ്ങളായി തരംഗം തന്നെയാണെന്നായിരുന്നു ജോജുവിന്റെ മറുപടി.

‘മമ്മൂക്ക തരംഗമാകേണ്ട കാര്യമില്ലല്ലോ. മമ്മൂക്ക തരംഗമല്ലേടാ. നീ എന്താ ഈ പറയുന്നത്. അദ്ദേഹം എത്ര വര്‍ഷമായി തരംഗമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ആ തരംഗം വിട്ടു മാറിയിട്ടില്ല. അത് തരംഗമല്ല, അതിലും വലിയ പരിപാടിയാണ്,’ ജോജു പറഞ്ഞു.

നായാട്ടിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോജു ജോര്‍ജാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അഭിനയിക്കുന്നത്. ജോജു ജോര്‍ജിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് ചിത്രമെത്തുക.

നിരവധി പുതുമുഖ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ‘ഇരട്ട’യിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭീഷ്മ പര്‍വം വ്യാഴാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബിക്ക് ശേഷം 14 വര്‍ഷം കഴിഞ്ഞാണ് ഭീഷ്മ പര്‍വത്തിലൂടെ മമ്മൂട്ടിയും അമല്‍ നിരദും വീണ്ടും ഒന്നിക്കുന്നത്.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlight: Actor Jojo George says he regrets not being able to be a part of Bhishma Parvam