| Monday, 18th December 2023, 4:56 pm

അയാളൊരു ബോണ്‍ ആക്ടറാണെന്ന്, സത്യത്തില്‍ ഒരു ബോണ്‍ ഗിറ്റാറിസ്റ്റ് പോലും ഉണ്ടാവില്ല, പിന്നെങ്ങനെ: ജോജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും താരവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജോജു ജോര്‍ജ്. തന്റെ പ്രയത്‌നത്തിലൂടെ ജോജു ഇന്ന് അന്യഭാഷയിലടക്കം തിരക്കേറിയ താരമായി മാറികഴിഞ്ഞു.

താനൊരു നടന്‍ ആയിട്ടുണ്ടെങ്കില്‍ ഭൂമിയിലെ ഏതൊരാള്‍ക്കും ആഗ്രഹിച്ചത് നേടാമെന്നാണ് ജോജു പറയുന്നത്. അന്തിമഴൈ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.

ചെറുപ്പം മുതല്‍ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ സിനിമകള്‍ കണ്ട് വളര്‍ന്ന തന്നെ അത് വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഒരാള്‍ പോലും ബോണ്‍ ആക്ടര്‍ ആവുന്നില്ലെന്നും ജോജു പറയുന്നു.

‘ഞാന്‍ നടനായിട്ടുണ്ടെങ്കില്‍ ഭൂമിയിലുള്ള എല്ലാവര്‍ക്കും എന്ത് ആഗ്രഹിച്ചാലും അത് ആവാന്‍ കഴിയുമെന്ന് ഉറപ്പാണ്. മോട്ടിവേഷന് വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്. കാത്തിരിക്കണമെന്നേയുള്ളൂ.

കഥാപാത്രങ്ങള്‍ക്കനുസരിച്ച് അതിനാവശ്യമായ ഇമോഷന്‍സ് തീര്‍ച്ചയായും കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും അതിനൊരു കാരണമുണ്ട്.

എന്റെ കുട്ടികാലം മുതല്‍ ഞാന്‍ കണ്ട് വളര്‍ന്ന സിനിമകളെല്ലാം ക്ലാസിക്കുകള്‍ ആയിരുന്നു. ഞാന്‍ കണ്ട അഭിനയ പ്രകടനങ്ങള്‍ മമ്മൂക്ക, ലാലേട്ടന്‍, കമല്‍ സാര്‍, രജിനി സാര്‍, നെടുമുടി വേണു സാര്‍, തിലകന്‍ സാര്‍, ശിവാജി സാര്‍ അങ്ങനെ അതൊരു വലിയ ലിസ്റ്റ് തന്നെയാണ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറയെ ആളുകളുടെ പ്രകടനം കണ്ടിട്ടുണ്ട്. നമുക്ക് അത് പഠിക്കാന്‍ വേണ്ടി നിറയെ യൂണിവേഴ്‌സിറ്റിയുണ്ട് ഇവിടെ. ഒരു അഭിനേതാവിനെ പഠിക്കാന്‍ തന്നെ എത്രകാലം വേണം. അതൊരു വലിയ കാര്യമാണ്.

സിനിമയില്‍ വന്ന് സക്‌സസ് ആയതിന് ശേഷമാണ് വലിയ ഹോളിവുഡ് സിനിമകളും ക്ലാസിക്കുകളുമൊക്കെ കാണാന്‍ തുടങ്ങിയത്. അതെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എന്റെ അഭിനയത്തില്‍ നല്ലൊരു റിസള്‍ട്ട് വന്ന് കഴിഞ്ഞാല്‍ ചിലര്‍ പറയാറുണ്ട്, ഇയാള്‍ ഒരു ബോണ്‍ ആക്ടറാണ് ഒരു വലിയ നടനാണ് എന്നൊക്കെ. സത്യത്തില്‍ അങ്ങനെയല്ല ബോണ്‍ ഗിറ്റാറിസ്റ്റ് ഉണ്ടാവുന്നില്ല പിന്നെ എങ്ങനെയാണ് ബോണ്‍ ആക്ടര്‍ ഉണ്ടാവുന്നത്. ഞാന്‍ ഒരുപാട് ശ്രമിച്ച് കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ഈ നിലയില്‍ എത്തിയത്. സിനിമ ഒരു വലിയ സംഭവമാണ്. എല്ലാവര്‍ക്കും അതിനോട് മോഹമുണ്ട്. അത് മനസിലാക്കി അതിനായി ശ്രമിച്ചാല്‍ അത് നേടിയെടുക്കാം,’ജോജു പറയുന്നു.

Content Highlight: Joju George about the term  Born Actor

We use cookies to give you the best possible experience. Learn more