ആ നടന്മാരുടെ കാലത്ത് ജീവിക്കാൻ സാധിച്ചത് അഭിമാനമാണ്: ജോജു
Entertainment
ആ നടന്മാരുടെ കാലത്ത് ജീവിക്കാൻ സാധിച്ചത് അഭിമാനമാണ്: ജോജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2024, 1:50 pm

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും  നിര്‍വഹിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയാണ് ‘പണി’. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ജോജു ആദ്യമായി സംവിധായകനാകുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു പറയുന്നത്. ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായി എത്തിയ ഈ സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു.

ചിത്രത്തിന്റെ കഥ ആദ്യം വായിച്ച് കേൾപ്പിച്ചത് ജോഷിയെയാണെന്നും അദ്ദേഹം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും ജോജു പറയുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും ആ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു അഭിമാനമാണെന്നും ജോജു പറഞ്ഞു. തന്നിൽ സിനിമ മോഹം വളർത്തിയെടുത്ത സംവിധായകർക്കാണ് ഈ ചിത്രം സമർപ്പിക്കുന്നതെന്നും മാതൃഭൂമി ദിനപത്രത്തോട് ജോജു പറഞ്ഞു.

‘ഞാൻ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ നാട്ടിൽ വെച്ചുതന്നെയാണ് ചിത്രീകരിച്ചത്. തിരക്കഥ പൂർത്തിയാക്കിയശേഷം ജോഷിസാറിനെ വായിച്ചു കേൾപ്പിച്ചു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വലിയ ആത്മവിശ്വാസമാണ് നൽകിയത്.

അഭിനയം ഇന്നെനിക്ക് അറിയാവുന്ന ജോലിയാണ്, നല്ല തിരക്കഥയും കഥാപാത്രവും കിട്ടിയാൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാം. പക്ഷേ, സംവിധാനം അതിൻ്റെയെല്ലാം മുകളിലാണ്. ആദ്യമായി ചെയ്യുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ഊഹിക്കാനാകില്ല.

പടം പൂർത്തിയായപ്പോൾ വലിയൊരു യുദ്ധം അവസാനിച്ചപോലെയാണ് തോന്നിയത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ കണ്ടും കൈയടിച്ചും വളർന്നവനാണ് ഞാൻ. ആ കാലത്ത് ജീവിക്കാനായതിൽ അഭിമാനമുണ്ട്. 1980-90കളിലെല്ലാം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച, ഞങ്ങളുടെ തലമുറയുടെ മനസിലേക്ക് സിനിമാജ്വരം പടർത്തി വിട്ട, പ്രചോദിപ്പിച്ച സംവിധായകർക്കുള്ള എന്റെ സമർപ്പണമാണ് ഈ സിനിമ,’ജോജു ജോർജ് പറയുന്നു.

Content Highlight: Joju George About Mammootty and Mohanlal