ഒരുപാട് വര്‍ഷങ്ങളോളം സിനിമയുടെ പിറകെ അലഞ്ഞുനടന്നതിന് ശേഷമാണ് ജോജു ജോര്‍ജ് ഇന്ന് മലയാള സിനിമയിലെ നായകനടന്‍ എന്ന നിലയിലേക്ക് എത്തിയത്. വര്‍ഷങ്ങളോളം അദ്ദേഹം സിനിമയില്‍ മുഖം മാത്രം കാണിച്ചു പോകുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു.
ഫ്രണ്ട്സ് എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച പൊലീസ് വേഷത്തെ കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജോജു. തനിക്ക് നല്ല ഹൈറ്റ് ഉണ്ടായത് കാരണം പാന്റിന്റെ ഇറക്കം കുറവായിരുന്നെന്നും തന്നെ ഒഴിവാക്കരുത് എന്ന് വിചാരിച്ച് ജീപ്പിന്റെ സൈഡില്‍ നിന്ന് എത്തി നോക്കിയിട്ടായിരുന്നു അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എന്ന ചിത്രത്തിന്റെ സക്സസ് പ്രസ് മീറ്റില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
‘പൊലീസ് യൂണിഫോം വെച്ചിട്ട് എന്റെ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഞാന്‍ സിദ്ദീഖ് സാറിന്റെ ഫ്രണ്ട്സ് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി അഭിനയിക്കാന്‍ പോയിട്ടുണ്ടായിരുന്നു. അതില്‍ പൊലീസ് വേഷം അഭിനയിച്ച സമയത്ത് പാന്റിന്റെ അരവണ്ണം കറക്ട് ആയിരുന്നു. എന്റെ ഹൈറ്റ് കാരണം ഇറക്കം മുട്ടിന്റെ താഴെ വരെയേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വേറെ ഡ്രസ്സ് ഒന്നുമില്ല എന്ന് പറഞ്ഞു.
ആ ചിത്രത്തിനകത്ത് ജയറാമേട്ടനെ അറസ്റ്റ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അതില്‍ ഒരു പോലീസുകാരന്‍ ജീപ്പിന്റെ സൈഡില്‍ നിന്ന് എത്തി നോക്കുന്നുണ്ട്. എനിക്ക് ഡ്രസ് ഇല്ലാത്തതിന്റെ പേരില്‍ എന്നെ ഒഴിവാക്കരുത് എന്ന് വിചാരിച്ച് ഞാന്‍ ജീപ്പിന്റെ ടയറിന് താഴെ കാലു വെച്ചിട്ടാണ് നിന്നിരുന്നത്.
പക്ഷേ ഇതിലൊരു കോമഡിയുണ്ട്, ഞാന്‍ ഈ സീനില്‍ അഭിനയിച്ച സമയത്ത് ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ ആ വീടിന് ചുറ്റും മതിലില്‍ ഒരുപാട് ആളുകള്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഇവരെല്ലാം ചിരിക്കുകയാണ്. അവരോട് എനിക്ക് പറയാന്‍ പറ്റുമോ എന്നെ ഈ ഫ്രെയിമില്‍ കാണിക്കില്ല, ഞാന്‍ ജീപ്പിന്റെ സൈഡില്‍ നിന്ന് നോക്കുന്ന പോലീസുകാരനാണെന്ന്,’ ജോജു ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരട്ട റിലീസ് ചെയ്തത്. രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് അവതരിപ്പിച്ചത്.
Content Highlight: joju george about his scene in friends movie