ഇരുപത്തിരണ്ട് വർഷക്കാലം ജൂനിയർ ആർട്ടിസ്റ്റായതിന് ശേഷം തന്റേതായൊരിടം സൃഷ്‌ടിച്ച നടനാണ് ജോജു ജോർജ്. താൻ ഒരു നടനായി മാറിയ അനുഭവം അന്തിമഴൈ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ജോജു. താൻ ആദ്യം കണ്ട ലൊക്കേഷനെക്കുറിച്ചും പിന്നീട് തനിക്ക് വന്ന ഓരോ കഥാപാത്രങ്ങളെക്കുറിച്ചും ജോജു പറയുന്നുണ്ട്. പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും എന്ന സിനിമയിലാണ് തനിക്ക് വലിയ കഥാപാത്രം ലഭിച്ചതെന്നും ജോജു പറഞ്ഞു.
‘2013ലെ പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും എന്ന സിനിമയാണ് എന്റെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രം എനിക്ക് സമ്മാനിച്ചത്. അതുവരെ ചെറിയ ചെറിയ കഥാപാത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. തുടക്കത്തിലെ ഒരു മിന്നായം പോലെയുള്ള കഥാപാത്രങ്ങളാണ് ഉണ്ടാവുക. ഓരോ പടത്തിലും ഞാൻ അതിൽ ഉണ്ടെന്ന് എനിക്ക് മാത്രമാണ് അറിയുക.
അതിനുശേഷം ചെറിയ ഡയലോഗുകൾ ഉള്ള വേഷങ്ങൾ കിട്ടി. പിന്നെ രണ്ട് ഡയലോഗുള്ള, പിന്നെ മൂന്ന് ഡയലോഗ് അത് കഴിഞ്ഞതിനുശേഷം ഒരു പേര് വെച്ച കഥാപാത്രം കിട്ടി. പിന്നെ കുറച്ചുകൂടി സീൻ കൂടുതലുള്ള ക്യാരക്ടറുകൾ. അങ്ങനെ പോയി 2013ലെ പടം വരുമ്പോൾ എന്റെ കരിയർ മുഴുവനായി. ആ പടം നല്ല ഹിറ്റായി. എന്റെ പേര് എല്ലാവരുടെയും ശ്രദ്ധയിൽ വന്നു.
പക്ഷേ അതിനുശേഷം പിന്നെയും ഒരു വർഷം ഗ്യാപ്പ് വന്നു. അതിനുശേഷം എനിക്ക് നല്ല കഥാപാത്രങ്ങൾ ഒന്നും വന്നിരുന്നില്ല. പിന്നെയും ചെറിയ ചെറിയ കഥാപാത്രങ്ങളാണ് വന്നുകൊണ്ടിരുന്നത്. അതിനുശേഷം രാജാധിരാജ എന്നൊരു പടം വന്നു. രാജാധിരാജയാണ് എനിക്ക് വലിയൊരു ഓപ്പണിങ് തന്നത്. അതിനുശേഷം ഞാൻ ഇതുവരെയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1994ലെ മാനത്തെ കൊട്ടാരം എന്ന സിനിമയാണ് എന്റെ ആദ്യത്തെ ലൊക്കേഷൻ. പുറത്തുനിന്നിട്ട് ഷൂട്ടിങ് കണ്ടു. ലൊക്കേഷനും അഭിനയിക്കുന്നവരെയും എല്ലാവരെയും അവിടെ വെച്ചാണ് കാണുന്നത്. ഒരു സീനിൽ പോലുമില്ല. ലൊക്കേഷന്റെ ഉള്ളിലേക്ക് കയറ്റിയത് പോലുമില്ല.
അതിനുശേഷം 1996ലാണ് എന്റെ മുഖം സ്ക്രീനിൽ വന്നത്. 1999ലാണ് ഞാൻ ആദ്യമായിട്ട് ഡയലോഗ് പറഞ്ഞ സിനിമ വരുന്നത്. ഞാൻ എന്റെ ലൈഫിൽ സിനിമ മാത്രമാണ് ആഗ്രഹിച്ചത്. ജനിച്ചത് തന്നെ അതിനായിരുന്നു, വേറൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു,’ജോജു പറഞ്ഞു.
Content Highlight: Joju george about his film journey