| Monday, 12th July 2021, 1:03 pm

ഞാന്‍ ഒരു പകരക്കാരനായി വന്നതാണ്; സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച ചിത്രമാണ് മാലിക് എന്ന് ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാലിക് എന്ന സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകം മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണെന്ന് പറയുകയാണ് ജോജു ജോര്‍ജ്. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം.

‘മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് എന്ന ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്.

ഒരു പകരക്കാരനായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ബിജുവേട്ടന്റെ(ബിജു മേനോന്‍) ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും ഞാന്‍ വന്ന് അഭിനയിക്കുകയുമായിരുന്നു.

അതുകൊണ്ട് തന്നെ ബാക്കി ഒന്നും എനിക്കറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. ഞാന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു. എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത്,’ ജോജു പറഞ്ഞു.

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Joju George About His Entry In Malik Movie

We use cookies to give you the best possible experience. Learn more