സിനിമാ നടനാവണമെന്ന ആഗ്രഹം കൊണ്ട് ഇരുപത്തിരണ്ട് വർഷം ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച് തന്റെ മോഹം സഫലീകരിച്ച നടനാണ് ജോജു ജോർജ്. നിരവധി ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്ത ജോജു ആദ്യ മുഴുനീള കഥാപാത്രം ചെയ്തത് പുള്ളിപ്പുലിയും ആട്ടിൻകുട്ടികളുമാണ്. 1983 , രാജാധിരാജ, ജോസഫ് തുടങ്ങിയ ചിത്രങ്ങളാണ് ജോജു എന്ന നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്.
തനിക്കാദ്യം അഭിനയിക്കാൻ അറിയാത്തതുകൊണ്ടാണ് ഒരു നടനാവാൻ ഇത്രയും സമയമെടുത്തതെന്നും ജോജു പറയുന്നുണ്ട്. അന്ന് തന്നെ പല ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ടെന്നും ജോജു പറഞ്ഞു. ഓരോ കാര്യം പഠിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും ജോജു പറഞ്ഞു. താൻ ഇപ്പോഴും പല കാര്യങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജോജു കൂട്ടിച്ചേർത്തു. അന്തിമഴൈ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോജു.
‘ഞാൻ ആദ്യം സിനിമ ചെയ്യുന്ന സമയത്ത് തന്നെ മനസ്സിലായി എനിക്ക് ഒരു നടൻ ആവാൻ യോഗ്യതയില്ല എന്ന്. എന്റെ ആഗ്രഹം നടനാവണമെന്നായിരുന്നു. പക്ഷേ അതിനുള്ള ഒരു യോഗ്യത എനിക്കില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതിനനുസരിച്ചുള്ള ഡയലോഗും കാര്യങ്ങളും പറയാനുള്ള അഭിനയമികവും എനിക്കില്ല,’ ജോജു പറഞ്ഞു.
നിങ്ങൾക്ക് അഭിനയം വശമില്ല എന്ന് ഒരുപാട് സംവിധായകർ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് സത്യമാണെന്നും അന്ന് തനിക്ക് അഭിനയം ഒന്നും വന്നിരുന്നില്ലെന്നുമായിരുന്നു ജോജുവിന്റെ മറുപടി.
‘അത് സത്യമുള്ള കാര്യമാണ്. അന്നെനിക്ക് അഭിനയം ഒന്നും വന്നിരുന്നില്ല. ഷൂട്ടിങ് ലൊക്കേഷന്റെ സ്പോട്ടിൽ നിന്നും എന്നെ ഇറക്കി വിട്ടിട്ടുണ്ട്. അന്ന് ഞാൻ ശരിക്കും അഭിനയിക്കാത്തത് കൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഉറപ്പാണ്. കാരണം അന്ന് ഞാൻ ശരിക്കും ചെയ്തിരുന്നെങ്കിൽ അന്നേ ഞാൻ നല്ല നടനായേനെ. പഠിക്കുക എന്നത് വലിയൊരു കാര്യമാണ് ഇന്നും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഓരോ കാര്യവും പഠിച്ചുകൊണ്ടിരിക്കുകയാണ്.