ജോജു സംവിധാനം ചെയ്ത പുതിയ ചിത്രമായ പണിയിലെ നായികയെക്കുറിച്ച് സംസാരിക്കുകയാണ് താരം. തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയാണ് പണിയിലെ നായിക. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. എന്നാല്‍ അഭിനയത്തോടുള്ള പാഷന്‍ കാരണം സിനിമയിലെത്തുകയും അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. കുട്രം 23, മാര്‍ക്ക് ആന്റണി, എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്.
താന്‍ ആദ്യമായി അഭിനയയെ കണ്ട അനുഭവം ജോജു പങ്കുവെച്ചു. സിനിമകള്‍ കണ്ടപ്പോള്‍ സംസാരിക്കാനും കേള്‍ക്കാനും പറ്റാത്തയാളാണ് തോന്നിയിട്ടില്ലെന്നും അത്ര മനോഹരമായാണ് ഡയലോഗുകള്‍ക്കനുസരിച്ച് ലിപ് മൂവ്‌മെന്റ് നടത്തുന്നതെന്നും അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ജോജു പറഞ്ഞു. താളം പോലും കേള്‍ക്കാനാകാതെ മനോഹരമായി ഡാന്‍സ് ചെയ്തതിനെപ്പറ്റിയും ജോജു സംസാരിച്ചു.
ഇംഗ്ലീഷില്‍ ഡയലോഗുകള്‍ എഴുതിക്കൊടുക്കുമ്പോള്‍ അതിനനുസരിച്ച് ലിപ് മൂവ്‌മെന്റ് ചെയ്യുന്നത് ഈ ജോലിയോടുള്ള പാഷന്‍ കൊണ്ടാണെന്നും താരം പറഞ്ഞു. സിനിമ സ്വപ്‌നം കാണുന്നവര്‍ക്ക് വലിയൊരു മോട്ടിവേഷനാണ് അഭിനയ എന്നും ജോജു കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴാണ് ജോജു ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമയില്‍ നായികയായി ഒരുപാട് പേരെ നോക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് അഭിനയയിലേക്കെത്തുന്നത്. ഫോട്ടോ കണ്ടപ്പോള്‍ ഈ സിനിമക്ക് ഇവര്‍ മതി എന്ന് തോന്നി. നേരിട്ട് കാണാന്‍ പോയപ്പോഴാണ് സംസാരിക്കാനും ചെവി കേള്‍ക്കാനും പറ്റില്ല എന്നറിയുന്നത്. അപ്പോള്‍ ഇവര്‍ എങ്ങനെയാണ് ഡയലോഗുകളുള്ള സിനിമയില്‍ അഭിനയിച്ചത് എന്ന് എനിക്ക് അത്ഭുതമായി. തമിഴിലെ ഡയറക്ടറെ വിളിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, ‘അഭിനയിക്കേണ്ട കാര്യം ഇംഗ്ലീഷില്‍ എഴുതി കൊടുത്താല്‍ അഭിനയിക്കുമെന്നായിരുന്നു.
ഈ സിനിമയില്‍ ഡാന്‍സ് ചെയ്യുന്ന സീനുണ്ട്. താളം കേട്ടാലല്ലേ ഡാന്‍സ് ചെയ്യാന്‍ പറ്റുള്ളൂ. ഇത് ഇവര്‍ എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഗംഭീരമായി ഡാന്‍സ് ചെയ്തു. ഡയലോഗ് എഴുതിക്കൊടുത്താല്‍ പോലും കറക്ടായി പറയാന്‍ പറ്റാത്തവര്‍ക്ക് അഭിനയ ഒരു ഇന്‍സ്പിറേഷനാണ്,’ ജോജു പറഞ്ഞു.
Content Highlight: Joju George about her new heroine in Pani movie