കൊച്ചി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരായ ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജോജു ജോര്‍ജ്.
ഈ നില്‍ക്കുന്നവരില്‍ ഒരാളാണ് താനുമെന്നും എല്ലാവരേയും പോലെ ജോലിക്ക് പോകുന്ന ആളാണ് താനെന്നും ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടിവര്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ജോജു ചോദിച്ചു.
‘ഈ നില്‍ക്കുന്നവരില്‍ ഒരാളാണ് ഞാന്‍. എല്ലാവരേയും പോലെ ജോലിക്കു പോകുന്ന ഒരാളാണ്. ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടവര്‍ ചെയ്യുന്നു. ഇത്രയും മണിക്കൂറുകളോളം വഴി തടഞ്ഞിട്ടുകൊണ്ടുള്ള പരിപാടി ഇനി മേലാല്‍ പാടില്ല.
സമരക്കാരുടെ അടുത്ത് പോയി ഇടികൂടിയിട്ട് കാര്യമില്ല. പെട്രോളിനും ഡീസലിനും വിലകൂടുന്നു എന്ന് പറഞ്ഞ് ഈ കാണുന്നവരെയൊക്കെ വഴിയില്‍ തടഞ്ഞിട്ട് എന്താണ് കിട്ടുക, ചേട്ടാ ഞങ്ങളല്ല പെട്രോളിന് വിലകൂട്ടിയത് ഞങ്ങളെ വിടൂ എന്ന് പറയുന്നതില്‍ കാര്യമുണ്ടോ. എന്ത് അലമ്പാണ് ഇത്.
വിലകൂടുതലാണ്. അതില്‍ തീര്‍ച്ചയായും പ്രതിഷേധിക്കണം. പക്ഷേ ഈ രീതിയില്‍ ആളുകളെ ബുദ്ധിമുട്ടിച്ചിട്ടല്ല പ്രതിഷേധിക്കേണ്ടത്. വില കൂടുതല്‍ തന്നെയാണ്. അത് എല്ലാവര്‍ക്കും പ്രശ്‌നം തന്നെയാണ്. വില ഇങ്ങനെ കയറിക്കൊണ്ടിരിക്കുകയാണ് നാള്‍ക്കുനാള്‍ കൂടുന്നു. അത് ശരിയായ കാര്യമല്ല. പക്ഷേ പ്രതിഷേധിക്കേണ്ട രീതി ഇങ്ങനെയാവരുത്,’ ജോജു ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തോടെ വൈറ്റിലയില്‍ രോഗികളും ഗര്‍ഭിണികളുമടക്കം നിരവധി പേരായിരുന്നു മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടന്നത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധിക്കുന്നവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും മാറാന്‍ സമരക്കാര്‍ തയ്യാറായില്ല. 11 മണി മുതല്‍ 12 മണി വരെയാണ് സമരമെന്നും മാറാന്‍ സാധിക്കില്ലെന്നുമായിരുന്നു സമര നേതാക്കള്‍ പറഞ്ഞത്. സമരത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.
വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കുണ്ടായതോടെ പൊലീസ് എത്തി ദേശീയപാതയുടെ മറ്റൊരു ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. എന്നാല്‍ ഇടതുവശത്തുകൂടി വൈറ്റിലയിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
തിങ്കളാഴ്ച, സ്‌കൂളുകള്‍ തുറക്കുന്ന ദിവസം, ആളുകള്‍ ജോലിക്കായി പോകുന്ന സമയം ഇത്തരമൊരു വഴി തടയലിനായി തിരഞ്ഞെടുത്തതിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചത്.