അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.
ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തി വലിയ ശ്രദ്ധ നേടിയ പണി എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചു.
എന്നാൽ പണിക്ക് മുമ്പ് തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് താൻ കരുതിയിരുന്നുവെന്നും ഒരുപാട് കഥകൾ എഴുതിയിട്ടുണ്ടെന്നും ജോജു പറയുന്നു. മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഒരു കഥ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും ജോജു പറഞ്ഞു.
‘ജോസഫ് എന്ന സിനിമയ്ക്ക് മുമ്പാണ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആദ്യം കരുതുന്നത്. അന്നെന്റെ കയ്യിൽ എന്റേതായ രീതിയിലുള്ള കഥയും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാൻ മമ്മൂക്കയോട് കഥ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഞാൻ മമ്മൂക്കയെ വെച്ച് പല കഥകളും ആലോചിച്ചിട്ടുണ്ട്.
അതിൽ ഒന്നായിരുന്നു അത്. മമ്മൂക്ക പ്രേമിക്കുന്നതൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്ലാനായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷെ എന്തുകൊണ്ടോ അതന്ന് നടന്നില്ല. പിന്നെ ജീവിതം വേറെ വഴിക്ക് പോയി. ഇനി എന്താവും എന്നുള്ളത് എനിക്കറിയില്ല,’ജോജു പറയുന്നു.
സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റെട്രോയാണ് വരാനിരിക്കുന്ന ജോജു ജോർജ് സിനിമ. സിനിമയെ കുറിച്ച് കൂടുതലൊന്നും പറയരുതെന്ന് തന്നെ കൊണ്ട് ഒപ്പിടീപ്പിച്ചിരുന്നെന്നും
ഒഫീഷ്യല്‍ ആയിട്ട് അവര്‍ അവരുടെ പേജിലൂടെയാണ് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പറയുകയെന്നും ജോജു പറഞ്ഞിരുന്നു. മലയാളത്തിൽ നാരായണീന്റെ മൂന്നാണ്മക്കളാണ് അവസാനമിറങ്ങിയ ജോജു ജോർജ് സിനിമ.
Content Highlight: Joju George About A Dropped Project With Mammootty