| Saturday, 3rd October 2020, 1:13 pm

'ജോജി ഒരുങ്ങുന്നത് മാക്ബത്തിനെ അടിസ്ഥാനമാക്കി'; ചിത്രം നവംബറില്‍ ആരംഭിക്കും; ശ്യാം പുഷ്‌ക്കരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ ഒരുക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജോജി ശനിയാഴ്ച്ചയാണ്  പ്രഖ്യാപിച്ചത്.

വില്ല്യം ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകമായ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം  ഒരുക്കുന്നതെന്ന് ശ്യാം പുഷ്ക്കരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രം മാക്ബത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് മറ്റ് കാര്യങ്ങളൊന്നും പറയാനായിട്ടില്ല,  ഷൂട്ടിംഗ്  ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിക്കുന്നതെ ഉള്ളു’ ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.

നേരത്തെ ഫഹദ് ഫാസില്‍ നായകനായ കുമ്പളങ്ങി നൈറ്റ്‌സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംഭാഷണം) ഇയോബിന്റെ പുസ്തകം (ഗോപന്‍ ചിദംബരത്തിനൊപ്പം) തുടങ്ങിയ ചിത്രങ്ങളും ശ്യാം പുഷ്‌ക്കരന്‍ ആയിരുന്നു ഒരുക്കിയത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍ ത്രയം ഒന്നിക്കുന്ന ചിത്രമാണ് ജോജി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീഷ് പോത്തന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീമിനൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംഷയിലാണ് താനെന്നാണ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരംഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ‘ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും’ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈജു ഖാലിദ് ആണ്  ക്യാമറ. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

2016 ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം  പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. മഹേഷും വിന്‍സെന്റ് ഭാവനയും ജിംസിയും ബേബിചേട്ടനും ക്രിസ്പിനുമെല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന പേരില്‍ സിനിമയുടെ ഓരോ സീനുകള്‍ പോലും സിനിമാ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സുരാജ് വെഞ്ഞാറമൂടും ഫഹദും നിമിഷ സജയനുമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരു ചിത്രങ്ങളും ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി അംഗീകരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Joji prepares based on Macbeth’; The film is set to start in November; Shyam Pushkaran talks about Fahad Faazil and Dileesh Pothen movie

We use cookies to give you the best possible experience. Learn more