Joji Movie Review | ഫഹദിനും പോത്തേട്ടന്‍സ് ബ്രില്യന്‍സിനും അപ്പുറമെത്തുന്ന ജോജി
Film Review
Joji Movie Review | ഫഹദിനും പോത്തേട്ടന്‍സ് ബ്രില്യന്‍സിനും അപ്പുറമെത്തുന്ന ജോജി
അന്ന കീർത്തി ജോർജ്
Wednesday, 7th April 2021, 6:56 pm

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നീ മൂന്ന് പേരും ഒന്നിച്ച ഒരു സിനിമ വീണ്ടും വരുന്നു എന്ന് കേള്‍ക്കുമ്പോഴേ നമ്മുക്കെല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു പ്രതീക്ഷയുണ്ട്, ആ പ്രതീക്ഷകളെല്ലാം പൂര്‍ത്തീകരിക്കുന്നതാണ് ജോജി എന്ന സിനിമ. ചിത്രത്തിന്റെ ചെറിയ ചില സ്‌പോയിലറുകള്‍ റിവ്യൂവില്‍ കടന്നുവന്നേക്കാം, പക്ഷെ ജോജിയെ മികച്ചതാക്കുന്നതെന്ന് തോന്നിയ ചില കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത്.

രണ്ട് മണിക്കൂറുള്ള ജോജിയുടെ കഥയെക്കുറിച്ച് മാത്രമായി പറയുകയാണെങ്കില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനാകില്ല. നമുക്ക് അറിയാവുന്ന ഒരു സ്റ്റോറി ലൈനാണത്. അവിടെയാണ് ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്തും ദിലീഷ് പോത്തന്‍ എന്ന സംവിധായകനും മാജിക് സൃഷ്ടിക്കുന്നത്. പ്രെഡിക്ടബിള്‍ ആയ സ്റ്റോറിലൈനുള്ള ജോജിയെ ചില സന്ദര്‍ഭങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ, ഡയലോഗുകളിലൂടെ, മേക്ക് ചെയ്‌തെടുക്കുന്ന രീതിയിലൂടെ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും മികച്ച ചിത്രമാക്കുകയാണ്.


ഷേക്‌സിപിയറിന്റെ മാക്ബത്തിന്റെ അഡാപ്‌റ്റേഷനാണ് ജോജിയെന്ന് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ അണിയറ പ്രവര്‍ത്തര്‍ പറഞ്ഞിരുന്നു. മാക്ബത്ത് വായിച്ചിട്ടുള്ളവര്‍ക്ക് ജോജിയുടെ തുടക്കത്തിലെ കുറച്ച് സമയം കഴിയുമ്പോള്‍ ചിത്രത്തിന്റെ കഥ എങ്ങനെയാകും മുന്നോട്ടുപോകുന്നതെന്ന ഏകദേശ ധാരണ സ്വാഭാവികമായും ലഭിക്കും. എന്നാല്‍ ആ കഥയെ കുറിച്ച് ചിന്തിക്കാന്‍ സമയം നല്‍കാതെ കാണുന്ന ഓരോരുത്തരെയും ചിത്രത്തില്‍ തന്നെ പിടിച്ചിരുത്തി കൊണ്ടുപോകുകയാണ് ജോജി. ഓരോ മിനിറ്റും ആകാംക്ഷ നിറച്ചു തന്നെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

കുടുംബം എന്നത് എത്രമാത്രം പാട്രിയാര്‍ക്കല്‍ ആണെന്നും ആ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്വത്ത് എന്ന ഒരു ഘടകത്തെ ആശ്രയിച്ചു കഴിയുകയാണെന്നും വ്യക്തമായി ചിത്രം പറയുന്നുണ്ട്. കുടുംബത്തിലെ ശക്തനായ കാരണവരുടെ ചൊല്‍പ്പടിയ്ക്ക് മാത്രം കാര്യങ്ങള്‍ നീങ്ങുന്ന, മറ്റുള്ളവര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനോ പറയാനോ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര തീവ്രമാകാമെന്നും ചിത്രം പറയുന്നു. കുടുംബം മാത്രമല്ല പള്ളിയും മതവും സമൂഹവും ജോജിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

കുട്ടപ്പന്‍ എന്ന അപ്പനെ കട്ടപ്പ എന്ന് വിളിച്ചാണ് ജോജി മറ്റുള്ളവരോട് സംസാരിക്കുന്നത്. സ്‌ട്രോക്ക് വന്ന് ബോധരഹിതനായ കുട്ടപ്പനെ ആളുകള്‍ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്ന സമയത്തും അയാളെ ആശുപത്രിയില്‍ എത്തിക്കാനായി കാറെടുക്കാന്‍ അതേ കുട്ടപ്പനോട് ജോജി അനുവാദം ചോദിക്കുന്ന രംഗമുണ്ട്. ഇങ്ങനെ പല രംഗങ്ങളിലൂടെ കുട്ടപ്പനും മക്കളും തമ്മിലുള്ള ഒരു രാജാവ് – പ്രജ ബന്ധം വ്യക്തമാക്കുന്നുണ്ട് ചിത്രം.

ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ജോജി. ജോജിയുടെ മാനറിസങ്ങളും ഇടയ്‌ക്കൊക്കെ ഇംഗ്ലിഷ് കലര്‍ത്തി അയാള്‍ സംസാരിക്കുന്നതും ചില ഡ്രമാറ്റിക് ഡയലോഗുകളും ഭാവങ്ങളും ആ കഥാപാത്രത്തിന്റെ ഡീറ്റെയ്‌ലിംഗിന്റെ ഭംഗി കാണിക്കുന്നതാണ്. ആഡംബര ജീവിതത്തോടും ആഢ്യത്വത്തോടുമുള്ള ജോജിയുടെ അഭിനിവേശം, അയാള്‍ പലര്‍ക്കും ടിപ്പ് കൊടുക്കുന്നതില്‍ നിന്നും വ്യക്തമാണ്. അപ്പനും മറ്റുള്ളവര്‍ക്കും മുന്‍പില്‍ ഒന്നുമാകാന്‍ സാധിക്കാതിരുന്ന ജോജി അംഗീകാരം നേടിയെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്. നിരന്തരം അവഹേളിക്കപ്പെടുന്ന ജോജിയുടെ പൊട്ടിത്തെറിയായി കൂടി ഈ കഥാപാത്രത്തിന്റെ പല ആക്ഷനുകളെയും കാണാവുന്നതാണ്. ഫഹദില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ നിന്നും ഒരു പടി മുകളിലുള്ള പെര്‍ഫോമന്‍സ് തന്നെയാണ് നടന്‍ നല്‍കുന്നത്.

പക്ഷെ ചില നടന്മാര്‍ മികച്ച സംവിധായകരുടെയും നല്ല തിരക്കഥാകൃത്തുക്കളുടെയും കൈയ്യിലെത്തുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നത് കാണണമെങ്കില്‍ ജോജിയിലെ ബാബുരാജിന്റെ ജോമോനെ കാണണം. വിവാഹമോചിതനായ, ഒരു മകനുള്ള ജോമോന് അപ്പനുമായി കുറച്ചു കൂടെ അടുത്ത ബന്ധമുണ്ട്. അത് എങ്ങനെ സംഭവിച്ചു എന്ന് ചിത്രത്തിലെവിടെയും വ്യക്തമാക്കുന്നില്ല. കുടിയനായാണ് ഇയാളെ എല്ലാവരും കാണുന്നതെങ്കിലും ചിത്രത്തിലുടനീളം ഏറ്റവും ഉള്‍ക്കാഴ്ചയോടെ സംസാരിക്കുന്ന, മാനുഷികമായി ചിന്തിക്കുന്ന, ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്ന, മാപ്പ് പറയാന്‍ മടിയില്ലാത്ത ഒരാളാണ് ജോമോന്‍. ഈ ജോമോനെ ഏറ്റവും ഭംഗിയായി ബാബുരാജ് അവതരിപ്പിച്ചിട്ടുണ്ട്.

വില്ലനും ഗുണ്ടയുമായി മാത്രം വന്നിരുന്ന ബാബുരാജിന് കരിയറില്‍ ആദ്യമായി ഒരു കോമഡി കഥാപാത്രത്തിലൂടെ വ്യത്യസ്തമായ റോള്‍ നല്‍കിയത് ശ്യാം പുഷ്‌കരന്‍ എഴുതിയ സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ബാബുരാജിന് വീണ്ടും ബ്രേക്ക് നല്‍കിയിരിക്കുകയാണ് ശ്യാം പുഷ്‌കരന്‍ ജോജിയിലൂടെ. ജോജിയിലെ ജോമോന്‍ ബാബുരാജിന് ഇനി മികച്ച വേഷങ്ങള്‍ ലഭിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

സിനിമയിലെ മരുമകള്‍ കഥാപാത്രമായ ഉണ്ണിമായ ചെയ്ത ബിന്‍സി എന്ന കഥാപാത്രത്തെ ഒരു തരത്തില്‍ നോക്കിയാല്‍ ലേഡി മാക്ബത്തുമായി സാമ്യമുണ്ടെന്ന് പറയാം. പക്ഷെ അഞ്ച് ആണുങ്ങളുള്ള ഒരു കുടുംബത്തില്‍ നില്‍ക്കുന്ന അവരുടെ ബുദ്ധിമുട്ടുകള്‍, ഭര്‍ത്താവിന്റെ അനിയന്‍ പോലും അവരോട് പെരുമാറുന്ന രീതി ഇതില്‍ നിന്നൊക്കെ അവര്‍ അനുഭവിക്കുന്ന പിരിമുറക്കം വ്യക്തമാണ്. കുടുംബത്തിലെ മരുമകള്‍ക്ക് നേരിട്ട് എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥയും ജോജിയില്‍ പറയുന്നുണ്ട്.

വളരെ സ്വാഭാവികമായ പെര്‍ഫോമന്‍സാണ് ഉണ്ണിമായ നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു സീനില്‍ തൊട്ടടുത്തുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുത്ത് തരാന്‍ പറയുന്ന ജോജിയോട് ബിന്‍സി പൊട്ടിത്തെറിച്ച് വെള്ളം സ്വയമെടുത്ത് കുടിയ്ക്കാന്‍ പറയുന്ന ഭാഗമുണ്ട്. അതൊക്കെ വീട്ടിലെ സ്ത്രീകള്‍ പലപ്പോഴും പറയാന്‍ ആഗ്രഹിക്കുന്ന ചില ഡയലോഗുകളാണ്.

ചിത്രത്തിലെ മറ്റൊരു മകനായ ജെയ്‌സണെ അവതരിപ്പിച്ചിരിക്കുന്ന ജോജി മുണ്ടക്കയം എന്ന നടനും ശ്രദ്ധേയമായ പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്. അത്രയ്ക്ക് ധൈര്യമില്ലാത്ത, കര്‍ക്കശക്കാരനായ അപ്പനും കുടിയനായ ചേട്ടനും കാര്യമായൊന്നും ചെയ്യാത്ത അനിയനും ഇടയില്‍ ഭാര്യയോടൊപ്പം കുടുംബ ഭാരം മുഴുവന്‍ വലിക്കേണ്ടി വരുന്ന പെട്ടുപോകുന്ന മകനായി ജോജി മുണ്ടക്കയം പൂര്‍ണ്ണമായും മാറിയിട്ടുണ്ട്.

ഇവിരെ കൂടാതെ ചിത്രത്തില്‍ പ്രധാനമായും വരുന്നത് മറ്റ് നാല് കഥാപാത്രങ്ങളാണ്. കുട്ടപ്പന്‍ എന്ന അപ്പന്‍, ജോമോന്റെ മകനായ പോപ്പി, ഷമ്മി തിലകന്റെ ഫെലിക്‌സ്, ബേസില്‍ ജോസഫിന്റെ ഫാ.കെവിന്‍.

സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍ എന്ന കഥാപാത്രം ചെയ്ത സണ്ണി പി.എന്‍ എന്ന നടനാണ് ഇതിലെ കുട്ടപ്പനായി എത്തുന്നത്. എഴുപത് വയസ്സ് കഴിഞ്ഞിട്ടും മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന, കുടുംബത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന കല്ലുപോലെയുള്ള കാരണവരാണ് കുട്ടപ്പന്‍. ജോജിയുടെ രണ്ടാമത് വന്ന ടീസറിലെ അതേ പ്രകൃതം തന്നെയാണ് അയാള്‍ക്ക്. ഒട്ടുമേ ഇമോഷണല്‍ അല്ലാത്ത അയാളെ ഈ നടന്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

പനച്ചേല്‍ കുടുംബത്തിലെ അടുത്ത തലമുറയില്‍ പെട്ട പോപ്പി ഒരു തരത്തില്‍ ചിന്തിച്ചാല്‍ ഏറ്റവും കൂടുതല്‍ ട്രാജഡി നേരിടുന്ന കഥാപാത്രമാണ്. നിശബ്ദനായ എന്നാല്‍ പനച്ചേല്‍ കുടുംബത്തിലെ പണത്തോടുള്ള ആഗ്രഹമൊക്കെ കൈമാറി കിട്ടിയിട്ടുള്ള പോപ്പിയായി അലിസ്റ്റര്‍ അലക്‌സ് എന്ന പുതിയ നടന്‍ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

ഷമ്മി തിലകന്റെ ഫെലിക്‌സിന് മാക്ബത്തിലെ പ്രവചനം നടത്തുന്ന മന്ത്രവാദിനികളോടാണ് ചില സാമ്യം തോന്നിയത്. ജോജിയെ ഒറ്റ സ്ഥലത്ത് കോടീശ്വരാ എന്ന് ഫെലിക്‌സ് വിളിക്കുന്നുണ്ട്. മാക്ബത്തിനോട് രാജാവാകുമെന്ന് പ്രവചനം നടത്തുന്ന മന്ത്രവാദിനികളെയാണ് ഈ രംഗം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. ചിത്രത്തിലെ പല സ്ഥലങ്ങളിലും കാര്യങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നതും പല വിവരങ്ങളും മുന്‍കൂട്ടിയറിയിക്കുന്നതും ഫെലിക്‌സാണ്.

അപ്പന്‍ പറയുന്നത് മാത്രം കേട്ട്, അനുസരിച്ച് വളര്‍ന്ന മക്കള്‍ക്ക് കുടുംബത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്ന സന്ദര്‍ഭത്തിലെല്ലാം തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും ഇയാളാണ്. കുട്ടപ്പന്‍ മക്കളേക്കാള്‍ കാര്യശേഷിയുള്ളവനായി കണ്ടിരുന്നതും ഫെലിക്‌സിനെയാണെന്ന് ചിലപ്പോഴെല്ലാം തോന്നിയേക്കാം. ഒരു ഇടവേളയ്ക്ക് ശേഷം ഷമ്മി തിലകന് കിട്ടിയ മികച്ച വേഷമായ ഫെലിക്‌സിനെ സുന്ദരമായി തന്നെ നടന്‍ ചെയ്തിട്ടുണ്ട്.

ബേസില്‍ ജോസഫിന്റെ ഫാ. കെവിനാണ് അടുത്ത കിടിലന്‍ കഥാപാത്രം. ഒരു പള്ളി വികാരിയുടെ എല്ലാ അഹങ്കാരവും, ദൈവത്തിന്റെ പ്രതിനിധിയായ തന്നെ എല്ലാവരും ബഹുമാനിക്കണമെന്ന നിര്‍ബന്ധവും യുക്തിക്ക് ചേരാത്ത ദൈവവിശ്വാസവുമൊക്കെയുള്ള കെവിനായി ബേസില്‍ അത്ഭുതപ്പെടുത്തുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കിടയില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ട് കാണിക്കുന്ന കുട്ടപ്പന്‍ ചെയ്ത കുറ്റങ്ങളോര്‍ത്ത് മാനസാന്തരപ്പെടുകയാണൊന്നെല്ലാം പറയുന്ന കെവിനച്ചന്‍ വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് കാണുന്നവനെ കൊണ്ട് തോന്നിപ്പിക്കും.

മുന്‍ ചിത്രങ്ങളിലെ പോലെ സംവിധായകന്‍ ദിലീഷ് പോത്തന്‍ ഈ ചിത്രത്തിലും ചെറിയ വേഷത്തിലെത്തുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചാണെന്ന് മാത്രം. 2021 ജനുവരിയില്‍ കഥ നടക്കുന്ന ജോജിയില്‍ കൊവിഡ് കാലം തന്നെയാണ് പശ്ചാത്തലം. മാസ്‌ക് വെച്ച ആള്‍ക്കാരും മാസ്‌കും പി.പി.ഇ കിറ്റും ധരിച്ചെത്തുന്ന ഡോക്ടര്‍മാരും ആളുകളെ കുറച്ചുള്ള ചടങ്ങുകളുമെല്ലാം ചിത്രത്തിലുണ്ട്. മാസ്‌ക് ശരിക്കും ഒരു മുഖംമൂടിയായി തീരുന്ന സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.

കഥയില്‍ പ്രത്യേകം എവിടെയും എടുത്തു പറയുന്നില്ലെങ്കിലും കൊവിഡ് കാലം കൃത്യമായി ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. നമുക്ക് ഇപ്പോള്‍ പരിചിതമായ ക്വാറന്റീനും കൊവിഡ് കേസുകളുമെല്ലാം ചിത്രത്തിലും വന്നുപോകുന്നുണ്ട്. 2020 മുതലുള്ള വര്‍ഷങ്ങള്‍ പശ്ചാത്തലമാകുന്ന ഇനി വരുന്ന ചിത്രങ്ങളിലെല്ലാം കൊവിഡ് കാലം രേഖപ്പെടുത്തപ്പെടുന്നത് എങ്ങനെയാകുമെന്നതിന്റെ ഒരു ഭാഷ്യം ജോജിയിലുണ്ട്.

വയലന്റായ ഒരുപാട് സംഭവങ്ങള്‍ നടക്കുന്ന ചിത്രത്തില്‍ അതിന്റെ ഭീകരത നേരിട്ടു കാണിക്കാതെ ആ സംഭവത്തോടുള്ള ചില പ്രതികരണങ്ങളിലൂടെയാണ് ജോജി കഥപറയുന്നത്. ഒരു ക്രൈമിന് ശേഷം അതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നടക്കുന്നത് അത്രയും സ്വാഭാവികമായ ഒഴുക്കില്‍ ചിത്രം പറയുന്നുണ്ട്. കഥാപാത്രങ്ങളുടെ എണ്ണത്തിലോ സന്ദര്‍ഭത്തിലോ എന്തെങ്കിലുമൊന്ന് കൂടിപ്പോയി എന്ന് തോന്നിപ്പിക്കാത്ത, ആവശ്യമുള്ളത് മാത്രമുള്ള ചിത്രമായിട്ട് കൂടിയായിരിക്കും ജോജി മലയാള സിനിമയില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത്. ജോജിയിലെ വണ്‍ ലൈന്‍ കോമഡി ഡയലോഗുകളും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന തമാശകളും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

വയലിനൊക്കെ ഉപയോഗിച്ച് പാശ്ചാത്യ സംഗീതം ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് ജോജിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥയുമായി കണക്ട് ചെയ്ത് നില്‍ക്കാനും എങ്ങനെയൊക്കെയോ ഒരു ഷേ്ക്‌സിപിയര്‍ ട്രാജഡി കാണുന്ന ഫീല്‍ തരാനും ഈ മ്യൂസിക് സഹായിക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും കിരണ്‍ ദാസിന്റെ എഡിറ്റിംഗും കഥയോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ജോജിയില്‍ കടന്നുവരുന്നത്.

എല്ലാം നശിച്ചിരിക്കുന്ന ഒരു മൂഡ് പ്രേക്ഷകന് നല്‍കുന്ന പ്രത്യേക കളര്‍ ടോണാണ് ജോജിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആളുകളുടെ വസ്ത്രത്തിലും വീട്ടിലെ വസ്തുക്കളിലും പെയിന്റിംഗിലും വരെ ഈ കളര്‍ ടോണ്‍ സൂക്ഷിക്കുന്നുണ്ട്. ഇവയെല്ലാം കഥയോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍, ഒട്ടും ഏച്ചുകൂട്ടലുകളില്ലാതെ പെര്‍ഫെക്ട് ബ്ലെന്റായിട്ടാണ് ചിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

മാക്ബത്തിന്റെ നേരിട്ടുള്ള അഡാപ്‌റ്റേഷനേ അല്ല ജോജി. അതില്‍ പറയുന്ന മനുഷ്യന്റെ പണത്തോടും അധികാരത്തോടുമുള്ള ത്വര, നിസ്സഹയരായി പോകുന്ന മനുഷ്യര്‍, ട്രാജഡിയുടെ ആഴം, പിന്നെ ദിലീഷ് പോത്തന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞ മാക്ബത്ത് വായിക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന ഫീല്‍ അതാണ് കുറച്ചു കൂടെ ആഴത്തില്‍ ജോജിയില്‍ പറയുന്നത്.

നേരത്തെ പറഞ്ഞ ചില മാക്ബത്ത് റെഫറന്‍സുകള്‍ കൂടാതെ മാക്ബത്തിന്റെ ഒരു പുനര്‍വായനയൊക്കെ ജോജിയിലൂടെ ഷേ്ക്‌സ്പിയര്‍ ലവേഴ്‌സിന് ചെയ്ത് നോക്കാവുന്നതാണ്. മിക്കവാറും മാക്ബത്ത് ഫാന്‍സിന്റെ അത്തരം എഴുത്തുകളും വിശകലനങ്ങളും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ പറഞ്ഞതു കൂടാതെ ജോജി കാണുന്ന സ്വപ്നവും ഒരു ക്രൈമില്‍ നിന്നും അടുത്തതിലേക്ക് അയാള്‍ നീങ്ങുന്നതും കുറച്ച് ദൂരെ നിന്നും വീടിനെ നോക്കുന്നതമെല്ലാമാണ് വളരെ പെട്ടെന്ന് മാക്ബത്തിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍.

ജോജിയുടെ കഥാപാത്രം എന്തുകൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൃത്യമായി കാരണങ്ങള്‍ ചിത്രത്തിലുണ്ട്, ഒരു തരത്തില്‍ മാക്ബത്തിന്റെ ഭൂതകാലം എന്തായിരുന്നു എന്നൊക്കെ നമ്മള്‍ ഇത് കാണുമ്പോള്‍ ചിന്തിക്കും. മാക്ബത്തിനെ പോലെ കിംഗ് ഡങ്കനെയും ലേഡി മാക്ബത്തിനെയുമൊക്കെ ഒരു റീറീഡിംഗ് നടത്താന്‍ കൂടി ജോജി പ്രേരിപ്പിക്കും. സാഹിത്യകൃതിയുടെ അഡാപ്‌റ്റേഷന്‍ എന്നു പറയുമ്പോള്‍ അത് മുന്നോട്ടുവെയ്ക്കുന്ന അനന്തസാധ്യതകള്‍ എത്രത്തോളമാണെന്ന് ജോജിയിലുണ്ട്.

ഏറെ പോപ്പുലറായ ഒരു കൃതിയെ, പരിചിതമായ ഒരു പ്ലോട്ടിനെ ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്ന ജോജി ശരിക്കും കണ്ടറിയേണ്ട ഒരു സിനിമയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Joji Malayalam Movie Review, Fahadh Faasil, Dileesh Pothan, Syam Pushkaran

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.