| Friday, 1st December 2023, 8:48 am

ജ്യോതിക മാഡം ആ സീന്‍ കഴിഞ്ഞപ്പോള്‍ എന്നെ അഭിനന്ദിച്ചു: ജോജി ജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ സമൂഹത്തിലേക്കുള്ള ഒരു വിരൽ ചൂണ്ടലാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ജോജിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ എന്ന ചിത്രത്തിലൂടെയാണ് ജോജി ജോൺ സിനിമയിലേക്കെത്തുന്നത്.

കാതലിൽ ജ്യോതികയുടെ സഹോദരനായി അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ജോജി ജോൺ. ജ്യോതിക താൻ അഭിനയിച്ച ജോജി കണ്ടിരുന്നെന്നും അതിനെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും ജോജി പറയുന്നുണ്ട്. ജ്യോതികയുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഇല്ലായിരുന്നെന്നും ജോജി പറയുന്നുണ്ട്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോഴാണ് ടെൻഷൻ ഉണ്ടായതെന്നും അതിന് കാരണം ചെറുപ്പം മുതലുള്ള ആരാധന കൊണ്ടാവും എന്നും ജോജി കൂട്ടിച്ചേർത്തു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജോജി തന്റെ അനുഭവം പങ്കുവെച്ചത്.

‘ജ്യോതിക മാഡം ഞാന്‍ അഭിനയിച്ച ജോജി കണ്ടിരുന്നു. അതിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. എന്റെ ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ മാഡം എന്നെ അഭിനന്ദിക്കുകയുണ്ടായി. പള്ളീലച്ചനേയും ഇടവകക്കാരേയും കൂട്ടി മാത്യുവിന്റെ വീട്ടില്‍ വരുന്ന സീനാണ് ആദ്യം തന്നെ എടുത്തത്. ആ സീന്‍ ഞങ്ങള്‍ ട്രയല്‍ ചെയ്തിരുന്നു. റിഹേഴ്സല്‍ കഴിഞ്ഞ ശേഷമാണ് സീന്‍ എടുത്തത്. ജ്യോതിക മാഡത്തില്‍ നിന്ന് നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു.

വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ് അവര്‍. അവരുടെ ഒരു അസിസ്റ്റന്റിനെ മാത്രമേ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളൂ. വലിയ ബഹളങ്ങളൊന്നുമില്ലാത്ത നല്ല കോപ്പറേറ്റീവ് ആയിട്ടുള്ള ആര്‍ടിസ്റ്റാണ് അവര്‍.

ജ്യോതികയുടെ കൂടെ അഭിനയിക്കുമ്പോള്‍ സത്യംപറഞ്ഞാല്‍ എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ കൂടെയുള്ള സീനുകളില്‍ മാത്രമേ ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നുള്ളൂ. അത് ചെറുപ്പം മുതലുള്ള ആരാധനയും ബഹുമാനവുമൊക്കെ കൂടിയതിന്റെ ആവാം, അങ്ങനെ നമുക്കൊരു പേടിയുണ്ടാകുമല്ലോ.

ആരാധന കൂടിയാലുണ്ടാകുന്ന പ്രശ്നമാണ്. അത് വേറൊരു ഫീലാണ്. അങ്ങനെ ഒരു ഫീല്‍ ഉണ്ടായിരുന്നു. പലരും എന്നെ ഭയപ്പെടുന്നുണ്ട്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് മമ്മൂക്ക തന്നെ ഒരിടത്തു എഴുതിയിരിക്കുന്നത് പിന്നീട് ഞാന്‍ വായിച്ചു അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വരുന്ന പുതിയ ആളുകള്‍ക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്. എന്നെ അദ്ദേഹത്തിന് നന്നായി അറിയാം ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പ്ലസ്. അത് മനസിലാക്കി അദ്ദേഹം നമ്മളോട് പെരുമാറും,’ ജോജി പറയുന്നു.

കാതലിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത് മമ്മൂക്ക; ജോജി ജോണുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം വായിക്കാം

Content Highlight: Joji john sharing experience combination scene with jyothika

We use cookies to give you the best possible experience. Learn more