സിനിമയിലൂടെ സമകാലിക പ്രസക്തമായ വിഷയങ്ങൾ സംസാരിക്കാൻ ജിയോ ബേബി എന്ന സംവിധായന്റെ സിനിമകൾക്ക് കഴിയാറുണ്ട് എന്നതിന്റെ തെളിവാണ് കാതൽ ദി കോർ . മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ ജോജി എന്ന നടനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ സഹോദരന്റെ കഥാപാത്രമാണ് ജോജി അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ എന്ന ചിത്രത്തിലൂടെയാണ് ജോജി ജോൺ സിനിമയിലേക്കെത്തുന്നത്.
കാതൽ കണ്ടതിന് ശേഷം സിനിമയിലുള്ള ആളുകളുടെ പ്രതികരണത്തെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് ജോജി ജോൺ. തന്നെ ആദ്യം വിളിച്ചത് ബേസിലാണെന്നും അതുപോലെ സിനിമയിലുള്ള മറ്റു സുഹൃത്തുക്കളും വിളിച്ചിരുന്നെന്നും ജോജി പറയുന്നുണ്ട്. അതുപോലെ ദിലീഷ് പോത്തനും ആ സര്‍ക്കിളിലുള്ള എല്ലാവരും വിളിച്ചിരുന്നെന്നും ജോജി കൂട്ടിച്ചേർത്തു.
‘ആദ്യം എന്നെ വിളിച്ചത് ബേസിലാണ്. സിനിമയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളും വിളിച്ചു. ദിലീഷ് പോത്തനും ശ്യാമേട്ടനും ആ സര്‍ക്കിളിലുള്ള എല്ലാവരും വിളിച്ചു. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും മികച്ച അഭിപ്രായങ്ങള്‍ പറയുന്നുണ്ട്,’ ജോജി ജോൺ പറഞ്ഞു.
ജിയോ ബേബിയാണ് തന്നോട് കഥപറയുന്നതെന്നും മമ്മൂട്ടിയുടെ കഥാപാത്രം ഗേ ആണെന്നും പറഞ്ഞിരുന്നെന്ന് ജിജോ പറഞ്ഞു. സിനിമയിൽ സിങ്ക് സൗണ്ട് ആയതുകൊണ്ട് അഭിനയിച്ച ശേഷം യാതൊരു അപ്ഡേഷനും ലഭിച്ചിരുന്നില്ലെന്നും ജോജി പറയുന്നുണ്ട്.
‘ജിയോ ബേബിയാണ് എന്നോട് ഈ കഥ പറയുന്നത്. മമ്മൂക്കയുടെ കഥാപാത്രം ഗേ ആണെന്ന് പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഈ പടം സിങ്ക് സൗണ്ട് കൂടി ആയതുകൊണ്ട് അഭിനയിച്ച ശേഷം പിന്നീട് സിനിമയെ കുറിച്ച് ഒരു അപ്ഡേഷനും ലഭിച്ചിരുന്നില്ല. സാധാരണ ഡബ്ബിങ് ടൈമില്‍ നമ്മള്‍ എങ്ങനെ ചെയ്തു എന്നൊക്കെ ചെറിയ ഐഡിയ ലഭിക്കാറുണ്ട്.
പക്ഷേ കാതലിന് ഡബ്ബിങ് ഉണ്ടായിരുന്നില്ല. പാച്ച് വര്‍ക്ക് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ വരുമെന്നോ, എങ്ങനെയാണ് ഇവര്‍ ഇത് ചെയ്ത് വെച്ചതെന്നോ അറിയില്ലായിരുന്നു. അത് അറിയാന്‍ വലിയ ആകാംക്ഷ ഉണ്ടായിരുന്നു. തിയേറ്ററില്‍ സിനിമ കണ്ടതും അത്ഭുതപ്പെട്ടുപോയി. അത് ജിയോയുടെ കഴിവാണ്. അദ്ദേഹം അത് അത്ര മനോഹരമായി ചെയ്തുവെച്ചു. അതിന് അദ്ദേഹത്തിന് മലയാളികള്‍ കയ്യടി കൊടുത്തേ തീരൂ,’ ജോജി പറയുന്നു.
ജോജി ജോണുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം
Content Highlight: Joji John on the first people who called him in the film industry