മമ്മൂട്ടി-ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് കാതൽ ദി കോർ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിലൂടെ വ്യക്തമായ രാഷ്ട്രീയമാണ് പറഞ്ഞുവെക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നടനാണ് ജോജി ജോൺ. എന്നാൽ അതിനു ശേഷം ബ്രോ ഡാഡി, സൗദി വെള്ളക്ക, കാതൽ ദി കോർ എന്ന ചിത്രങ്ങളിലും ജോജി അഭിനയിച്ചിട്ടുണ്ട്.
കാതലിൽ ഓമനയുടെ സഹോദരനായ ടോമിയെന്ന കഥാപാത്രത്തെയാണ് ജോജി അവതരിപ്പിച്ചത്. കാതലിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് ജോജി പറയുന്നുണ്ട്. കാതലിലെ കഥാപാത്രം കരിയർ ബെസ്റ്റാണെന്ന് പറയാൻ താൻ ആളെല്ലെന്നും ജോജി പറഞ്ഞു. കാരണം തന്റെ കരിയർ തുടങ്ങിയിട്ടല്ലേയുള്ളുയെന്നും ജോജി കൂട്ടിച്ചേർത്തു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
‘കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ഒരു കുടുംബത്തിന്റെ കഥയാണ് കാതല്‍ പറയുന്നത്. മമ്മൂക്കയാണ് എന്നെ ഈ സിനിമയിലേക്ക് നിര്‍ദേശിക്കുന്നത്.
ഒരു പ്രദേശവാസിയെന്ന നിലയിലും ഇത്തരം സിനിമകളുടെ ഭാഗമാകുന്ന ബോഡി ലാംഗ്വേജും ഭാഷയുമൊക്കെയുള്ള, അത്തരം കഥാപാത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന മാനസിക സംഘര്‍ഷങ്ങളൊക്കെയുള്ള ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതുകൊണ്ടുമൊക്കെയാവാം അത്.
കാതലിലെ കഥാപാത്രം എന്റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ കരിയര്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. എനിക്ക് തോന്നുന്നത് ഈ സിനിമ പലരുടേയും കരിയര്‍ ബെസ്റ്റാവുമെന്നാണ്. മമ്മൂക്കയുടെ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ നാളെ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ കാതല്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. മമ്മൂക്കയുടെ മികച്ച 25 വേഷങ്ങള്‍ എടുത്താല്‍ അതില്‍ ഒരുപക്ഷേ ഉണ്ടാകേണ്ട സിനിമയാണ് കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സാമ്പത്തികപരമായി വലിയ വിജയങ്ങളുണ്ടായ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടാകാം. എങ്കിലും ഇത്രയേറെ ചര്‍ച്ച ചെയ്ത സിനിമ ജോജിക്ക് ശേഷം കാതല്‍ തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ രണ്ട് സിനിമകളുടേയും ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ പറയാം,’ ജോജി പറഞ്ഞു.