വ്യക്തമായ കാഴ്ചപ്പാടുള്ള സമകാലിക പ്രസക്തമായ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ജോജിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ ഓമനയുടെ സഹോദരനായ ടോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോജി ജോൺ ആയിരുന്നു.
മമ്മൂട്ടിയെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജോജി ജോൺ. മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും ആദ്യമായിട്ടാണ് അങ്ങനെയൊരു വലിയ മനുഷ്യനെ കാണുന്നതെന്നും ജോജി പറഞ്ഞു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജോജി തന്റെ അനുഭവം പങ്കുവെച്ചത്.
‘മമ്മുക്കയെ ആദ്യം കണ്ടപ്പോൾ മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം ഞാൻ ഈ വലിയ മനുഷ്യനെ ആദ്യമായിട്ടാണ് അടുത്ത് കാണുന്നതും ഇടപെടുന്നതും. പക്ഷേ നമുക്ക് ഇത് ആദ്യ അനുഭവമാണെങ്കിലും അദ്ദേഹത്തിനത് എന്നെ പോലെ പല തുടക്ക കാരെയും കണ്ടു കണ്ട് തന്നെ അവരുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കുന്നു എന്നതാണ്.
അതുകൊണ്ട് തന്നെ അദ്ദേഹം നമ്മളോട് നന്നായി ഇടപെടുകയും നമ്മുടെ മാനസിക സംഘർഷം കുറയ്ക്കുവാനായിട്ടുള്ള ടിപ്പുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു. നമ്മളെ പരമാവധി ഫ്രീ ആക്കും. സീനുകൾ മനോഹരമാക്കുവാൻ എല്ലാവരും കൂടി ചേർന്ന് പരിശ്രമിക്കുന്നതാണ് അവിടെ കണ്ടത്,’ ജോജി ജോൺ പറഞ്ഞു.
അഭിനയിക്കുമ്പോൾ മികച്ചതാക്കാൻ വേണ്ടി മമ്മൂക്ക ചില ടിപ്‌സെല്ലാം തരുമായിരുന്നെന്നും ജോജി പറയുന്നുണ്ട്. ‘ഓരോ സീനുകളിലും നമ്മൾ അഭിനയിക്കുമ്പോൾ അത് കൂടുതൽ മികച്ചതാക്കാനുള്ള ടിപ്സ് മമ്മൂക്ക പറഞ്ഞു തരുമായിരുന്നു. ഉദാഹരണത്തിന് ഞാൻ മമ്മൂക്കയോട് പറയുന്ന ഒരു ഡയലോഗുണ്ട്. നാളെ പഞ്ചായത്ത്, പിന്നീട് ജില്ലാ പഞ്ചായത്ത്, അത് കഴിഞ്ഞ് ബ്ലോക്ക് പിന്നീട് അസംബ്ലി, എം.പി എന്നൊക്കെ. ആ സീൻ ഷൂട്ട് ചെയ്തപ്പോൾ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ഓരോ തൊഴിലുമായി ബന്ധപ്പെട്ട ആളുകൾക്കും അവരുടെ തൊഴിലുമായി ബന്ധപ്പെട്ട ബോഡി ലാംഗ്വേജ് ഉണ്ടാകുമെന്ന്.
ഉദാഹരണത്തിന് ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഒരാൾ ഒരുപക്ഷേ സംസാരിക്കുമ്പോൾ അദ്ദേഹം ഗിയർ മാറ്റുന്നതിന്റേയോ സ്റ്റിയറിങ് പിടിക്കുന്നതിന്റെയോ മാനറിസങ്ങൾ ചില സമയത്ത് നേരിയ തോതിൽ പ്രയോഗിക്കും. അത്തരത്തിൽ മൈന്യൂട്ട് ആയി നമ്മൾ ഓരോ വ്യക്തിയേയും നോക്കിയാൽ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരുടെ സംസാരത്തിലും പ്രവൃത്തിയിലും കാണുമെന്ന് പറഞ്ഞിരുന്നു. അത് എന്നെ പറഞ്ഞു മനസിലാക്കിയിരുന്നു. ഇതൊക്കെ നമുക്ക് നാളെകളിൽ ഉപകരിക്കുന്ന കാര്യങ്ങളാണ്. ഞാൻ അതിനെ കുറിച്ച് ഓർത്തിട്ടുണ്ട്. പുതിയ കഥാപാത്രങ്ങൾ കിട്ടുമ്പോൾ നമുക്ക് ആ രീതിയിൽ അത് ഉപകരിക്കുമെന്ന് കരുതുന്നു,’ ജോജി പറയുന്നു.