കാതൽ ദി കോർ എന്ന ജിയോയുടെ ചിത്രം ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ജ്യോതികയുടെ സഹോദനായി എത്തുന്ന ടോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോജി ജോണാണ്. മമ്മൂട്ടിയുമൊത്ത് അഭിനയിക്കുമ്പോൾ തനിക്ക് പേടിയുണ്ടെന്ന് ജോജി പറഞ്ഞിരുന്നു. സിനിമയിൽ സിങ്ക് സൗണ്ട് ആയതിനാൽ താൻ തലേ ദിവസം തന്നെ ഡയലോഗ് മനഃപാഠമാക്കിയിരുന്നെന്നും ജോജി പറഞ്ഞു.
ടോമി തന്റെ സഹോദരിയുടെ ഒരാഗ്രഹത്തിനും കൂടെ നിന്നിട്ടില്ലാത്ത സഹോദരനാണ് എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്ത് ഓമനയുടെ കൂടെ നിൽക്കണമെന്ന് മാത്യുവിനോട് പറയുന്നുണ്ട്. ആ സീനിനെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ജോജി.
‘സിങ്ക് സൗണ്ട് ആയതുകൊണ്ടും മമ്മൂക്കയുടെ ഒപ്പമുള്ള സീനായതുകൊണ്ടും തലേ ദിവസം തന്നെ ഡയലോഗുകള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ആ മാനസിക സംഘര്‍ഷം ഉള്‍ക്കൊണ്ട് തന്നെയാണ് ആ സീന്‍ ചെയ്തത്. മമ്മൂക്ക കൂടി വന്ന് ഒരു ഫൈനല്‍ റിഹേഴ്സല്‍ എടുത്ത ശേഷമാണ് ടേക്കിലേക്ക് പോയത്. ആ സീനിന്റെ ഡെപ്ത് എത്രത്തോളമുണ്ടെന്ന് ജിയോ പറഞ്ഞ് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ അത് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ സാധിച്ചു,’ ജോജി പറഞ്ഞു.
ആദർശും പോൾസനും കഥ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ടെന്നും ക്യാമറ സൈഡും ഡയറക്ടറും എല്ലാ ടെക്നിക്കൽ ടീമും നല്ല വിജിലന്റ് ആയിരുന്നെന്നും ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘കഥാപാത്രത്തെ കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു. ഇത്രയും പ്രാധാന്യമുള്ള പ്രമേയം ആയതിനാലാവണം അവിടെ ക്യാമറ സൈഡ് ആയാലും ഡയറക്ടര്‍ ആയാലും എല്ലാ ടെക്നിക്കല്‍ ടീമും വളരെ വിജിലന്റ് ആയിരുന്നു.
നല്ല രീതിയിലുള്ള റിഹേഴ്സല്‍ കഴിഞ്ഞതിന് ശേഷമാണ് സീനുകള്‍ എടുത്തിരുന്നത് ഞാന്‍ രാവിലെ ചെല്ലുമ്പോള്‍ തന്നെ എങ്ങനെയാണ് ആ സീന്‍ എന്ന് ഞങ്ങളുടെ കൂടെയിരുന്ന് വ്യക്തമായി പറഞ്ഞു തന്ന് അഭിനയിപ്പിച്ചു നോക്കിയതിന് ശേഷമാണ് ടേക്ക്‌പോയിരുന്നത്. അത് വളരെ സഹായകരമായിരുന്നു.
ടോമിയെന്ന എന്റെ കഥാപാത്രം ആ വീട്ടിലെ അടുക്കളയില്‍ വരെ എത്താനും അവരോടൊക്കെ എത്ര സ്വാതന്ത്ര്യത്തില്‍ വേണമെങ്കിലും സംസാരിക്കാനും പവറുള്ള കഥാപാത്രമാണ്. ആ വീടുമായിട്ട് അത്രയും ഇഴുകിച്ചേര്‍ന്ന, എല്ലാ അര്‍ത്ഥത്തിലും ആ വീടുമായി ബന്ധമുള്ള കഥാപാത്രമായിട്ടാണ് ടോമിയെ കാണിക്കുന്നത്.
അത് റിവീല്‍ ചെയ്യാന്‍ വേണ്ടിയിട്ടാണ് അദ്ദേഹത്തിന്റെ ആദ്യ സീന്‍ തന്നെ അടുക്കളയില്‍ നിന്ന് ഇറങ്ങി വരുന്നതായിട്ടാണ് കാണിക്കുന്നത്. അടുക്കളയില്‍ നിന്ന് വന്ന് ഡൈനിങ് ടേബിളില്‍ ഇരുന്ന് കുപ്പി പൊട്ടിച്ച് അടിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അപ്പനോട് പോലും ഒരെണ്ണം അടിക്കുന്നോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . നമ്മുടെയൊക്കെ കത്തോലിക്കാ തറവാടുകളിലെ ഒരു ഡൈനിങ് ടേബിളുകളിലെ ശീലമാണ് അത്. അതിന്റെ എല്ലാ അന്തസത്തയും ആ സീനിന് ഉണ്ടായിരിക്കണമെന്ന് ജിയോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് ആ രീതിയില്‍ തന്നെ വന്നിട്ടുണ്ട് താനും,’ ജോജി പറയുന്നു.