പരിഭാഷ: അജിത്ത് രുഗ്മിണി
1948 മുതല്‍ ഇസ്രാഈല്‍ ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്നും തുടച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതേ വര്‍ഷം തന്നെ സിറിയന്‍ അക്കാദമിക് ആയ കോണ്‍സ്റ്റാന്‍ഡിന്‍ സുറയാക് Ma’na al-Nakba (മഹാവിപത്തിന്റെ അര്‍ത്ഥം) എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. മഹാവിപത്തെന്ന് പുസ്തകത്തില്‍ സൂചിപ്പിച്ച, ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്നുമൊഴിപ്പിക്കല്‍ അപ്പോഴേക്കും ക്രൂരമായ തരത്തില്‍ നടന്നിരുന്നു. ഇസ്രാഈലില്‍ താമസിക്കുന്ന ഫലസ്തീനികളോടുള്ള വിവേചനമായും ഈസ്റ്റ് ജറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ ഫലസ്തീനികള്‍ക്ക് മേലുള്ള കടന്നുകയറ്റമായും നാടുവിട്ട ഫലസ്തീനികളുടെ തിരിച്ചു വരവിനെ തടയുന്ന തരത്തിലേക്കുമൊക്കെ ഇത് വളര്‍ന്നു.
2021 ഏപ്രിലില്‍ ഇത്തരം വിഷയങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് A Threshold Crossed. Israeli Authorities and the Crimes of Apartheid and Persecution എന്ന തലക്കെട്ടില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പുറത്തിറക്കി.
മെയ് ആദ്യത്തില്‍, ജെറുസലേമിലെ ഫലസ്തീനിയന്‍ കുടുംബങ്ങളെ നിയമവിരുദ്ധമായി പുറത്താക്കാന്‍ ഇസ്രാഈല്‍ ശ്രമിച്ചു. ഈ പുറത്താക്കലിനെ ‘continuous nakba’ യുടെ ഭാഗമെന്നാണ് ലെബനീസ് നോവലിസ്റ്റ് എല്ല ഖൗരി വിശേഷിപ്പിച്ചത്. നേരത്തെ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ഇസ്രായേലി സൈന്യം ഇറക്കി വിട്ടതിനെ തുടര്‍ന്ന് ജറുസലേമിലേക്ക് മാറിത്താമസം തുടങ്ങിയവര്‍ വീണ്ടും കുടിയിറക്കപ്പെടുകയാണുണ്ടായത്.
ഈ കുടുംബങ്ങളും അവരുടെ അയല്‍ക്കാരും മാറാന്‍ വിസമ്മതിച്ചു. ഇസ്രാഈല്‍ അധിനിവേശ പാലസ്തീന്‍ പ്രദേശം (Occupied Palastinian Territory- OPT) എന്ന് യു.എന്‍ അംഗീകരിച്ച ഈ പ്രദേശത്ത് നിന്നുമുള്ള കുടിയൊഴിപ്പിക്കല്‍ ശ്രമം പ്രതിരോധിക്കുകയെന്നത് അവരുടെ അവകാശമാണ്. ഫലസ്തീനികള്‍ പ്രതിരോധിച്ചപ്പോള്‍ സയണിസ്റ്റുകളുടെ ഭാഗത്തു നിന്നും വീണ്ടും ക്രൂരമായ ഇടപെടലാണുണ്ടായത്. മാത്രമല്ല ഫലസ്തീനികളെ ഉപദ്രവിക്കുന്നതിനായി അല്‍ അഖ്‌സ പള്ളിയിലേക്ക് ഇസ്രാഈല്‍ അതിര്‍ത്തി സേന കയറുന്ന സ്ഥിതി വരെയുണ്ടായി.
ഇസ്രാഈലും സയണിസ്റ്റുകളും അക്രമം നിര്‍ത്തിയില്ലെങ്കില്‍ റോക്കറ്റുകള്‍ നേരിടേണ്ടിവരുമെന്ന് ഗാസയിലെ ഫലസ്തീനികള്‍ സൂചന നല്‍കിയിട്ടും ഇസ്രാഈല്‍ അതിക്രമം നിര്‍ത്താത്തതിനാല്‍ ഗാസയിലെ ഫലസ്തീനികള്‍ ഇസ്രാഈലിന് നേരെ റോക്കറ്റ് വര്‍ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച്, നിയമപരമല്ലാത്ത കയ്യേറ്റത്തിന് നേരെയുള്ള പ്രതിരോധമായാണ് റോക്കറ്റ് തൊടുത്തത്.
സായുധ സേന ഉപയോഗിച്ച് കുട്ടികളെ കൊലപ്പെടുത്തിയും, മിലിറ്ററി കേന്ദ്രങ്ങള്‍ അക്രമിച്ചും, മാധ്യമ സ്ഥാപനങ്ങള്‍ തകര്‍ത്തും ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി മാറിയ ഗാസക്കുമേല്‍ 2006 മുതല്‍ സ്ഥിരമായി ബോംബ് വര്‍ഷം തുടര്‍ന്നു കൊണ്ടാണ് ഫലസ്തീനു മേല്‍ ഇസ്രാഈല്‍ ആധിപത്യം നിലനിര്‍ത്തിപ്പോരുന്നത്.
അമേരിക്കയുടെ സമ്മര്‍ദ്ദമുള്ളതുകൊണ്ട് തന്നെ യു.എന്‍. ഇപ്പോഴും മൗനം പാലിക്കുകയാണ്. ഫലസ്തീനികള്‍ക്ക് വേണ്ടി തങ്ങളുടെ മിലിറ്ററി ഉപയോഗിക്കാന്‍ ഇതുവരേയും ഒരു അറബ് രാജ്യം പോലും തയ്യാറായിട്ടില്ല. ഈജിപ്തിനെപ്പോലുള്ള രാജ്യങ്ങളുടെ വ്യോമസേനക്ക് വളരെ വേഗത്തില്‍ ഗാസക്ക് മേല്‍ രക്ഷാകവചം ഒരുക്കാനുള്ള സാഹചര്യമുണ്ടെന്നിരിക്കേയാണിത്. ജോര്‍ദാനിലും ലെബനനിലുമുള്ള ഫലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍, തങ്ങളുടെ രാജ്യത്തിലേക്ക് മടങ്ങാനുള്ള കൊതിയില്‍, അതിര്‍ത്തികളിലെ ഭീമാകാരമായ ഗെയിറ്റുകള്‍ക്ക് നേരെ മാര്‍ച്ച് ചെയ്യുന്നു.
ഫലസ്തീനികളുടെ റോക്കറ്റ് തൊടുത്തുള്ള പ്രതിരോധത്തിനെ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ തുടക്കമായി ചിത്രീകരിക്കുന്നത് ചരിത്ര നിഷേധവും പ്രതിരോധിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ റദ്ദാക്കലുമാണ്. ഞങ്ങള്‍ ഫലസ്തീനൊപ്പം നിലകൊള്ളുന്നു. രാജ്യത്തിനു വേണ്ടിയുള്ള, കുടിയേറ്റ ശ്രമത്തെ പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തിനൊപ്പം നിലകൊള്ളുന്നു.
ഫലസ്തീനികള്‍ക്കു നേരെ നടക്കുന്ന ഹിംസക്കെതിരായ ഞങ്ങളുടെ ഈ അഭിപ്രായം രൂപപ്പെട്ടു വന്നത് ‘മോചനത്തിലേക്കുള്ള പാത തടുക്കാനാവാത്തതും ഗതി മാറ്റാനാവാത്തതുമാണ്… ഗൗരവകരമായ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് കൊളോണിയലിസത്തിനും, വിവേചനങ്ങള്‍ക്കും അറുതി വരുത്തേണ്ടതുണ്ടെന്ന’ യു.എന്‍. ജനറല്‍ അസംബ്ലി റെസലൂഷന്‍ 1514 (1960) വായിച്ചതിന്റെയടിസ്ഥാനത്തിലാണ്.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Joint statement on Palestine – Arundhathi roy- Aijaz Ahamed