| Sunday, 26th February 2023, 9:24 pm

മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക: സംയുക്ത പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണണമെന്ന് സംയുക്ത പ്രസ്താവന.

മഅദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാപരമായി തുടരുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കവി കെ. സച്ചിദാനന്ദന്‍ മാധ്യമപ്രവര്‍ത്തകരായ ബി.ആര്‍.പി. ഭാസ്‌കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുത്തുകാരന്‍ കെ.ഇ.എന്‍ തുടങ്ങിയവര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നത്.

പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒരു വര്‍ഷം മുന്‍പ് പ്രകടമായപ്പോള്‍ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടര്‍ച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ അസുഖം ഗുരുതരാവസ്ഥയിലെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപവും ഒപ്പുവെച്ചവരുടെ പേരുകളും

രണ്ട് പതിറ്റാണ്ടിലധികമായി സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം കള്ളക്കേസില്‍ കുരുക്കി വേട്ടയാടപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകം ആണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

നീണ്ട ജയില്‍വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ട് നിരവധി രോഗങ്ങള്‍ ആദ്യമേ അലട്ടുന്ന മഅദനിക്ക് നിലവില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ വിശദ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീര്‍ത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടും സര്‍ജറിക്ക് വിധേയമാകണമെങ്കില്‍ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്. നിലവില്‍ ബെംഗളൂരുവില്‍ അനുകൂല സാഹചര്യങ്ങളല്ല നിലവിലുള്ളത്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തി പലപ്പോഴും മഅദനിക്ക് ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്.

പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒരു വര്‍ഷം മുന്‍പ് പ്രകടമായപ്പോള്‍ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടര്‍ച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ അസുഖം ഗുരുതരാവസ്ഥയിലെത്തിയത്.

ഈ അവസ്ഥയില്‍ മാനുഷിക പരിഗണനകള്‍ അടിസ്ഥാനമാക്കി ബെംഗളൂരു നഗരപരിധിയില്‍ നിന്ന് പുറത്ത് വരാനുള്ള ജാമ്യം അനുവദിക്കേണ്ടതാണ്. മഅദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാപരമായി തുടരുന്നത് കൊണ്ട്, ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു .

ബി.ആര്‍.പി. ഭാസ്‌കര്‍

കെ. സച്ചിദാനന്ദന്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

കെ.ഇ.എന്‍

കെ. അജിത

കെ.കെ. കൊച്ച്

കാസിം ഇരിക്കൂര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.എന്‍.എല്‍ )

ഡോ എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി ( ജനറല്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം )

സണ്ണി എം. കപിക്കാട്

കെ.എസ്. മാധവന്‍

അശോകന്‍ ചരുവില്‍

വിധു വിന്‍സെന്റ്

Content Highlight: Joint Statement Kerala Govt to Urgently Intervene to Save Abdul Nazer Mahdani’s Life

Latest Stories

We use cookies to give you the best possible experience. Learn more