ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണണമെന്ന് സംയുക്ത പ്രസ്താവന.
മഅദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാപരമായി തുടരുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കവി കെ. സച്ചിദാനന്ദന്‍ മാധ്യമപ്രവര്‍ത്തകരായ ബി.ആര്‍.പി. ഭാസ്‌കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുത്തുകാരന്‍ കെ.ഇ.എന്‍ തുടങ്ങിയവര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നത്.
പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒരു വര്‍ഷം മുന്‍പ് പ്രകടമായപ്പോള്‍ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടര്‍ച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ അസുഖം ഗുരുതരാവസ്ഥയിലെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപവും ഒപ്പുവെച്ചവരുടെ പേരുകളും
രണ്ട് പതിറ്റാണ്ടിലധികമായി സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം കള്ളക്കേസില്‍ കുരുക്കി വേട്ടയാടപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകം ആണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
നീണ്ട ജയില്‍വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ട് നിരവധി രോഗങ്ങള്‍ ആദ്യമേ അലട്ടുന്ന മഅദനിക്ക് നിലവില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ വിശദ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീര്‍ത്തും നിശ്ചലമായി പോവുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.