'വടിയും ലാത്തിയും ആസിഡും കയ്യില്‍ കരുതാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു'; ജെ.എന്‍.യു ആക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി
JNU
'വടിയും ലാത്തിയും ആസിഡും കയ്യില്‍ കരുതാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു'; ജെ.എന്‍.യു ആക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2020, 1:44 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ആക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാര്‍. കാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ലാത്തിയും വടികളും ആസിഡുകളും വരെ കയ്യില്‍ കരുതിയിരുന്നുവെന്നും അനിമ പറഞ്ഞു. ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അനിമയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വയം രക്ഷക്കായി ലാത്തിയും വടികളും ആസിഡും കയ്യില്‍ കരുതാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് വാട്‌സ്ആപ്പ് വഴി നിര്‍ദേശം ലഭിച്ചിരുന്നുവെന്നും അനിമ തുറന്ന് സമ്മതിച്ചു.

ഇതേ ചര്‍ച്ചയില്‍ തന്നെ ബി.ജെ.പി നേതാവായ നുപൂര്‍ ശര്‍മയും പങ്കെടുത്തിരുന്നു. അനിമയുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹം വിഷയത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അതേസമയം ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാ ദള്‍ രംഗത്തെത്തിയിരുന്നു.
ജെ.എന്‍,യുവില്‍ ‘ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ നടക്കുന്നുണ്ടെന്നും അത് തടയാനാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി ജെ.എന്‍.യു കാമ്പസിലേക്ക് അതിക്രമിച്ചു കയറിയെതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംഘടനാ നേതാവ് ഭൂപേന്ദ്ര തോമര്‍ സമ്മതിക്കുകയായിരുന്നു.

ജനുവരി അഞ്ചിന് രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ