കോഴിക്കോട്: ആഡംബരകാറിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തി നികുതി വെട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊടുവള്ള നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്.
കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ഹിയറിംഗിന് ഹാജരാവാനും വാഹന രജിസ്‌ട്രേഷന് ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാനും ആര്‍.ടി.ഒ ഉത്തരവിട്ടിട്ടുണ്ട്.
പോണ്ടിച്ചേരിയിലെ വിലാസം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. പോണ്ടിച്ചേരിയില്‍ സ്ഥിരതാമസക്കാരനായ വ്യക്തിക്ക് മാത്രമേ അവിടെ വാഹനം രജിസ്ട്രതര്‍ ചെയ്യാന്‍ കഴിയുകയുള്ളു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം.
നിലവില്‍ 2013ല്‍ കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഫൈസല്‍ ഏഴാം പ്രതിയാണ്. ജനജാഗ്രതാ യാത്രയില്‍ ഫൈസലിന്റെ വാഹനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെയാണ് കാറിനെ കുറിച്ച് ആര്‍.ടി.ഒ അന്വേഷണത്തിന് ഉത്തരവിട്ടത്.