കോട്ടയം: റബ്ബര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയതിനും പ്രകൃതിദത്ത റബ്ബറിന്റെ വിലയിടിവിനുമെതിരെ സംസ്ഥാനത്തെ ടയര്‍ കാര്‍ട്ടലുകളായ എം.ആര്‍.എഫ്, അപ്പോളോ തുടങ്ങിയവയുടെ ഫാക്ടറികള്‍ക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സംയുക്ത കര്‍ഷക സമിതി.
ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 11 കര്‍ഷക സംഘടനകളെ ഉള്‍പെടുത്തിക്കൊണ്ടാണ് പ്രതിഷേധം നടത്താന്‍ കര്‍ഷക സമിതി തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 30 ന് 10 മണി മുതല്‍ ഫാക്ടറികളിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നാണ് ധാരണ.
ടയര്‍ കുത്തകകളുടെ ചോരകുടിയന്‍ കാര്‍ട്ടലിനെതിരെ കര്‍ഷകരുടെ മാര്‍ച്ചും ഉപരോധവും എന്ന പേരിലാണ് കര്‍ഷക സമിതി പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉപഭോക്താക്കളെയും കൃഷിക്കാരെയും കൊള്ളയടിച്ചതില്‍ എം.ആര്‍.എഫും അപ്പോളോ ടയേര്‍സും അടങ്ങുന്ന ടയര്‍ കമ്പനികള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) ചുമത്തിയ പിഴ കര്‍ഷകര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നാണ് കര്‍ഷക സമിതിയുടെ പ്രധാന ആവശ്യം. സി.സി.ഐ കമ്പനികള്‍ക്ക് പിഴയിട്ടിരിക്കുന്ന തുക ഏകദേശം 1788 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍.
കോട്ടയത്തെ എം.ആര്‍.എഫ്, കളമശ്ശേരിയിലെ അപ്പോളോ ഫാക്ടറിയിലേക്കുമാണ് സംയുക്ത കര്‍ഷക സമിതി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സമിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ ഗ്രാമ-നഗര തലത്തില്‍ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ അറിയിച്ചു.
കുത്തകകളുടെ വര്‍ധിച്ചുവരുന്ന ആധിപത്യത്തെ തകര്‍ക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്നും ജനകീയ ജനാധിപത്യം കെട്ടിപ്പടുക്കുക എന്നതാണ് ഇന്ത്യയിലെ ഉത്പാദക വര്‍ഗത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമെന്നും കര്‍ഷക സമിതി പറഞ്ഞു. റബ്ബര്‍ മേഖലയെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയ കുത്തകകള്‍ക്കെതിരെ ശക്തമായി പോരാടണമെന്നും സംയുക്ത കര്‍ഷക സമിതി കൂട്ടിച്ചേര്‍ത്തു.
Content Highlight: Joint farmers’ committee to besiege MRF and Apollo factories