| Friday, 9th June 2023, 12:23 pm

480 മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍; ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം 23ന് പാട്‌നയില്‍ വെച്ച് നടക്കുന്ന സംയുക്ത പ്രതിപക്ഷ യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

450 പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധിക്കൂവെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം പ്രതിപക്ഷ നേതാക്കളുമായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്ര ഏജന്‍സികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടല്‍ നടത്തുന്ന തെലങ്കാന, ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതെങ്ങനെ സാധ്യമാകുമെന്നത് നിര്‍ണായകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എ.ഐ.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംയുക്ത പ്രതിപക്ഷ യോഗം ജൂണ്‍ 23ന് പാട്‌നയില്‍ നടക്കുമെന്ന് ജനതാദള്‍ (യുണൈറ്റഡ്) ബുധനാഴ്ച അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ പിന്തുണച്ചതായും നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.

ആം ആദ്മി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, സി.പി.ഐ നേതാവ് ഡി. രാജ, സി.പി.ഐ.എം ദേശീയാധ്യക്ഷന്‍ സീതാറാം യെച്ചൂരി, സി.പി.ഐ. എം.എല്‍. നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജനുവരിയില്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബി.ആര്‍.എസ് യോഗത്തിന്‍ പങ്കെടുക്കില്ല.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ യോഗം ജൂണ്‍ 12ന് പട്‌നയില്‍ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നേതാക്കളുടെ ലഭ്യതക്കുറവിനെ തുടര്‍ന്ന് യോഗം പിന്നീട് മാറ്റിവെക്കുകയായിരുന്നു. എല്ലാവരുടേയും സാന്നിധ്യം ഉറപ്പാക്കാനാണ് തീയതി നീട്ടിയത്.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ക്ഷണിച്ചതായും ഉടനെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ.ഡി.യു അറിയിച്ചിരുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് സംയുക്ത പ്രതിപക്ഷ യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ജെ.ഡി.യു പ്രസിഡന്റ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷ സംയുക്തസഖ്യത്തെ കോണ്‍ഗ്രസ് നയിക്കുന്നതിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. അടുത്ത ഒരു വര്‍ഷം ബി.ജെ.പിക്കെതിരെ കൂട്ടായ പ്രതിഷേധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കും.

Content Highlights: joint candidates in 480 constituencies

We use cookies to give you the best possible experience. Learn more