| Tuesday, 20th June 2023, 10:30 am

'സൈല'വുമായി കൈകോര്‍ക്കുന്നു; 'ഫിസിക്‌സ് വാല' 500 കോടി നിക്ഷേപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്‌സ് വാല’ തെന്നിന്ത്യയിലെ മികച്ച ലേണിങ് ആപ്പ് ഉടമകളായ ‘സൈലം ലേണിങ്ങു’മായി കൈകോര്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പഠനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ
രംഗത്ത് മുന്‍നിരയിലുള്ള ഇരു കമ്പനികളും ഒരുമിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിനായി 500 കോടി നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ‘ഫിസിക്‌സ് വാല?’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂ-ട്യുബ് ചാനലുകളിലൂടെയും ഓഫ്ലൈന്‍, ഹൈബ്രിഡ് കോച്ചിങ്ങുകള്‍ നല്‍കിവരുന്നുണ്ട്. സൈലം ലേണിങ് ആകട്ടെ അവരുടെ 30 യൂ-ട്യൂബ് ചാനലുകളിലൂടെ മൂന്ന് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ക്ലാസുകളും വിവിധ ഓണ്‍ലൈന്‍ കോഴ്സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കിയുള്ള ക്ലാസുകളും നല്‍കിവരുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഓഫ്ലൈന്‍/ഹൈബ്രിഡ് സെന്റകളിലൂടെ ഹൈബ്രിഡ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂള്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലായി 30,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.

സൈലം ലേണിംഗുമായുള്ളപങ്കാളിത്തത്തിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകവഴി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായി മാറുക എന്നതാണ് ലക്ഷ്യമെന്ന് ‘ഫിസിക്‌സ് വാല’സ്ഥാപകനും സി.ഇ.ഒയുമായ അലക് പാണ്ഡെ പറഞ്ഞു. സൈലം മോഡല്‍ ഹൈബ്രിഡ് ലേണിങ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി
നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുഗുദേശം തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നല്‍കുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും അലക് പാണ്ഡെ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക്
ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇരു സ്ഥാപനങ്ങള്‍ക്കും ഉള്ളതിനാല്‍ ഈ സംയുക്ത സംരംഭത്തിലൂടെ നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന
പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സി.എ, സി.എം.എ, സി.എസ്, പി.എസ്.സി, യു.പി.എസ്.സി, കേന്ദ്ര സര്‍വകാലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവ എഴുതുന്നവര്‍ക്കുമുള്ള പരിശീലനം ഏറ്റവും മികച്ചരീതിയില്‍ നല്‍കാന്‍ കഴിയുമെന്ന് ‘സൈലം’സ്ഥാപകനായ ഡോ. അനന്തു പറഞ്ഞു.

പുതിയ പദ്ധതിവഴി 2024 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി വരുമാനം നേടാന്‍ ലക്ഷ്യമിടുന്നതായും തുടക്കം മുതല്‍തന്നെ വിജയകരമായി മുന്നേറുന്ന ഇരു സ്ഥാപനങ്ങളുടെയും സാങ്കേതിക മികവും പരിചയസമ്പന്നതയും ഒന്നിക്കുമ്പോള്‍ അത് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Joining Hands with ‘Xylem’; ‘Physics Walla’ will invest 500 crores

We use cookies to give you the best possible experience. Learn more