| Wednesday, 11th November 2020, 10:04 am

ബീഹാറില്‍ എന്തും സംഭവിക്കാം; കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കുമൊപ്പം ചേരാന്‍ നിതീഷിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

ബി.ജെ.പി പ്രത്യയശാസ്ത്രം താങ്കള്‍ ഉപേക്ഷിക്കണമെന്നും തേജസ്വിയ്‌ക്കൊപ്പം നില്‍ക്കണമെന്നുമാണ് ദിഗ് വിജയ് സിങ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ബി.ജെ.പി ‘അമര്‍ബെല്‍ മരം’ പോലെ മറ്റു പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. ലാലു ജി നിങ്ങളുമായി യുദ്ധത്തിലായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ജയിലിലും പോയി. നിങ്ങള്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു വന്നു തേജസ്വിയ്ക്ക് ആശിര്‍വാദം നല്‍കണം. അമര്‍ബെല്‍ മരം പോലെ ബീഹാറില്‍ ബി.ജെ.പിയെ വളര്‍ത്താതിരിക്കൂ’, എന്നായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതുവരെ നിതീഷ് കുമാറിന്റേതായി ഒരു പ്രസ്താവനയും പുറത്തുവന്നിട്ടില്ല. ഫലം പുറത്തുവരുന്നതിന് തൊട്ടുമുന്‍പായി ഇന്നലെ ബി.ജെ.പി നേതാക്കള്‍ നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പദം നിതീഷിന് തന്നെയായിരിക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള ധാരണയില്‍ മാറ്റമില്ലെന്നും ബി.ജെ.പി നേതാക്കള്‍ നിതീഷിനെ അറിയിച്ചതായാണ് സൂചന. പരസ്യപ്രതികരണവുമായി നിതീഷ് രംഗത്തെത്തുന്നത് തടയുക എന്ന ലക്ഷ്യം കൂടി ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.

75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.

2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.

അതേസമയം ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും അഞ്ച് സീറ്റ് നേടി വലിയ നേട്ടമുണ്ടാക്കി. ബി.എസ്.പിക്ക് ഒരു സീറ്റാണ് ലഭിച്ചത്. എന്‍.ഡി.എ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വി.ഐ.പി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Join Cong-RJD Alliance: Digvijaya Singh’s appeal to Nitish Kumar

We use cookies to give you the best possible experience. Learn more