| Wednesday, 18th November 2020, 7:17 pm

ഒന്നുകില്‍ മറ്റ് പാര്‍ട്ടിയില്‍ ചേരൂ, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കൂ; കപില്‍ സിബലിനെതിരെ ഒളിയമ്പുമായി അധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ബീഹാറിലെ തിരിച്ചടിയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയും കോണ്‍ഗ്രസിനെ ബദലായി ജനങ്ങള്‍ കാണുന്നില്ലെന്നതിന്റെ തെളിവാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കപില്‍ സിബലിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടി വിടാം എന്ന് തുറന്നടിച്ചു.

‘ചില നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടുന്നതില്‍ ഒരു തടസവുമില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാം. പക്ഷെ അവര്‍ കോണ്‍ഗ്രസിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല’. ചൗധരി പറഞ്ഞു.

വിയോജിപ്പുള്ളവര്‍ പാര്‍ട്ടിയ്ക്കുള്ളിലാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നുവെന്ന് കോണ്‍ഗ്രസിനുള്ളില്‍ പോലും ആര്‍ക്കും അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വെറുതെ സംസാരിക്കുന്നവര്‍ ആത്മപരിശോധന നടത്തേണ്ട സമയമായെന്നും ചൗധരി പറഞ്ഞു.

കപില്‍ സിബല്‍ ഇതേക്കുറിച്ച് മുമ്പും സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല, ചൗധരി പറഞ്ഞു.

ഈ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം മധ്യപ്രദേശിലോ, ബീഹാറിലോ പോയിരുന്നോ? അത്തരത്തില്‍ തെളിവുകള്‍ നിരത്തിയാല്‍ ഈ വാദം സമ്മതിക്കാമായിരുന്നു. വെറുതെ തോന്നുന്നത് സംസാരിച്ചുകൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞിരുന്നു.

ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മപരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു.

സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഉത്തരം സ്വയം ചികഞ്ഞ് കണ്ടെത്താനുള്ള ഒരു ശ്രമവും പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് നടക്കുന്നില്ല. എല്ലാവരുടെയും ഇന്നത്തെ ആശങ്കയും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Join Another Party Or Start Your Own”: Congress Infighting Worsens

We use cookies to give you the best possible experience. Learn more