| Tuesday, 30th March 2021, 12:30 pm

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പ്രസംഗം തെറ്റായിപ്പോയി; പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ജോയ്‌സ് ജോര്‍ജ്. പ്രസംഗം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വെച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജോയ്‌സിന്റെ പ്രസ്താവന തള്ളിയിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയെ ജോയ്‌സ് ജോര്‍ജ് ആക്ഷേപിച്ചത്.

രാഹുല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധപരവും രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപപരവുമായ പരാമര്‍ശം നടത്തിയത്.

‘രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.

എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇരട്ടയാറില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും സംവദിച്ചിരുന്നു.

തമിഴ്നാട് മുളഗുമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കൊപ്പം പുഷ് അപ്പ് എടുക്കുകയും മറ്റൊരു വിദ്യാര്‍ത്ഥിക്ക് ‘ഐക്കഡോ’ എന്ന കായികാഭ്യാസത്തിന്റെ ചില ചുവടുകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

അടുത്തിടെ കേരളത്തില്‍ പര്യടനത്തിന് വന്നഘട്ടത്തിലും കോളേജ് വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Joice George Regret Rahul Gandhi Kerala Election 2021

We use cookies to give you the best possible experience. Learn more