'കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യം'; ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്(ജെ)യില്‍ നിന്ന് രാജിവെച്ചു; പുതിയ പാര്‍ട്ടി രൂപീകരിക്കും
Kerala News
'കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യം'; ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്(ജെ)യില്‍ നിന്ന് രാജിവെച്ചു; പുതിയ പാര്‍ട്ടി രൂപീകരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 12:21 pm

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജി വെച്ചു. പുതിയ പാര്‍ട്ടിയില്‍ രൂപീകരിക്കുമെന്നും പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

അതേസമയം കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ ഗൗരവുള്ളവതാണ്. പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍. മധ്യ തിരുവിതാംകൂരില്‍ ജനങ്ങള്‍ പട്ടിണിയിലാണ്. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിച്ച് തരണമെന്നാണ് ഞാനടക്കമുള്ളവര്‍ വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

റബറിനെ കാര്‍ഷികോല്‍പ്പന്നമായി പരിഗണിച്ചിട്ടില്ല. ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്. നെല്ല് കര്‍ഷകര്‍ ലോണ്‍ എടുത്ത് ചെയ്യുന്ന കൃഷിക്ക് നെല്ലിന്റെ വില അപര്യാപ്തമാണ്. അത് വര്‍ധിപ്പിക്കണം.

കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ഒരു ഉത്തേജനം നല്‍കുവാന്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് ഞങ്ങളെയൊക്കെ ഈ വിധത്തില്‍ പ്രേരിപ്പിച്ചത്,’ അദ്ദേഹം പറഞ്ഞു.

ചില മാധ്യമങ്ങളൊക്കെ ക്രിസ്ത്യന്‍ പാര്‍ട്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നും എന്നാല്‍ സെക്കുലര്‍ പാര്‍ട്ടിയാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ബി.ജെ.പിയെക്കുറിച്ച് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് കെ.എം. മാണി ഉണ്ടായിരുന്ന സമയത്ത് റബര്‍ വില കൂട്ടിയിരുന്നുവെന്നും അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ജോണി പറഞ്ഞു.

‘കേരള കോണ്‍ഗ്രസിന് പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതില്‍ സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിങ്ങനെ എല്ലാ പാര്‍ട്ടിയില്‍ നിന്നും അംഗങ്ങളുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

content highlight: johny nellur resigns from kerala congress