ചില വൈദികര്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി; ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂര്‍
D' Election 2019
ചില വൈദികര്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി; ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 11:04 pm

 

കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് പിറവം നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍. യാക്കോബായ വിഭാഗത്തിലെ ചില വൈദികര്‍ അടക്കം എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് ഇതിന് കാരണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

വലിയ ഭൂരിപക്ഷം പിറവം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് ലഭിക്കില്ല. എന്നാല്‍ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ഭൂത്തുകള്‍ എടുത്തു പരിശോധിച്ചാല്‍ ന്യൂനപക്ഷ ഏകീകരണം നമുക്ക് കാണാന്‍ കഴിയും. ചില നിയോജക മണ്ഡലങ്ങളില്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട പുരോഹിതന്മാര്‍ ഉള്‍പ്പടെ ഇടതുപക്ഷത്തിന് വേണ്ടി പരസ്യമായി ഇറങ്ങിയതൊക്കെ നമ്മള്‍ കണ്ടു. പക്ഷെ അതൊന്നും വോട്ടര്‍മാരുടെ ഇടയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുമുന്നണികളെയും പിന്തുണച്ചിട്ടുള്ള മണ്ഡലം ഇത്തവണ ശക്തമായ മത്സരത്തിനായിരുന്നു ഒരുങ്ങിയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും പി.സി തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായുമാണ് കോട്ടയത്ത് മത്സരിച്ചത്. 2014 ല്‍ 50 ശതമാനം വോട്ട് വാങ്ങിയാണ് ജോസ് കെ.മാണി ജെ.ഡി.എസിന്റെ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയത്.