| Friday, 11th March 2016, 10:33 am

സീറ്റ് നിഷേധം; കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തിന് അതൃപ്തി: ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സീറ്റ് വിഭജന നിലപാടില്‍ ജേക്കബ്ബ് ഗ്രൂപ്പിന് അതൃപ്തി. പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നെന്നും ഇനി ഒരു ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്നും ജോണി നെല്ലൂര്‍ അറിയിച്ചു. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

യുഡി എഫിന്റെ വളര്‍ച്ച മാത്രമാണ് ഇത്രയും കാലം ആഗ്രഹിച്ചത്. പാര്‍ട്ടി 4 സീറ്റ് വേണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചിരിക്കുന്നു. അത് അമിതമായ ആവശ്യമല്ല. 1993 ല്‍ 4 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും 4 സീറ്റ് നല്‍കി.

എന്നാല്‍ 2011 ല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ച് വിജയിച്ച മൂവാറ്റുപുഴ സീറ്റ് നോമിനേഷന്‍ കൊടുക്കേണ്ട തലേന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരമായി അങ്കലമാലി സീറ്റ് അനുവദിക്കുകയും ചെയ്തു.

അവിടെ ഞാന്‍ പരാജയപ്പെട്ടു. എങ്കിലും 5 വര്‍ഷവും നിയോജകമണ്ഡലത്തിലെ മുക്കിലും മൂലയിലും വികസനകാര്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അത് ജനങ്ങള്‍ക്കറിയാം.ഞാന്‍ അവിടെ ഓഫീസെടുത്തു. വീടെടുത്തു. അവിടുത്തെ വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ത്തു.

അതുകൊണ്ട് തന്നെ അങ്കമാലി സീറ്റ് നിര്‍ബന്ധമാണെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. പിറവത്തും അങ്കലമാലിയും വിട്ടുവീഴ്ചയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ ചോല കൊട്ടാരക്കര അല്ലെങ്കില്‍ പുനലൂര്‍. ഇവയാണ് ഞങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകല്‍. എന്നാല്‍ സീറ്റുമായി ബന്ധപ്പെട്ട് രണ്ട് വട്ടം ചര്‍ച്ച നടന്നെങ്കിലും ഒരു അഭിപ്രായവും ഉണ്ടായില്ല.

പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന കാര്യമാണ് ഇത്. ജേക്കബ്ബ് ഗ്രൂപ്പിന് സീറ്റില്ല എന്ന വാര്‍ത്ത വന്നു. ഞങ്ങളോട് സീറ്റ് തരുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല.

ഇതില്‍ പ്രവര്‍ത്തകര്‍ ഉത്ക്കണ്ഡാകുലരാണ്. ക്ഷുഭിതരാണ് പാര്‍ട്ടിയെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതിലുള്ള പ്രതിഷേധം മറിച്ചുവെക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഞാന്‍ അറിയിക്കുന്നു.

ഇന്നത്തെ ചര്‍ച്ചയില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇനി പങ്കെടുക്കില്ലെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more