യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയില്‍: മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്നും ജോണി നെല്ലൂര്‍
Daily News
യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയില്‍: മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്നും ജോണി നെല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2016, 10:10 am

johny-nellore

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ നെല്ലൂര്‍ തിരികെ യു.ഡി.എഫിലേക്ക്. യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മൂവാറ്റുപുഴയില്‍ മത്സരിക്കും. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഇതിനായി നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

അങ്കമാലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ജോണി നെല്ലൂര്‍ മുന്നണി വിട്ടത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പിറവം മാത്രമാണ് ജേക്കബ് വിഭാഗത്തിന് ലഭിച്ചിരുന്നത്. അങ്കമാലി സീറ്റ് ലഭിക്കണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും  അങ്കമാലിയില്‍ റോജി ജോണിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.

വിഷയത്തില്‍ പാര്‍ട്ടിയും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് കൂടെ കൊണ്ടു നടന്ന് ചതിച്ചുവെന്നും യു.ഡി.എഫിന്റെ പരാജയം ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോണി നെല്ലൂര്‍ പ്രസ്താവിച്ചിരുന്നു. യു.ഡി.എഫിനെതിരെ സ്വതന്ത്രനായി മത്സരിക്കാനും ജോണി നെല്ലൂര്‍ ആലോചിച്ചിരുന്നു.

തുടര്‍ന്നാണ് ജോണി നെല്ലൂരിനെ അനുനയിപ്പിക്കാനുള്ള നീക്കം നേതൃത്വം ആരംഭിച്ചത്.