| Saturday, 22nd April 2023, 12:56 pm

ബി.ജെ.പിയോട് പ്രത്യേക സ്‌നേഹമോ എതിര്‍പ്പോ ഇല്ല; നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വി.വി അഗസ്റ്റിനാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ചെയര്‍മാന്‍. ജോണി നെല്ലൂരാണ് വര്‍ക്കിങ് ചെയര്‍മാന്‍. ബി.ജെ.പിയോട് പ്രത്യേക സ്‌നേഹമോ എതിര്‍പ്പോ തങ്ങള്‍ക്കില്ലെന്നാണ് പാര്‍ട്ടി വക്താക്കള്‍ പറയുന്നത്.

ബി.ജെ.പി സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്നും അവര്‍ ഇന്ത്യ ഭരിക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് അവരോട് എതിര്‍പ്പോ പ്രത്യേക സ്‌നേഹമോ ഇല്ല എന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പല പാര്‍ട്ടിയിലും പെട്ട നേതാക്കന്മാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഒരു ബി.ജെ.പി നേതാവിനോടും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആലോചനക്ക് പിന്നിലെന്നും നേരത്തെ പറഞ്ഞിരുന്നു.

ഏതാണ്ട് 13 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ടെന്നും ഇതുവരെയും റബറിനെ കാര്‍ഷികോല്‍പ്പന്നമായി പരിഗണിച്ചിട്ടില്ലെന്നും പറഞ്ഞ ജോണി നെല്ലൂര്‍, നെല്ലിന്റെ വില വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേരള കോണ്‍ഗ്രസിന് പരിമിതികള്‍ ഉള്ളത് കൊണ്ടാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്നും തങ്ങളുടേത് സെക്കുലര്‍ പാര്‍ട്ടിയാണെന്നും ജോണി അവകാശപ്പെട്ടിരുന്നു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍ സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിങ്ങനെ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ളവര്‍ അംഗങ്ങളാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.

നേരത്തെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തില്‍ നിന്നാണ് ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെത്തിയത്. ഉപാധികളില്ലാതെയാണ് ലയനമെന്ന് അന്ന് ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു. കേള കോണ്‍ഗ്രസുകളുടെ യോജിപ്പിനുള്ള തുടക്കമാണ് ഈ ലയനമെന്നും അനൂപ് ജേക്കബും ജോസ് കെ മാണിയുമെല്ലാം വൈകാതെ തങ്ങള്‍ക്കൊപ്പം വരേണ്ടി വരുമെന്നും ലയന സമ്മേളനത്തില്‍ ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.

Content Highlights: johny nelloor announce new political party

We use cookies to give you the best possible experience. Learn more