| Monday, 26th April 2021, 7:53 pm

രാഷ്ട്രീയാധികാരത്തിലേക്കുള്ള കേരളീയ ദളിത് സാമൂഹികാവസ്ഥയുടെ ദൂരം

ജോണി എം.എല്‍.

മനുഷ്യന്റെ ആത്യന്തികമായ വിധി എന്നത് ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുക എന്നതാണ്. അതിന് പ്രകൃതി സ്വാഭാവികമായി നല്‍കുന്ന പര്യവസാനമാണ് മരണം. ഇത് ജാതി-മത-വര്‍ഗ-വര്‍ണ്ണ-സാമ്പത്തിക-ഭൂശാസ്ത്ര ഭേദമന്യേ ഒന്നായിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ മാത്രം ജീവിത രംഗത്ത് താഴെക്കിടയില്‍ ആയിപ്പോകുന്നത് അസ്വാഭാവികവും പ്രകൃതിവിരുദ്ധവും ആയിരിക്കുന്നു എന്ന് മാത്രമല്ല അത് അനീതിയും അധാര്‍മ്മികതയും നിറഞ്ഞ ഒരു വ്യവസ്ഥിതിയെ നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇതിനെതിരെയുള്ള സംഘര്‍ഷങ്ങളാണ് ഇന്ന് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്; അതിന് പല പേരുകള്‍ ഉണ്ടെന്ന് മാത്രം.

ഇതിന് ഒരു മാറ്റം വരണമെങ്കില്‍ ആദ്യമായി വേണ്ടത്, നമ്മുടെ വ്യവസ്ഥ ശരിയല്ല എന്ന് തിരിച്ചറിയുക എന്നതാണ്. ആ തിരിച്ചറിയലിലൂടെ വ്യവസ്ഥയെ മാറ്റി മറിക്കുക എന്നതാണ്. എന്നാല്‍ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്ക് ശേഷവും വ്യവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അതിന്റെ ഉറപ്പ് അത്ര ഗാഢമാണെന്നും അതിനെ മാറ്റിമറിയ്ക്കാനായി പുതിയ സമീപനങ്ങള്‍ ഉണ്ടാകണം എന്നും ഉള്ളതാണ്.

കേരളത്തില്‍ മുപ്പത്തിയഞ്ചു ലക്ഷം ദളിതര്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഉയര്‍ത്തപ്പെടുന്ന ചോദ്യം എന്തുകൊണ്ട് അവര്‍ ഒരു വോട്ട് ബാങ്ക് ആകുന്നില്ല എന്നുള്ളതാണ്. കെ.പി.എം.എസ്സിന്റെ ജനറല്‍ സെക്രട്ടറിയായ ശ്രീ പുന്നല ശ്രീകുമാര്‍ ഈ അടുത്തിടെ ട്രൂ കോപ്പി തിങ്കിലെ ഹര്‍ഷനുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു; ഒന്ന്, വരുന്ന നാളുകള്‍ സംഘര്‍ഷത്തിന്റെതാണ്, രണ്ട്, കേരളത്തിലെ ദലിതര്‍ക്കിടയില്‍ ഉപജാതി പ്രശ്‌നങ്ങള്‍ സജീവമാണ്.

പുന്നല ശ്രീകുമാര്‍

ഈ രണ്ടു കാര്യങ്ങളും ദളിത് പ്രശ്‌നത്തെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുമ്പോള്‍ത്തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടത് ഇവ രണ്ടും പുതിയ വിഷയങ്ങള്‍ അല്ല എന്നുള്ളതാണ്. ഡോക്ടര്‍ അംബേദ്കര്‍ മുന്നോട്ട് വെച്ച ലൈന്‍ തന്നെയാണിത്. അംബേദ്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആത്യന്തികമായി ചെന്ന് നില്‍ക്കുന്ന പരിഹാരസ്ഥാനം എന്നത് നമ്മള്‍ ഇന്ന് പരക്കെ വിശ്വസിക്കുന്നത് പോലെ ഭരണഘടനയിലുള്ള വിശ്വാസത്തില്‍ ആയിരുന്നില്ല. എന്ന് മാത്രമല്ല അദ്ദേഹം ആ ഭരണഘടനയെ വിമര്‍ശിക്കുന്നിടത്തോളം കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്തു . മരിയ്ക്കുന്നതിന് തൊട്ടു മുന്‍പ് അദ്ദേഹം ചെയ്തത് ബുദ്ധമതത്തിലേയ്ക്ക് ലക്ഷക്കണക്കിന് അനുയായികള്‍ക്കൊപ്പം പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു.

ഭരണഘടനാപരമായ, അതിനാല്‍ത്തന്നെ ജനാധിപത്യപരമായ ഒരു പരിഹാരം ഇന്ത്യയിലെ ദളിത് പ്രശ്‌നത്തിന് അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തികച്ചും പരിക്ഷീണനും നിരാശനുമായിരുന്നു ഡോക്ടര്‍ അംബേദ്കര്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനത്തില്‍ എന്ന് നമുക്ക് തിരിച്ചറിയാനാകും. മഹാത്മാ ഗാന്ധിയും ഏകദേശം ഇത്തരമൊരു നിരാശയിലൂടെ കടന്നു പോകുന്ന വേളയില്‍ത്തന്നെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

അംബേദ്കര്‍

ഒരുപക്ഷെ കുറേക്കൂടി ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിയും ഗീത, രാമരാജ്യം, ഹിന്ദു തുടങ്ങിയ കാറ്റഗറികളെ ഉപേക്ഷിച്ചു ക്രിസ്തുമതമോ ബുദ്ധമതമോ സ്വീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ അനുമാനിക്കാം. കാരണം തന്റെ ജീവിതത്തിലുടനീളം മതവുമായി ബന്ധപ്പെട്ട ഈ ചോദ്യം അദ്ദേഹം അഭിമുഖീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കര്‍മ്മയോഗ സിദ്ധാന്തം ഒരുപക്ഷെ ഈ പ്രശ്‌നത്തെ ആത്യന്തിക വിശകലനത്തില്‍ നിന്ന് സ്വയം മാറ്റി നിര്‍ത്താനുള്ള ഒരു മറയായിരുന്നിരിക്കാം.

പുന്നല ശ്രീകുമാര്‍ പറയുന്ന സംഘര്‍ഷങ്ങള്‍, എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം, പ്രാഗ്മാറ്റിക് രാഷ്രീയത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന നീക്കുപോക്കുകള്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളും സമരപരിപാടികളും ആണ്; കാരണം അതിനു വേണ്ട വിപുലീകരണം അദ്ദേഹം ആ സംഭാഷണത്തില്‍ പറയുന്നില്ല. രണ്ടാമത്തെ വിഷയം കേരളത്തിലെ (ഇന്ത്യയിലെയും) ഉപജാതി പ്രശ്‌നങ്ങള്‍ ആണ്.

മഹാത്മാ ഗാന്ധി

പൊയ്കയില്‍ അപ്പച്ചന്‍ തന്റെ ഒരു ഗാനകവിതയില്‍ ഉപജാതികള്‍ നടത്തുന്ന പേര് മാറ്റത്തെക്കുറിച്ചു പറഞ്ഞിട്ട് അതിന്റെ നിഷ്ഫലതയെ സൂചിപ്പിക്കുന്നു. പിന്നീട് ടി.കെ.എസ് വടുതലയുടെ അച്ചന്റെ വെന്തിഞ്ഞ ഇന്നാ എന്ന കഥയിലും മതപരിവര്‍ത്തനത്തിന്റെ നിഷ്ഫലതയെ എടുത്തു കാട്ടുന്നു. ഇത് രണ്ടും സൂചിപ്പിക്കുന്നത്, രണ്ടു കാലങ്ങളിലായി, അംബേദ്കറുടെ മതപരിവര്‍ത്തനം എന്ന പരിപാടിയുടെ നിഷ്ഫലതയെക്കുറിച്ചു കൂടിയാണെന്ന് വിശകലനത്തില്‍ മനസ്സിലാകും.

ഉപജാതി പ്രശ്‌നം എന്നത് മൊത്തമായി മതം മാറ്റത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല എന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. മിശ്രവിവാഹമായിരുന്നു അംബേദ്കര്‍ കണ്ട മറ്റൊരു പരിഹാരം. അതൊരു കൃത്യമായതും തീവ്രമായതുമായ ആയുധം ആയത് കൊണ്ടാണ് ഇന്ന് ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ യാതൊരു മറവും കൂടാതെ സമൂഹത്തില്‍ ആരോപിക്കപ്പെടുന്നത്. ഇത് കേവലമായ ഒരു മുസ്ലിം-ഹിന്ദു പ്രശ്‌നമായി കാണുന്നതില്‍ വലിയ അപകടമുണ്ട്.

ഉപജാതി പ്രശ്‌നം എന്നതിന്റെ കണക്കുകള്‍ എത്ര എന്നതിലേക്ക് പോകാതെ തന്നെ, പുന്നല ശ്രീകുമാര്‍ അതേക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍, ദളിത് ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നത് ജാതിക്കുള്ളിലെ ജാതി, അഥവാ ശ്രേണീകൃതമായ ജാതി വ്യവസ്ഥ തന്നെയാണെന്ന് മനസ്സിലാകും. ഇതൊരു വലിയ അപകടം പിടിച്ച മേഖലയാണ്. പഞ്ചമനു പഞ്ചമനില്‍ പഞ്ചമനോട് പാതിത്യം കാണിക്കാവുന്ന ഒരു പ്രൊവിഷന്‍ ഉള്ളതാണ് ജാതിവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതെന്ന് അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതായത് ഉപജാതി പ്രശ്‌നത്തിന് മതം മാറ്റം, സാമൂഹ്യപരിഷ്‌കരണം തുടങ്ങിയ ലളിതസമവാക്യങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുകയില്ല എന്ന് നമുക്ക് മനസ്സിലാക്കാം. പിന്നെ എങ്ങനെയാണ് ഉപജാതി പ്രശ്‌നം പരിഹരിക്കാനാകുന്നത്?

സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്നത്, അതിന്റെ പ്രതിസന്ധികള്‍ എല്ലാം തന്നെ അതിന്റെ കേവലമായ നിലനില്പില്‍ത്തന്നെ എഴുതിക്കിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. ഉപജാതി പ്രശ്‌നം അതിനുള്ളിലെ പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ ഒരു പ്രശ്‌നത്തെ മറികടക്കാന്‍ വേണ്ടത് പ്രധാനമായി മൂന്ന് കാര്യങ്ങളാണ് എന്ന് കരുതുന്നു; ഒന്ന്, ദളിത് സമൂഹം ഒന്നാകെ ഒരു ഒറ്റ രാഷ്ട്രീയബ്ലോക്ക് ആവുക എന്നതാണ്. മുപ്പത്തിയഞ്ചു ലക്ഷം ജനങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന വാദം തല്ക്കാലം മാറ്റിവെക്കാം.

രണ്ട്, പ്രാതിനിധ്യ സ്വഭാവമുള്ള ആന്തരിക സംഘടനാ സംവിധാനം കൊണ്ട് വരിക, മൂന്ന്, ദളിത് സംഘടനകള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന കിടമത്സരം അവസാനിപ്പിക്കുക. ഇവയ്ക്കര്‍ത്ഥം ബഹുസ്വരതയെ നശിപ്പിക്കുക എന്നല്ല, മറിച്ച് സാമൂഹിക രാഷ്ട്രീയ അധികാരങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കുക എന്നതാണ്. ഇപ്പോള്‍ ഏതൊരു ഡോമിനന്റ് സംഘടനയ്ക്കും ദളിത് ആവശ്യങ്ങളെ മറികടക്കാന്‍ കഴിയുന്നത് ദളിതിലെ ഭിന്നിപ്പിനെ മുതലെടുത്തു കൊണ്ടാണ്.

ഈ ഒരു നിലപാട് ദളിത് സമൂഹങ്ങള്‍ക്കുള്ളില്‍ ഒരു രാഷ്ട്രീയ അജണ്ട ആയി മാറിയാല്‍ മാത്രമേ ദളിത് എന്നത് ഒരു സാമൂഹികശക്തി കൂടി ആയി മാറുകയുള്ളൂ. പുന്നല ശ്രീകുമാര്‍ ഈ വിഷയത്തെ കുറേക്കൂടി ക്ലോസെര്‍ റ്റു ഹോം നിലപാടിലാണ് വിശകലനം ചെയ്യുന്നത്. സംഭാഷണത്തില്‍ ഒരിടത്ത് പറയുന്നത് ഒരു ത്രിതല പരിപാടിയെക്കുറിച്ചാണ്. അതായത്, പുലയ സമുദായത്തിന്റെ സംഘടന എന്ന നിലയിലും മഹാത്മാ അയ്യന്‍കാളിയുടെ പൈതൃക സംഘടന എന്ന നിലയിലും കെ.പി.എം.എസ് ഉദ്യമിക്കുന്നത് മൂന്ന് കാര്യങ്ങളാണ്; ഒന്ന്, സമുദായത്തിനുള്ളിലെ പരിഷ്‌കരണ പരിപാടികള്‍, രണ്ട്, സമുദായത്തിന്റെ വിദ്യാഭ്യാസം, മൂന്ന്, സ്ഥാപനസൃഷ്ടി.

യഥാര്‍ത്ഥത്തില്‍ പുന്നല ശ്രീകുമാര്‍ വലിയൊരു സാമൂഹ്യമാറ്റത്തിന് വഴിതെളിക്കാന്‍ കഴിയുന്ന ചാലകശക്തിയാകാന്‍ പോകുന്നത് ഈ പറഞ്ഞ മൂന്ന് കാര്യങ്ങളിലൂടെയാണ്. ഇത് പുലയ സമുദായത്തിന്റെ മാത്രം അജണ്ട ആകാതെ ദളിത് സമുദായങ്ങളുടെ മുഴുവന്‍ അജണ്ട ആവുകയും അതിനു വേണ്ട umbrella ഫൗണ്ടേഷനുകള്‍ ഉണ്ടാക്കുകയും വേണം. അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ഒക്കെ ‘വ്യവസായം’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് പുന്നല ശ്രീകുമാര്‍ പറയുന്ന മൂന്നാമത്തെ പരിഷ്‌കരണ പോയിന്റ് തന്നെയാണ്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് പുതിയ വ്യാവസായിക-ഡിജിറ്റല്‍ കാലത്ത് പ്രസക്തി ഉണ്ടാവുന്നിടത്തോളം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ്. അതിനായി വലിയൊരു ദളിത് enterprenuership ഉണ്ടായി വരികയും വേണം. ഇന്ന് കേരളത്തില്‍ ദളിത് സമൂഹങ്ങള്‍ അത്തരത്തില്‍ ചിന്തിക്കുന്നത് കുറവായിരിക്കുന്നു. ദളിത് ബുദ്ധിജീവിതത്തിന്റെ പോരായ്മയായി കാണേണ്ട ഒരു മേഖലയാണിത്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Johny Ml Writes on Dalit Society and Politics

ജോണി എം.എല്‍.

We use cookies to give you the best possible experience. Learn more