| Thursday, 29th April 2021, 8:36 pm

ദളിത് സാഹിത്യം മലയാളത്തില്‍

ജോണി എം.എല്‍.

ദളിത് ധൈഷണിക മണ്ഡലത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ വ്യക്തിപരമായ നിലയില്‍ ആരംഭിച്ച നാളുകളില്‍ ഒന്നിലാണ് ഭാമ എന്ന തമിഴ് എഴുത്തുകാരിയുടെ ‘കരുക്ക്’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ വായിക്കുന്നത്. അതിനുമുന്‍പ് തന്നെ ശരണ്‍ കുമാര്‍ ലിംബാളെയുടെ ‘അക്കര്‍മാഷി’യും ലക്ഷ്മണ്‍ ഗായ്ക്വാഡിന്റെ ‘ഉചാല്യ’യും കേന്ദ്ര സാഹിത്യ അക്കാദമി ലൈബ്രറിയില്‍ വെച്ച് പരിചയപ്പെട്ടിരുന്നു.

എങ്കിലും ഭാമയുടെ പുസ്തകം ആണ്, മലയാളി ആയതു കൊണ്ടാകണം, കൂടുതല്‍ പരിചതമായ ഒരു ഭൂമികയില്‍ സംഭവിക്കുന്നതായി തോന്നിയത്. ഒരു ദളിത് പരിസരത്തില്‍ നിന്ന് വരുന്ന വ്യക്തി അല്ലെങ്കില്‍പ്പോലും ഭാമയുടെ പുസ്തകത്തിലെ ബാല്യകാല അനുഭവങ്ങള്‍ ഏതാണ്ട് ഒരു മലയാളി കുട്ടി, അവന്‍/അവള്‍ ഏത് സാമൂഹിക പരിസരത്തു നിന്ന് വരുന്നതായാലും, സാത്മ്യപ്പെടാന്‍ പോന്ന വിധത്തില്‍ സാദൃശ്യങ്ങള്‍ ഉള്ളതായിരുന്നു. എന്നാല്‍ ഓം പ്രകാശ് വാത്മീകിയുടെ ജൂട്ടന്‍ എന്ന ആത്മകഥ വായിക്കുമ്പോള്‍ അത്തരത്തിലുള്ള അനുഭവപരിസരമല്ല കാണുന്നത്. തികച്ചും വ്യത്യസ്തവും ഭീകരവും ആയ അനുഭവങ്ങള്‍ ഒരു കുട്ടിയ്ക്ക് ഉണ്ടാകുന്നത് ഞെട്ടലോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളു.

ഉത്തരേന്ത്യയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഒക്കെ ഉണ്ടായ ദളിത് ആത്മകഥാ സാഹിത്യത്തിന് സമാനതകള്‍ ഏറെയുണ്ട്. അത് സാമൂഹിക സാംസ്‌കാരിക സമാനതകളുടെ പ്രതിഫലനം തന്നെയാണ്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു ഏകതാനത ദളിത് രചനകളില്‍ കാണുവാന്‍ കഴിയുകയില്ല. ആ വൈവിധ്യത്തെ മുന്‍നിര്‍ത്തിയുള്ള ഒരു അവലോകനമാണ് ഈ ലേഖനത്തില്‍ ഞാന്‍ ഉദ്യമിക്കുന്നത്.

കേരളത്തിലെ ദളിത് സാഹിത്യത്തിനെ നാല് പ്രധാനപ്പെട്ട വിഭാഗങ്ങളായി തിരിക്കാം; ഒന്ന്, വീണ്ടെടുപ്പ് സാഹിത്യം, രണ്ട്, ആത്മകഥയും ജീവചരിത്രവും ഉള്‍പ്പെടുന്ന സാഹിത്യം, മൂന്ന്, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാഹിത്യ ജനുസ്സുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള രചനകള്‍, നാല്, പഠനങ്ങള്‍, ലേഖനങ്ങള്‍, അക്കാദമിക ഗവേഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാഹിത്യം.

നാടോടി സാഹിത്യം, നാടന്‍ പാട്ടുകള്‍, ജനപ്രിയ സംസ്‌കാരത്തിലെ ഇടപെടലുകള്‍ തുടങ്ങിയ ദളിത് പോപ്പ് കള്‍ച്ചര്‍ എന്നൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അല്പം ദീര്‍ഘമായി വ്യവഹരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അതിനെ ഈ ലേഖനത്തില്‍ പരിഗണിക്കുന്നില്ല.

ചെങ്ങന്നൂരാതി മുതല്‍ കാവാരികുളം കണ്ടന്‍ കുമാരന്‍ വരെ നീളുന്ന വീണ്ടെടുപ്പ് ചരിത്രമാണ് ദളിത് സാഹിത്യസംസ്‌കാരത്തെ സവിശേഷമായ രീതിയില്‍ സജീവമാക്കി നിര്‍ത്തുന്നത്. തൈക്കാട്ട് അയ്യാവ്, വൈകുണ്ഠ സ്വാമികള്‍, ആറാട്ട്പുഴ വേലായുധപ്പണിക്കര്‍ തുടങ്ങി സമുദായങ്ങള്‍ക്കുള്ളിലും ചെറുകിട പ്രസിദ്ധീകരണ ശാലകളിലോ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലോ ഒക്കെ കുടുങ്ങിക്കിടന്നിരുന്ന പല ദളിത്-പിന്നാക്ക സമുദായ നായകരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും ജീവിതവും സൃഷ്ടികളും വലിയൊരളവില്‍ കേരളത്തിലെ സാഹിത്യ-സാംസ്്കാരിക പരിസരത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു.

പൊയ്കയില്‍ അപ്പച്ചന്‍, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ വരെ പുതിയ കാലത്തിനനുസരിച്ചു വീണ്ടെടുക്കപ്പെടുകയും പഠനവിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, ദളിത് അഭിമാനബോധം പ്രാഗ്-ആധുനിക കൃതികളില്‍ ഉണ്ടായിരുന്നു എന്നുള്ള വാദങ്ങളെ, കേരളത്തില്‍ അടിമവ്യവസ്ഥിതി ഉണ്ടായിരുന്നതിനെ ഗ്ലോസ് ഓവര്‍ ചെയ്യാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന എതിര്‍വാദങ്ങളും ദലിത്പക്ഷത്തു നിന്നുണ്ടായി (ടി.ടി. ശ്രീകുമാറിന്റെ മാതൃഭൂമി ലേഖനവും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും ഓര്‍ക്കുക).

പൊയ്കയില്‍ അപ്പച്ചന്‍

അങ്ങനെ വീണ്ടെടുപ്പ് സാഹിത്യം ഇന്ന് ഒരുപക്ഷെ സമകാലിക ദളിത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ വ്യവഹാര ഉപകരണങ്ങളും പ്രയോഗവ്യവസ്ഥകളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. കേരളത്തിലെ ചെറുകിട പ്രസാധകര്‍ ഒക്കെയും ദളിത് വീണ്ടെടുപ്പ് സാഹിത്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ട് (ഉദാഹരണം മൈത്രി ബുക്ക്‌സ്).

രണ്ടാമത്തേത്, ദളിത് ആത്മകഥാ സാഹിത്യമാണ്. ഒരുപക്ഷെ ദളിത് സാഹിത്യ പ്രസ്ഥാനങ്ങളില്‍ ആദ്യം സജീവമായ വ്യവഹാരകേന്ദ്രങ്ങളായി ഉയര്‍ന്നുവന്നത് കൊണ്ടും അത് മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദളിത് വ്യക്തികള്‍ക്കും ആത്മകഥകള്‍ എഴുതാന്‍ പ്രചോദനം നല്‍കി എന്നത് കൊണ്ടും (സുജാത ഗിഡില, യാഷിക ദത്ത, മീനാ കന്ദസാമി തുടങ്ങിയവര്‍) ദളിത് ആത്മകഥാ സാഹിത്യം എന്നത് ഒരു തരത്തില്‍ അക്കാദമിക സാധുത നേടിയതും പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ടതും ആയ ഒരു ശാഖയാണ്.

അതിലേയ്ക്ക് കൂടുതല്‍ ആത്മകഥകളും ആത്മകഥാ സ്വഭാവമുള്ള സാഹിത്യസൃഷ്ടികളും വന്നുചേര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ ദളിത് ആത്മകഥാ സാഹിത്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടര്‍ ഒ.കെ. സന്തോഷ്, സ്വന്തം ആത്മകഥയെ ഇതിനകം രണ്ടോ മൂന്നോ പുസ്തകങ്ങളിലായി സംക്ഷേപിച്ചു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ആത്മകഥ എന്നതിന്റെ പരമ്പരാഗത സ്വഭാവത്തെ അട്ടിമറിച്ചു കൊണ്ട്, അത് ഒരു ഇടപെടലെന്ന നിലയിലും തുറന്നെഴുത്തെന്ന നിലയിലും ഉള്ള നീക്കങ്ങളും ഈ അടുത്തിടെ ഉണ്ടായി. രേഖാ രാജ് ട്രൂ കോപ്പി തിങ്കില്‍ എഴുതിയ ദീര്‍ഘമായ ആത്മകഥാ ലേഖനം രണ്ടു തലമുറകളിലെ ദളിത് അനുഭവങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നിലയിലാണ് വായിക്കപ്പെടേണ്ടത്.

ഒ.കെ. സന്തോഷ്

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ രണ്ടു ശ്രദ്ധേയമായ ദളിത് ആത്മകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു; ആദ്യം ഇറങ്ങിയത്, കെ.കെ. കൊച്ചിന്റെ ‘ഞാന്‍ ദളിതന്‍’ എന്ന ആത്മകഥയും രണ്ടാമത് ഇറങ്ങിയത് എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന ആത്മകഥയും ആയിരുന്നു. രണ്ടു രീതിയില്‍ സഞ്ചരിക്കുന്നവയാണ് ഈ ആത്മകഥകള്‍. കെ.കെ. കൊച്ചിനെ സംബന്ധിച്ചിടത്തോളം ‘ദളിതന്‍’ എന്ന പേര് തന്നെ ഒരു അടയാളപ്പെടുത്തല്‍ എന്ന നിലയിലാണ് പ്രയോഗിച്ചിരിക്കുന്നത്.

‘ഞാന്‍ നായര്‍’ എന്ന് പറയുന്നതിന് വിരുദ്ധമായ ഒരു സ്വത്വപ്രഖ്യാപനമായിട്ടാണ് അദ്ദേഹം ദളിതന്‍ എന്ന വിശേഷണപദം പുസ്തകത്തിന്റെ തന്നെ തലക്കെട്ടായി തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഒരു ദളിത് ബുദ്ധിജീവി എന്ന നിലയിലും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകന്‍, പ്രവര്‍ത്തകന്‍ എന്ന നിലകളിലും ഉള്ള തന്റെ കമിങ് ഓഫ് ഏജ് അഥവാ പക്വത ആര്‍ജ്ജിക്കലിന്റെ അനുഭവകഥനം കൂടിയാണത്. അതില്‍ തന്റെ ബാല്യകാല പരിതഃസ്ഥിതികളെക്കുറിച്ചുള്ള പരിദേവനം ഒരുപക്ഷെ ഇല്ല എന്ന് തന്നെ പറയാം.

കെ.കെ. കൊച്ച്

പിതാവും താനും തമ്മിലുള്ള ഒരു നിശബ്ദമായ സംവേദനമാണ് ഫോര്‍മേറ്റിവ് വര്‍ഷങ്ങളുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. അതെ സമയം ദളിതന്‍ എന്ന പുസ്തകം കേരളത്തില്‍ എവിടെയൊക്കെ ദളിത് ചലനങ്ങള്‍ ഉണ്ടായോ അതിനെയൊക്കെ രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്റ് കൂടിയായി വര്‍ത്തിക്കുന്നു. എന്നാല്‍ എതിര് എന്ന ആത്മകഥ വായിക്കുമ്പോള്‍ ഒരു ബുദ്ധിമാനായ വിദ്യാര്‍ത്ഥി എങ്ങനെ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തെ അന്തസ്സോടെയും എതിര്‍പ്പോടെയും മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് വായിക്കുമ്പോള്‍ത്തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്നത് സര്‍വകലാശാല ജീവിതത്തില്‍ അദ്ദേഹം നേരിടുന്ന ‘നായര്‍’ മനുഷ്യരെയാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ നിറയെ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും ആണെന്ന് തൊലി ചുളിയാതെ നമുക്ക് വായിക്കാന്‍ കഴിയില്ല. കുഞ്ഞാമന്റെ പുസ്തകം അദ്ദേഹത്തിന്റെ ഗുരു കൂടിയായ പ്രൊഫെസ്സര്‍ എം.ഒ. ഊമ്മന്റെ ആത്മകഥയായ ‘ഓര്‍മ്മപ്പടിക’ളുമായി ചേര്‍ത്തു വായിക്കുന്നത് നന്നായിരിക്കും.

എം. കുഞ്ഞാമന്‍

ദി ക്രിട്ടിക്കിന് ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കെ.കെ. കൊച്ച് മലയാള സാഹിത്യത്തിലെ നായര്‍ പ്രഭുത്വത്തെക്കുറിച്ചു പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അത് അനുഭവിക്കണമെങ്കില്‍ കുഞ്ഞാമന്റെ പുസ്തകവും എം.ഒ. ഊമ്മന്റെ പുസ്തകവും വായിച്ചാല്‍ മതി. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കെ.കെ. ബാബുരാജ് തന്റെ ലേഖനങ്ങളിലും ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്ന പുസ്തകത്തിലും എടുത്തുകാട്ടുന്ന ദളിത് ജീവിതം. അതില്‍ ദളിത് എന്ന പരിദേവനമോ അപകര്‍ഷതയോ കാട്ടുന്നതിന് പകരം കേരളത്തിന്റെ ദൃശ്യഭൂമിയ്ക്ക് കീഴെയുള്ള അദൃശ്യമായ ഇടങ്ങള്‍, അവയില്‍ ദളിതും, ലൈംഗികത്തൊഴിലാളികളും, അരാജകവാദികളും, ഭിന്നലൈംഗിക തൊഴിലാളികളും ഒക്കെ ഉള്‍പ്പെടുന്ന മറ്റൊരു കേരളത്തിന്റെ ഭൂപടമാണ് ബാബുരാജ് വരച്ചിടുന്നത്.

അതിന്റെ ആഖ്യാനത്തില്‍ ഒരു ദളിത് റോവിങ് ഐ ആണ് നമ്മള്‍ കാണുന്നത്. അത് എല്ലാം കാണുകയാണ്. അത് സവര്‍ണ്ണ ഭൂമികകളിലേയ്ക്ക് കടന്നു ചെല്ലുകയും അതുമായി ഇടപഴകുകയും അതെ സമയം ദളിത് ജീവിതങ്ങളുടെ ഭിന്നസ്വത്വം എന്താണെന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ പരിദേവനാത്മകമായ ആത്മകഥാ സാഹിത്യത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ ദളിത് ആത്മകഥാ സാഹിത്യം എന്ന് പറയേണ്ടിയിരിക്കുന്നു. കെ.കെ. കൊച്ച് പറയാതെ പറയുന്നത് അതിനുള്ള സാധ്യത ഉണ്ടാക്കിയത് ഇവിടത്തെ ഇടതുപക്ഷ ആശയങ്ങളുടെ ബൃഹദ് പശ്ചാത്തലം തന്നെയാണ് എന്നാണ്.

കെ.കെ. ബാബുരാജ്‌

മൂന്നാമത്തേത് പരമ്പരാഗത ആവിഷ്‌കാര രീതികളിലൂടെ ദളിത് സാഹിത്യം സൃഷ്ടിക്കുന്ന മേഖലയാണ്. കേരളത്തിലെ ദളിത് അനുഭവങ്ങളുടെ മൊത്തവ്യാപാരം നടത്തിയിരുന്നത് പുരോഗമന സാഹിത്യക്കാരായിരുന്നല്ലോ. തകഴിയുടെ രണ്ടിടങ്ങഴി പാര്‍ട്ടിയിലേക്ക് ഒരാളെക്കൂടി സംഭാവന ചെയ്തപ്പോള്‍, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പാര്‍ട്ടിയുടെ കൊടി പരമു ‘പിള്ളയുടെ’ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. ഒരുപക്ഷെ തകഴിയുടെ തോട്ടിയുടെ മകന്‍ ആയിരിക്കണം ദളിത് അനുഭവങ്ങളെ കുറെയേറെ എമ്പതിയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

ഇശ്ക്കു മുത്തുവിന്റെയും ചുടലമുത്തുവിന്റെയും ജീവിതം ഒരു ഡോക്കുമെന്ററി പോലെ അവതരിപ്പിക്കുന്നതല്ലാതെ, അവരുടെ ആത്മസംഘര്ഷങ്ങള്‍ക്ക് വ്യവഹാരസാധുത തകഴി നല്‍കുന്നില്ല. അങ്ങനെ വേണ്ടിവരുന്നിടത്തെല്ലാം ഒരു ‘കോറസ്’ എന്ന പോലെ തകഴിയുടെ വ്യാഖ്യാനങ്ങളും പ്രഖ്യാപനങ്ങളും ‘അവരെ’ നിജപ്പെടുത്തുകയാണ്. മോഹനന്‍ എന്ന പുതുതലമുറ തീട്ടപ്പാട്ട വലിക്കാതെ മറ്റൊരു ഉദയം കാണുമെന്നാണ് നോവലിസ്റ്റ് പ്രതീക്ഷിക്കുന്നത്. മോഹനന് എന്ത് സംഭവിച്ചുവെന്ന് സാഹിത്യത്തില്‍ പിന്നെയാരും ചോദിച്ചതുമില്ല.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമായ കണ്ടമ്പറയന്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദളിത് അവസ്ഥയെ വ്യക്തമായി സംക്ഷേപിക്കുന്നുണ്ട്. സ്ഥലത്തെ ഒരു തടി കാണാതെ പോകുന്നത് അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടമ്പറയന്‍ ഇങ്ങനെ പറയുന്നു: ഹന്തോന്ത്. ആ വാക്കിന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. എന്നാല്‍ വിപുലമായ ഒരു സാമൂഹ്യ ഇടപെടല്‍ നടത്താന്‍ അയാള്‍ക്ക് ആഗ്രഹമുണ്ട്. മലയാള സാഹിത്യത്തിലെ കാലിബന്‍ ആണ് കണ്ടമ്പറയന്‍. പക്ഷെ അയാള്‍ക്ക് ആരും ഭാഷ നല്‍കുന്നില്ല.

വൈക്കം മുഹമ്മദ് ബഷീര്‍

വിജയനിലേയ്ക്ക് വരുമ്പോള്‍ ചളുവട്ടടിച്ചു കുരുങ്ങിക്കിടക്കുന്ന കുട്ടാടന്‍ പൂശാരി ആയി മാറുകയാണ് കണ്ടമ്പറയന്‍. വി.കെ.എന്നിലെ ചാത്തനാകട്ടെ ജന്മിത്വവുമായി നിരന്തരമായി ഇടഞ്ഞു നില്‍ക്കുകയാണ്. പരസ്പരം വിട്ടുപോകാന്‍ കഴിയാത്ത ഒരു സാമൂഹികബന്ധമായാണ് അവിടെ നാണുമാനും ചാത്തനും അവതരിക്കുന്നത്. എന്നാല്‍ അപ്പോഴൊക്കെയും കേരളത്തില്‍ ദളിത് ജീവിതങ്ങളെ അകത്തു നിന്ന് തന്നെ ആവിഷ്‌കരിക്കുന്ന കഥകള്‍ ടി.കെ.സി വടുതലായും സി.അയ്യപ്പനും എഴുതിയിരുന്നു. ഷേക്‌സ്പീരിയന്‍ മാനങ്ങളുള്ള ആഖ്യാനമാണ് സി. അയ്യപ്പന്റേത്. പക്ഷെ അവരെ വീണ്ടെടുക്കാന്‍ പുതിയ നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു.

നാരായന്‍ എന്ന നോവലിസ്റ്റും രാഘവന്‍ അത്തോളി എന്ന കവിയും ആധുനികതയുടെ ഉച്ചസ്ഥായിയില്‍ കേരളത്തിലെ ദളിത് അനുഭവങ്ങളുടെ സാഹിത്യം സൃഷ്ടിച്ചെങ്കിലും സി. അയ്യപ്പന്‍ ഉണ്ടാക്കി വെച്ച അനുഭവമണ്ഡലത്തെ അത്രയും തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ തുടര്‍ന്ന് വന്ന പല ദളിത് എഴുത്തുകാര്‍ക്കും കഴിഞ്ഞില്ല. ഒരു പക്ഷെ സി. അയ്യപ്പന്റെ ശരിക്കുള്ള പിന്‍ഗാമികള്‍ എന്ന് പറയാന്‍ കഴിയുന്നത് എന്‍. പ്രഭാകരന്‍, ജി. ആര്‍ ഇന്ദുഗോപന്‍, ആര്‍. ഉണ്ണി തുടങ്ങിയവരാണ്. ഇന്ദുഗോപനും ഉണ്ണിയും പക്ഷെ കമേഴ്‌സ്യല്‍ എഴുത്തുകാര്‍ എന്ന നിലയിലേയ്ക്ക് വഴുതിപ്പോവുകയാണ് ഉണ്ടായത്.

സി. അയ്യപ്പന്‍

പി.എഫ് മാത്യൂസ്, ഫ്രാന്‍സിസ് നൊറോണ എന്നിവരാണ് ദളിതര്‍ അല്ലെങ്കിലും പാര്‍ശ്വവത്കൃത ജീവിതങ്ങളുടെ കഥകള്‍ എഴുതിയത്. സാറാ ജോസഫ് ദളിത് വിഷയങ്ങള്‍(മാറ്റത്തി, ബുധിനി) എഴുതിയെങ്കിലും ഒരു കേരളാ മഹാശ്വേതാ ദേവിയാകാനേ അവര്‍ക്ക് ആയുള്ളൂ. അവരുടെ രചനകളെ ദളിത് സ്ത്രീ സൈദ്ധാന്തികര്‍ എങ്ങനെ കാണും എന്നുള്ളതിനെക്കുറിച്ച് എനിയ്ക്ക് അത്ര പിടിയില്ല. പുതിയ തലമുറയില്‍പ്പെട്ട എം.ബി. മനോജ് തന്റെ ജാഗ എന്ന നോവലിലൂടെയും കഥകളിലൂടെയും ദളിത് കോളേജ് വിദ്യാര്‍ത്ഥി ജീവിതത്തെക്കുറിച്ചും മലയോര പ്രദേശങ്ങളിലെ ദളിത് ജീവിതങ്ങളെക്കുറിച്ചും വ്യക്തമായ ദളിത് നിലപാടുകള്‍ അവതരിപ്പിച്ചു. ഷാജു നെല്ലായി ‘നിഷീദ’ എന്ന നോവലിലൂടെ മഹാഭാരതത്തിനെ ഒരു ദളിത് വീക്ഷണത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു.

കവികളാണ് ഒരുപക്ഷെ ദളിത് അനുഭവങ്ങളെ ഏറ്റവും അധികം ദൃശ്യപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. എസ്. ജോസഫ്, എസ്. കലേഷ്, എം.ആര്‍. രേണുകുമാര്‍, ബിനു എം പള്ളിപ്പാട്, സി.എസ്. രാജേഷ്, വിജില, സന്ദീപ് കെ. രാജ്, സത്യന്‍ കോമല്ലൂര്‍ തുടങ്ങി അനേകം കവികള്‍ (എല്ലാവരുടെയും പേര് ഓര്‍മ്മയില്‍ വരുന്നില്ല) കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയും സാമൂഹ്യമാധ്യമങ്ങളില്‍ അവതരിപ്പിച്ചും ദളിത് കാവ്യമേഖലയെ സജീവമാക്കി നിര്‍ത്തുന്നു. സി.എസ് രാജേഷ് സമര കവിത, അരളി തുടങ്ങിയ സംഘാടനങ്ങളിലൂടെ മറ്റു കവികളുടെ സഹകരണത്തോടെ ദളിത് അനുഭവങ്ങളുടെ കാവ്യഭാഷയെ പറഞ്ഞും പാടിയും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

പ്രദീപന്‍ പാമ്പിരിക്കുന്ന്

രാഷ്ട്രീയപരമായി ചിലപ്പോഴെങ്കിലും പക്വത ആര്‍ജ്ജിക്കാതെ വൈകാരികതയില്‍ അഭിരമിക്കാനുള്ള പ്രവണത ദളിത് കവികള്‍ കാട്ടുന്നുണ്ട്. വീണ്ടെടുപ്പുകളുടെ ഭാഗമായി പരിദേവനാഭരിതമായ കവിതകള്‍, ആത്മനിഷ്ഠമായ പറച്ചിലുകള്‍ ഒക്കെ കവിതയില്‍ വന്നു കയറുന്നുണ്ട്. ദളിത് സ്ത്രീപക്ഷ കവിതകളാണ് കുറേക്കൂടി സാമൂഹിക-രാഷ്ട്രീയ ബോധം വെച്ച് പുലര്‍ത്തുന്നത് എന്ന് തോന്നാറുണ്ട്. ദളിത് സഹയാത്രികരായുള്ള കവികളും ധാരാളമായുണ്ട്; ഡി. അനില്‍കുമാര്‍, അശോകന്‍ മറയൂര്‍, ഡി. യേശുദാസ്, പി.വൈ. ബാലന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ദളിത് പക്ഷത്തോട് അടുത്തു നില്‍ക്കുന്ന കവികളാണ്.

നാലാമത്തെ വിഭാഗമായ ദളിത് വൈജ്ഞാനിക സാഹിത്യം വളരെ ശ്രദ്ധേയമായ സംഭാവനകള്‍ ആണ് നല്‍കിയിട്ടുള്ളത്. ടി.എച്.പി ചെന്താരശ്ശേരിയ്ക്ക് ശേഷം വന്ന ഇനിയും മുഖ്യധാരാ പരിഗണിച്ചിട്ടില്ലാത്ത അനേകം എഴുത്തുകാര്‍ ദളിത് പഠനങ്ങളുമായി മുന്‍പോട്ടു പോയിട്ടുണ്ടെന്ന് ചെറുകിട പ്രസാധകശാലകള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാകും. പ്രദീപന്‍ പാമ്പിരിക്കുന്ന് എന്ന പ്രതിഭാശാലിയായ വിമര്‍ശകനാണ് ദളിത് പരിപ്രേക്ഷ്യത്തിലൂടെയുള്ള സാംസ്‌കാരിക പഠനത്തിന് വമ്പിച്ച പ്രചാരം നല്‍കുന്നതിന് തുടക്കം കുറിച്ചത്.

മലയാളിയുടെ ഭാവനയെ തൊട്ടു തലോടുന്നതും സാംസ്‌കാരികമായ അബോധത്തെ സൃഷ്ടിക്കുന്നതുമായ സിനിമാഗാന ശാഖയിലെ സവര്‍ണ്ണ ബോധത്തെ ഇഴകീറി പരിശോധിച്ചുകൊണ്ട്, മലയാള ജനപ്രിയ ഭാവനയുടെ സാഹിത്യമായ വയലാറിനെയും ശബ്ദമായ യേശുദാസിനെയും വിചാരണചെയ്തു കൊണ്ട് അദ്ദേഹം എഴുതിയ ഏകജീവിതാനശ്വരഗാനം എന്ന പഠനഗ്രന്ഥം വളരെ വിലമതിക്കേണ്ടതാണ്. എരി എന്ന പേരില്‍ അദ്ദേഹം എഴുതിയ നോവല്‍ ഒരുപക്ഷെ എസ്. ഹരീഷിന്റെ മീശയെക്കാള്‍ ഒരുപടി കൂടി മുന്‍പില്‍ നില്‍ക്കുന്നതാരാണെന്നു പറയേണ്ടി വരും.

ഡോക്ടര്‍ എ.കെ. വാസു, ഡോക്ടര്‍ കെ.എസ്. മാധവന്‍, മായാ പ്രമോദ്, രേഖാ രാജ്, രാജേഷ് ചിറപ്പാട്, രാജേഷ് കെ എരുമേലി തുടങ്ങി അനേകം യുവ അക്കാദമിക്കുകള്‍ ദളിത് അക്കാദമിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കേരളസമൂഹത്തെ ദളിത് പരിപ്രേക്ഷ്യത്തില്‍ ഇഴപിരിച്ചു കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കാസ്റ്റ്; ദി ഒറിജിന്‍സ് ഒഫ് ഡിസ്‌കണ്ടെന്റ് എന്ന പുസ്തകത്തിന്റെ രചയിതാവായ ഇസബെല്‍ വില്‍ക്കേഴ്‌സണ്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക, ഈ പുസ്തകത്തില്‍ താന്‍ ഒരു പ്രമുഖ വ്യക്തിയെ ടൈം മാഗസിന് വേണ്ടി അഭിമുഖം ചെയ്യാന്‍ പോകുന്നത് പറയുന്നുണ്ട്. നിശ്ചിത സമയത്തിനും മുന്‍പ് അവര്‍ അവിടെയെത്തി. ടൈംസ് മാഗസിനില്‍ നിന്നാകയാല്‍, ആ മനുഷ്യനും കൃത്യസമയത്ത് എത്തി. ഇസബെല്‍ അയാളെ സമീപിച്ചു. പക്ഷെ അയാള്‍ പറഞ്ഞു എനിക്കിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ സമയമില്ല, കാരണം ഞാന്‍ ടൈം മാഗസിനില്‍ നിന്ന് ഒരു ജേണലിസ്റ്റിനെ. കാത്തിരിക്കുകയാണ് അത് താനാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവഗണിക്കുകയാണുണ്ടായത്.

കാരണം ടൈം മാഗസിനില്‍ നിന്ന് കറുത്ത ഒരു യുവതിയാകും വരുന്നതെന്ന് അയാള്‍ കരുതിയിരുന്നില്ല. സ്വന്തം രാജ്യത്ത് സ്വയം വാദിച്ചു അസ്തിത്വം വെളിപ്പെടുത്തേണ്ടുന്ന ഗതികേടാണ് അവര്‍ക്കുണ്ടായത്. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ ഉടനീളം ദളിത് അനുഭവങ്ങള്‍ക്ക് ഭാഷയിലൂടെ ആവിഷ്‌കൃതമാവുക എന്ന ദൗത്യം മാത്രമല്ല മറിച്ച് ആ ഭാഷയില്‍ നിന്ന് സാംസ്‌കാരികമായ അനുഭവമായും സാമൂഹികമായ അനുഭവമായും സ്വയം വിവര്‍ത്തനം ചെയ്യേണ്ട ഒരു അവസ്ഥ കൂടി ഉണ്ട്. ദളിത് സാഹിത്യത്തിന് ഒരുതരം പെര്‌ഫോര്മറ്റിവ് സ്വഭാവം കൂടി ഇങ്ങനെ വന്നു ചേരുന്നു.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Johny ML Writes on Dalit Literature in Kerala

ജോണി എം.എല്‍.

We use cookies to give you the best possible experience. Learn more